മണ്‍റോ തുരുത്തിന്റെ കണ്ടലമ്മ
text_fieldsപലമട്ടിലുള്ള പച്ചത്തോരണങ്ങള്‍ കൊണ്ടലങ്കരിച്ച കരിനീല ജലപ്പരപ്പ്. അമര്ന്നനങ്ങാതെ ശാന്തമായി കിടക്കുന്ന അതിന്റെ വിശാലതയില്‍ തുഴകളാല്‍ ഇക്കിളിയൊച്ചയുണ്ടാക്കി, പതിഞ്ഞ താളത്തില്‍ നെടുകയും കുറുകെയും നീങ്ങുന്ന വള്ളങ്ങള്‍. പരുന്തും കൊറ്റിക്കൂട്ടങ്ങളും നീര്‍കാക്കകളും മറ്റും ചിറകടിച്ചാനന്ദിക്കുന്ന ആകാശം. ആറും തോടും വരമ്പും വയല്ച്ചാലും പാലവും കായലും എന്നൊക്കെ പേരുകള്‍ മാറിമാറി വിളിക്കാനാകുംവിധം കരവെള്ളത്തില് എഴുതിയ ഭൂമിയുടെ ചിത്രങ്ങള്‍.
അവിടെ കായലാഴത്തില് തിമിര്‍ക്കുന്ന കൊഞ്ചുണ്ട്, കരിമീനുണ്ട്, അടിത്തട്ടിൽ പരന്നുകിടക്കുന്ന കക്കസമൃദ്ധിയുണ്ട്. പിന്നെ, ഈ വിശേഷഭൂമികയെ ചുറ്റിപ്പറ്റി ജീവിതം തുഴഞ്ഞുകഴിയുന്ന നിരവധി മനുഷ്യരും. എട്ടു തുരുത്തുകളെ കല്ലടയാറും അഷ്ടമുടിക്കായലും ചേര്‍ന്ന് വട്ടം ചുറ്റിപ്പിടിച്ചിരിക്കുന്ന, വെള്ളപ്പരപ്പില്‍ വേരുകൂമ്പാരങ്ങളാല് എഴുന്നുനില്ക്കുന്ന കണ്ടല്ക്കൂട്ടങ്ങളുടെ തുരുത്ത്, മൺറോ തുരുത്ത്. ഇവിടെയാകെ കണ്ടലിന്റെ ചന്തം തേച്ചതിന്റെ ക്രെഡിറ്റുമായി ആരോരുമറിയാതെ അഷ്ടമുടിക്കായലോരത്ത് ഒരാള്‍ ഇരിപ്പുണ്ട് –മണിയമ്മ.
ചെമ്മീന്‍കെട്ടിലെ ജീവിതം
മണിയമ്മ കണ്ടലമ്മയായി പരിണമിച്ചതിന്റെ കഥ അവര്‍തന്നെ പറഞ്ഞുതരും. മുപ്പതു കൊല്ലം മുമ്പാണ്. ചവറയില്‍നിന്ന് കല്യാണപ്പെണ്ണായി വന്നുകയറിയ കാലം. ഇരുപതിലേക്ക് എത്തുന്നതേയുള്ളൂ. തീര്‍ത്തും അപരിചിതമായ ജീവിതചുറ്റുപാടിലേക്കാണ് അന്ന് അനിയന്‍കുഞ്ഞിന്റെ ഭാര്യയായി മണക്കടവിലെ ഈ കായലോരപ്പുരയിലേക്ക് ഇവര്‍ കൈപിടിച്ചുകയറുന്നത്.
‘‘അന്ന് ഇങ്ങനയേ അല്ല തുരുത്ത്. ആളറിയാത്ത, ആരും വരാത്ത ഒരിടം. വിനോദസഞ്ചാരത്തിന്റെ ഭൂപടത്തില്‍ പോയിട്ട് അയല്ദേശക്കാരുടെപോലും ചെവിയില്‍ പതിഞ്ഞിട്ടില്ല ഇവിടം. വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമായിരുന്നു ഇവിടെ താമസം. ചെമ്മീന്കൃഷിയായിരുന്നു അനിയന്കുഞ്ഞെന്ന് നാട്ടുകാര്‍ വിളിക്കുന്ന ചിത്രരാജന്‍. പുരയിടത്തിനു മുന്നിലുള്ള സ്ഥലംമുഴുവൻ ചെമ്മീന്കെട്ടാണ്. അതിലൊന്നിലായിരുന്നു ഉപജീവനം.’’
കായലോളങ്ങള്‍
കായല്‍പ്പരപ്പിനെ വകഞ്ഞുമാറ്റിയിട്ട വലിയ മണ്വരമ്പുകളിലാണ് ചെമ്മീന്കെട്ടിനെ സംരക്ഷിച്ചുപോന്നിരുന്നത്. ചുറ്റും ചളിയുയര്ത്തിക്കെട്ടിയിടുന്ന വരമ്പതിരുകള് പക്ഷേ, പാഞ്ഞിളകിവരുന്ന കായലോളങ്ങള്‍ തല്ലിത്തകര്‍ക്കും. പകല്‍ മുഴുവന്‍ അത്യധ്വാനമെടുത്ത് നിര്‍മിച്ചെടുക്കുന്ന ചളിവരമ്പുകളെ ഒറ്റരാത്രികൊണ്ടുതന്നെ കുത്തിമറിച്ചിടുകയായിരുന്നു അന്ന് അഷ്ടമുടിക്കായലിലെ ഓളങ്ങള്‍. ചെമ്മീന്‍കൃഷി അവതാളത്തിലായി. ചളിയതിര് തകര്‍ത്തെത്തിയ കായല്‍ മണിയമ്മയുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് തിരയടിച്ചുകയറി.
