ജസ്റ്റിസ് എം. ഫാത്തിമ ബീവി; ജന്മനാടിനെ ഏറെ സ്നേഹിച്ച വനിത
text_fieldsപത്തനംതിട്ട: ഉന്നതസ്ഥാനങ്ങളുടെ തിരക്കുകളിലും വീടിനെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള തെളിമയാർന്ന സ്മരണകൾ ഫാത്തിമ ബീവി പങ്കുവെച്ചിരുന്നു ‘‘പത്തനംതിട്ടയിലെ അണ്ണാവീടെന്ന സ്വഭവനത്തിനും പത്തനംതിട്ട മിഡിൽ സ്കൂളിനുമിടയ്ക്ക് ഒരു പുരയിടമേ ഉണ്ടായിരുന്നുള്ളൂ. അത് തങ്ങളുടെ കളിസ്ഥലമായിരുന്നു. ഇപ്പോഴത്തെ മിനിസിവിൽ സ്റ്റേഷന്റെ എതിർവശത്തായിരുന്നു മിഡിൽ സ്കൂൾ, സ്കൂളിനു മുന്നിലെ അരയാൽത്തറയ്ക്കു ചുറ്റും വൃശ്ചിക മാസമായാൽ ശബരിമല തീർഥാടകർ നിറയും.
പെൺകുട്ടികൾക്ക് കോളജ് വിദ്യാഭ്യാസത്തിന് തിരുവനന്തപുരം വിമൻസ് കോളജ് മാത്രം. അന്ന് കുമ്പഴ പാലമില്ല. ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോൾ ആറ് കവിഞ്ഞൊഴുകും.
മഴവെള്ളത്തിൽ കടത്ത് വലിയൊരനുഭവമായിരുന്നു. തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിന്റെ പരിസരത്ത് അന്ന് ഉണ്ടായിരുന്നത് വളരെക്കുറച്ചു വീടുകൾ. ഇപ്പോഴത്തെ പൊലീസ് ക്വാർട്ടേഴ്സിനു മുന്നിലെ പാലം അന്നില്ല. വയലുകളായിരുന്നു അവിടമാകെ. കല്ലറക്കടവിലാണ് കുളിക്കാൻ പോയിരുന്നത്. മഴക്കാലത്ത് കല്ലറക്കടവിലൂടെ അച്ചൻകോവിലാറ് നിറഞ്ഞൊഴുകുന്ന മനോഹര കാഴ്ചയായിരുന്നു’’.വിവിധ മതവിഭാഗങ്ങൾ ഇടകലർന്നു കഴിഞ്ഞിരുന്ന പത്തനംതിട്ട എന്നും തികഞ്ഞ ജാതി മതസൗഹൃദങ്ങളുടേ നാടാണന്നും ഫാത്തിമാ ബീവി പറയുമായിരുന്നു.
വ്യക്തിമുദ്ര പതിപ്പിച്ച വനിതകളിൽ ജസ്റ്റിസും
പത്തനംതിട്ട: വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകളില്‍ ജസ്റ്റിസ് എം. ഫാത്തിമാ ബീവിയെയും ഉൾപ്പെടുത്തി സാംസ്കാരിക വകുപ്പ് ആദരിച്ചിരുന്നു. സമൂഹത്തിന്റെ സമസ്തമേഖലകളിലും 'സ്ത്രീ-പുരുഷ സമത്വം' പ്രചരിപ്പിക്കുന്നതിന് സാംസ്കാരിക വകുപ്പ് നടത്തിയ 'സമം' പരിപാടിയയുടെ ഭാഗമായാണ് വനിതകളെ തെരഞ്ഞെടുത്ത് ആദരിച്ചത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ ഫാത്തിമാ ബീവിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടർന്ന് 2021 ആഗറ്റ് 10 ന് പത്തനംതിട്ടയിലെ വസതിയില്‍ നേരിട്ടെത്തി മന്ത്രി സജി ചെറിയാന് മൊമന്റോയും പൊന്നാടയും നല്കി ആദരവ് അറിയിച്ചു. 11 വനിതകളില്‍ ഒരാളായി തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി പ്രതികരിച്ചിരുന്നു.സമം പരിപാടിയുടെ ഭാഗമായി ഫാത്തിമാ ബീവിയുടെ ജീവചരിത്രം ഡോക്യൂമെന്ററിയാക്കി പ്രകാശനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.