കാർത്യായനിയമ്മ: സതിയുടെ വിദ്യാർഥിനി
text_fieldsഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ സാക്ഷരത പ്രേരകായ സതിയാണ് ലോകത്ത് അറിയപ്പെടുന്ന തരത്തിൽ വളർന്ന കാർത്യായനിയമ്മയെന്ന വിദ്യാർഥിനിയെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് കയറ്റുന്നത്. കണ്ടുമുട്ടൽ യാദൃച്ഛികമായിരുന്നു. സാക്ഷരത യജ്ഞത്തിന്റെ ഭാഗമായുള്ള സർവേ നടത്തുന്നതിനിടെ കാർത്യായനി അമ്മ താമസിക്കുന്ന ലക്ഷംവീട് കോളനിയിലും എത്തി.
ഇവിടെ അക്ഷരം അറിയാത്തവരായി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ മാത്രമേയുള്ളൂ എന്നായിരുന്നു കാർത്യായനിയമ്മയുടെ മറുപടി. എന്നെ രണ്ടക്ഷരം പഠിപ്പിക്കാൻ മോൾക്കാകുമോ എന്നായി ചോദ്യം. ഇത് കേട്ട് സതിക്കും ആവേശമായി. അന്ന് 96 വയസ്സായിരുന്നു കാർത്യായനിയമ്മയുടെ പ്രായം. ക്ഷേത്രങ്ങളിൽ അടിച്ചു തെളിക്കാൻ പോകലായിരുന്നു കാർത്യായനിയമ്മയുടെ ജോലി. ആളുകൾ ഭാഗവതം വായിക്കുന്നത് കാണുമ്പോൾ തനിക്കത് പറ്റുന്നില്ലല്ലോ എന്ന സങ്കടം കാർത്യായനിയമ്മ സതിയോട് പങ്കുവെച്ചു. പിറ്റേന്ന് തന്നെ പഠനവും തുടങ്ങി.
തന്റെ വിദ്യാർഥികളിൽ ഏറ്റവും മുതിർന്നയാൾ കാർത്യായനി അമ്മയായിരുന്നു എന്ന് സതിപറഞ്ഞു. മറ്റുള്ളവരെക്കാൾ ആവേശമായിരുന്നു പഠനകാര്യത്തിൽ അമ്മയ്ക്ക്. കാഴ്ചക്കും കേൾവിക്കും ഒരു തകരാറും ഇല്ലാതിരുന്നതിനാൽ പഠിപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായില്ല. ഏഴാം തരത്തിലേക്കുള്ള പഠനം പുരോഗമിക്കുമ്പോഴാണ് കാർത്യായനിയമ്മക്ക് പക്ഷാഘാതം ഉണ്ടാകുന്നത്. പത്താംതരം വരെ പഠിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
യാത്ര ചെയ്യാനും വളരെ ഇഷ്ടമുള്ള ആളായിരുന്നു. കിടപ്പിലായ ഘട്ടത്തിലും പഠനം തുടരാൻ പറ്റുമോ എന്ന ആശങ്കയാണ് ചെന്ന് കാണുമ്പോഴൊക്കെ കാർത്യായനിയമ്മ പങ്കുവെച്ചത്. മരണത്തിന് മൂന്നുദിവസം വരേയും സംസാരിക്കുമായിരുന്നു. മരണസമയത്തും താൻ തൊട്ടരികിൽ ഉണ്ടായിരുന്നതായി സതി പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ പഠിപ്പിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇത്രയധികം പ്രശസ്തിയും അഭിമാനവും നേടിത്തന്നത് കാർത്യായനിയമ്മ ആയിരുന്നു. ലോകത്തിന് തന്നെ മാതൃകയാണ് കാർത്യായനിയമ്മയെന്ന് സതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.