ഓളങ്ങളുടെ ആക്രമണം തടുക്കാന്‍ ഇനിയെന്തു വഴി എന്ന ചിന്ത പലവഴിക്കു പാഞ്ഞു. അങ്ങനെ അന്വേഷിച്ചന്വേഷിച്ചാണ് ‘കണ്ടല്പ്രതിരോധം’ എന്ന ആശയത്തിലേക്ക് ഇവരെത്തിച്ചേര്‍ന്നത്.
കണ്ടല്‍ നിരന്നപ്പോള്‍
കണ്ടല്ച്ചെടിയെക്കുറിച്ചോ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ അതുവഹിക്കുന്ന പങ്കിനെക്കുറിച്ചോ ഒരറിവും ഉണ്ടായിരുന്നില്ല അന്ന് മണിയമ്മക്കും അനിയന് കുഞ്ഞിനും. കായലാക്രമണം തടയുന്ന ഒരുതരം സസ്യം ഉണ്ടെന്ന വിവരം മാത്രമായിരുന്നു അവര്‍ക്കു കിട്ടിയത്. അനിയന്‍കുഞ്ഞിന് അത് കൊടുത്തത് സുഹൃത്തുക്കളാണ്. അതുകൊണ്ടുവന്ന് അതിരുനീളെ നട്ടാല്‍ ചെമ്മീന്‍കൃഷി ഉടയാതെ കൊണ്ടുപോകാം എന്നതുമാത്രമായിരുന്നു വിവരം.
അനിയന് കുഞ്ഞ് എവിെടനിന്നാണ് കണ്ടല്‍തൈകള്‍ എത്തിച്ചതെന്ന് മണിയമ്മ ഇന്നോര്‍ക്കുന്നില്ല. എന്നാല്‍, അന്നെത്തിച്ച തൈകള്‍ രണ്ടുപേരും ചേര്‍ന്നു ചെമ്മീന്‍കെട്ടിനു ചുറ്റുംനട്ടത് ഇന്നലെ കഴിഞ്ഞെന്നപോലെ ഓർമയുണ്ട്. അങ്ങനെയാണ് പലതരം സസ്യലതാദികള്‍ക്കു പാര്‍പ്പിടമായി പരന്നുപടര്‍ന്നു കിടക്കുന്ന ഈ കായല്‍ മാറിലേക്ക് കണ്ടല്‍ച്ചെടി എന്ന പുതിയ അതിഥി വന്നുചേരുന്നത്. കായലിലെ വെള്ളം പോലെ കാലവും ഒഴുകിപ്പോയി. കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു. അവ വിതച്ച വിത്തുകള്‍ വെള്ളം പലവഴിക്ക് ഒഴുക്കി. മണ്‍റോതുരുത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പതിയെപ്പതിയെ കണ്ടല്‍ പടര്‍ന്നു.
കണ്ടല്ക്കമാനം
മണ്‍റോ തുരുത്തിന്റെ വിവിധ ഭാഗങ്ങളിലിന്ന് കണ്ടലിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍, മണിയമ്മയും ഭര്‍ത്താവും ആദ്യമായി വെച്ചുപിടിപ്പിച്ച കണ്ടല്കേന്ദ്രം ഈ തുരുത്തിലെ ഏറ്റവും ആകര്‍ഷകമായ ഒരിടമാണിപ്പോള്. കായലിനകത്ത് നിരയായി വളര്‍ന്നു പന്തലിച്ച കണ്ടലുകള്‍ മനോഹര കാഴ്ചയാണ്. കണ്ടല്ത്തലപ്പുകള് കൈകോര്‍ത്തുണ്ടാക്കിയ കമാനങ്ങളാണ് ഈ സ്ഥലത്തെ മുഖ്യ ആകര്‍ഷണം. വള്ളങ്ങളിലും കുട്ടവഞ്ചികളിലുമായി മണ്‍റോ തുരുത്തില് കറങ്ങാനെത്തുന്ന സഞ്ചാരികള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഈ കണ്ടല്ക്കമാനങ്ങള് കടന്നുള്ള യാത്രതന്നെ. കായല്ഭംഗിയുടെ സമൃദ്ധി നിറയുന്ന മണ്‍റോ തുരുത്തിന്റെ ഐക്കണായി മാറിയത് മണിയമ്മയുടെ കണ്ടൽ കവാടത്തിന്റെ ചിത്രമാണ്.
വാഹനാപകടത്തില്‍പെട്ട് ഏറെക്കാലം വീട്ടില്‍ കഴിഞ്ഞിരുന്ന അനിയന് കുഞ്ഞ് അഞ്ചു വര്‍ഷം മുമ്പ് മരിച്ചു. ഇന്നിപ്പോള്‍ മണക്കടവിലെ വീട്ടില്‍ മണിയമ്മ ഒറ്റക്കാണ് താമസം. ഏക മകള്‍ ചിഞ്ചു വിദേശത്ത് ജോലിചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.