കളരിത്തട്ടിലെ പെൺചുവടുകൾ
text_fieldsആരിഫ അങ്കത്തട്ടിൽഈയിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയുണ്ട്. ഉറുമിവീശിയും ഉയർന്നുചാടി വാൾ ചുഴറ്റിയും ത്രസിപ്പിക്കുന്ന പ്രകടനം നടത്തുന്ന ഒരു പെൺകുട്ടിയുടെ കളരിയഭ്യാസങ്ങൾ. തലശ്ശേരിയിൽ നടന്ന പൊന്ന്യത്തങ്കത്തിന്റെ വേദിയിൽ മെയ്വഴക്കംകൊണ്ടും അഭ്യാസംകൊണ്ടും വൈറലായ അൻഷിഫ. പ്രശസ്ത കളരി പരിശീലകൻ ഹംസത്തലി ഗുരുക്കളുടെ കൊച്ചുമകൾ. എച്ച്.ജി.എസ് കളരിസംഘത്തിന്റെ നായകൻ ഹനീഫ ഗുരുക്കളുടെ മകൾ. വിദേശ രാജ്യങ്ങളിൽപോലും കളരിയഭ്യാസത്തിൽ പേരെടുത്തവരാണ് ആരിഫ കൊടിയിലും സഹോദരി അൻഷിഫ കൊടിയിലും. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പെൺകരുത്തുകൾ.
കളരിയുടെ കാവൽ
എടപ്പാൾ ടൗണിൽനിന്ന് പൊന്നാനി റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഹനീഫ ഗുരുക്കളുടെ കളരിയിലെത്താം. പിതാവ് ഹംസത്തലി ഗുരുക്കൾ സ്ഥാപിച്ച എടപ്പാളിലെ എച്ച്.ജി.എസ് കളരിസംഘത്തെ ഇന്ന് നയിക്കുന്നത് ഈ സഹോദരിമാരാണ്. ഉപ്പയുടെ കൈപിടിച്ച് കളരിയിലെത്തിയ അൻഷിഫയും ആരിഫയും ഇന്ന് 65ലധികം പെൺകുട്ടികൾക്ക് ആയോധന കലയുടെ ചുവടുകൾ പറഞ്ഞുകൊടുക്കുന്നുണ്ട്. മൂന്നു മക്കളാണ് ഹനീഫ ഗുരിക്കൾക്ക്- ആരിഫ, ആഷിഫ്, അൻഷിഫ. മൂത്തമകൾ ആരിഫയാണ് കളരിയിൽ പെൺകുട്ടികൾക്കുള്ള അഭ്യാസങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കളരിയിൽ പെൺകുട്ടികൾക്കെന്തു കാര്യം!
ഹനീഫക്കും മക്കൾക്കും ജീവിതത്തിലെ മറക്കാനാകാത്ത വർഷങ്ങളിൽ ഒന്നാണ് 2008. തിരുനാവായ മണൽപ്പുറത്ത് 2008ൽ കളരിമഹോത്സവം നടന്നിരുന്നു. അന്ന് ഹനീഫ പതിവിൽ കവിഞ്ഞ ആവേശത്തിലായിരുന്നു. മക്കളായ ആരിഫയുടെയും അൻഷിഫയുടെയും അരങ്ങേറ്റം നടക്കുന്ന ദിവസം. സഹോദരൻ ആഷിഫ് സഹോദരിമാരുടെ അരങ്ങേറ്റം കേമമാക്കാൻ അവസാനഘട്ട നിർദേശങ്ങൾ നൽകുന്നു. ആരിഫക്ക് 12ഉം അൻഷിഫക്ക് എട്ടും ആഷിഫിന് 15മാണ് പ്രായം.
പതിനായിരങ്ങളുടെ മുന്നിലേക്ക് സഹോദരിമാർ അങ്കവസ്ത്രവുമണിഞ്ഞെത്തിയപ്പോൾ മണൽപ്പുറത്തെത്തിയ കാണികളുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു. കളരിയിൽ പെൺകുട്ടികൾക്കെന്ത് കാര്യമെന്നായിരുന്നു പലരുടെയും ചോദ്യം. ആത്മവിശ്വാസവും മനഃശക്തിയും ആവാഹിച്ച് ഈ സഹോദരിമാർ പ്രകടനം കാഴ്ചവെച്ചപ്പോൾ കാണികൾ ആവേശത്തിലായി. അതൊരു തുടക്കം മാത്രമായിരുന്നു. 15 വർഷങ്ങൾക്കിപ്പുറം പലനാടുകളിൽനിന്നുള്ള നിരവധി പെൺകുട്ടികളാണ് ഇവരെത്തേടി പരിശീലനത്തിനെത്തുന്നത്. സൂര്യോദയം മുതൽ തുടങ്ങുന്ന പരിശീലനം സൂര്യാസ്തമയത്തോടെയാണ് അവസാനിക്കുന്നത്. വിവിധ ബാച്ചുകളിലായി പല പ്രായക്കാർ ഇവരുടെ ശിക്ഷണത്തിൽ കളരി പഠിക്കുന്നുണ്ട്. ഒട്ടേറെ സ്ഥലങ്ങളിൽ സ്റ്റേജുകളിൽ ഈ സംഘം അഭ്യാസങ്ങൾ നടത്തിക്കഴിഞ്ഞു. 2014ൽ 32 രാഷ്ട്രങ്ങൾ സംബന്ധിച്ച ഡൽഹിയിൽ നടന്ന ഇന്റർനാഷനൽ മാർഷൽ ആർട്സ് ഗെയിംസിൽ കളരിയെ പ്രതിനിധാനം ചെയ്ത് എച്ച്.ജി.എസ് കളരിസംഘം പങ്കെടുത്തിരുന്നു.
തുടക്കം ആരിഫയിൽനിന്ന്
വല്ല്യുപ്പ ഹംസത്തലി ഗുരുക്കളുടെ കൈപിടിച്ചാണ് ആരിഫ കളരിയിൽ തുടക്കം കുറിക്കുന്നത്. എന്നാൽ, പ്രതിസന്ധികൾ പലതുണ്ടായി. ഒരു മുസ്ലിം പെൺകുട്ടി കളരി പഠിക്കുന്നത് പലരിലും നീരസമുണ്ടാക്കി. എന്നാൽ, തന്റെ അഭ്യാസങ്ങൾകൊണ്ടും ആത്മവിശ്വാസംകൊണ്ടും അതിനെയെല്ലാം ആരിഫ മറികടന്നു. പിന്നീട് ഉപ്പയുടെ ശിക്ഷണത്തിൽ കഠിന പരിശീലനങ്ങൾ.
എടപ്പാളിലെ കളരിയിൽ ആരിഫ മാത്രമായിരുന്നു അന്ന് പെൺ പോരാളി. എന്നാൽ, മെയ്ത്താരിയും കോൽത്താരിയും അങ്കത്താരിയുമെല്ലാം പരിശീലിക്കുമ്പോൾ കൂട്ടിനായി ഒരാൾകൂടി വേണമായിരുന്നു. സഹോദരനും കളരിസംഘത്തിലെ മറ്റു ആൺകുട്ടികളുമായിരുന്നു പരിശീലനത്തിന് കൂട്ട്. ആരിഫ നാലുതവണ നാഷനൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. നാലുവട്ടവും ചാമ്പ്യൻപട്ടവും നേടി. ഇന്റർനാഷനൽ മാർഷൽ ആർട്സ് ഗെയിംസിൽ ഇന്ത്യക്കായി വെള്ളി മെഡലും സ്വന്തമാക്കി. ഖേലോ ഇന്ത്യയിൽ മൂന്നുതവണ പങ്കെടുത്തു. ഒപ്റ്റോമെട്രി ബിരുദധാരിയായ ആരിഫ ഇപ്പോൾ ഭർത്താവ് ശമീറിനൊപ്പം പാലക്കാട് ചെക്കന്നൂരിലാണ് താമസം.
അൻഷിഫയുടെ കളരിലോകം
വേദികളിൽനിന്നും വേദികളിലേക്കുള്ള ഓട്ടത്തിലാണ് ഇന്ന് അൻഷിഫ കൊടിയിൽ. ഹനീഫയാണ് അൻഷിഫയെ കളരിയിലേക്ക് കൊണ്ടുവന്നത്. ഉപ്പയും സഹോദരങ്ങളും കളരി പരിശീലിക്കുന്നത് കണ്ടുവളർന്ന അൻഷിഫക്ക് പിന്നീട് കളരി ജീവിതത്തിന്റെ ഭാഗമായി. സഹോദരി ആരിഫ തെളിച്ച വഴിയിലൂടെയായിരുന്നു ഈ കലാകാരിയുടെ സഞ്ചാരം. അഞ്ചാംതരം മുതൽ മത്സരവേദികളിൽ നിറസാന്നിധ്യമാണ് ഈ കലാകാരി. ജില്ല ചാമ്പ്യൻഷിപ്, സ്റ്റേറ്റ് ചാമ്പ്യൻഷിപ്, ദേശീയ ചാമ്പ്യൻഷിപ്, ഇന്റർനാഷനൽ ചാമ്പ്യൻഷിപ് എന്നിങ്ങനെ എല്ലാ വേദികളിലും അൻഷിഫയുണ്ടാകും. ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ സ്വർണം നേടി. നിരവധി ചാനൽ പരിപാടികളിലും ഭാഗമായി. പല വിദേശരാജ്യങ്ങളിലും കളരി അവതരിപ്പിക്കുകയും ചെയ്തു.
മക്കള് ലോകം മുഴുവൻ കളരി അവതരിപ്പിക്കുമ്പോൾ ഹനീഫ, ഉപ്പയുടെ ഓർമക്കായി സ്ഥാപിച്ച എച്ച്.ജി.എസ് കളരിസംഘം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. എടപ്പാളിൽ കൂടാതെ തിരുനാവായ, താനൂർ, പാലക്കാട്, തൃച്ചി, ദുബൈ, ഒമാൻ, മസ്കത്ത് എന്നിവിടങ്ങളിലും ഇവർക്ക് പരിശീലന കേന്ദ്രങ്ങളുണ്ട്. ഹനീഫ ഗുരുക്കളുടെ ഭാര്യ മൈമൂന കളരി അഭ്യസിച്ചിട്ടില്ലെങ്കിലും കളരിയടവുകളും മർമചികിത്സയും പരിചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.