കായംകുളം വിമല ഇപ്പോഴും പറയുന്നു കഥാപ്രസംഗം...
text_fieldsകായംകുളം: ഒരുകാലത്ത് ഉത്സവവേദികളെ ഹരം കൊള്ളിച്ചിരുന്ന പ്രശസ്ത കാഥിക 'കായംകുളം വിമല' ഇപ്പോഴുമുണ്ട് കളത്തിൽ. സാംബശിവനും തേവർതോട്ടം സുകുമാരനും കെടാമംഗലം സദാനന്ദനും ഓച്ചിറ രാമചന്ദ്രനുമൊക്കെ അരങ്ങുവാണ സാമ്രാജ്യത്തിലെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യമായി നിറഞ്ഞുനിൽക്കാൻ വിമലക്ക് കഴിഞ്ഞിരുന്നു. കഥയും സംഗീതവും പ്രസംഗവും ഒത്തുചേരുന്ന കഥാപ്രസംഗം തനിമ ചോരാതെ അവതരിപ്പിക്കാൻ കഴിയുന്നതിനാൽ ഇന്നും കഥകളുമായി വേദികളിൽ ഇവർ സജീവമാണ്.
1974 ൽ കുറ്റിത്തെരുവ് എച്ച്.എച്ച്.വൈ.എസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കവെ കലോത്സവത്തിനായാണ് ആദ്യ കഥ അവതരിപ്പിക്കുന്നത്. സംഗീതാധ്യാപികയായ വിശാലാക്ഷി ടീച്ചറാണ് ഇതിന് പ്രേരിപ്പിച്ചത്. പത്താം ക്ലാസിൽ എത്തിയേതാടെ പുള്ളികണക്ക് കടമ്പാട്ട് മാധവന്‍റെയും ഭാർഗവിയുടെയും മകളായ വിമല പ്രഫഷനൽ രംഗത്തേക്ക് ചുവടുവെച്ചു. അക്കാലത്ത് സ്ത്രീകൾ കലാരംഗത്തേക്ക് കടക്കുന്നതിനെ നാട് അംഗീകരിച്ചിരുന്നില്ല.
പിതാവിന്‍റെ എതിർപ്പ് മറികടന്നാണ് കഥ പറയാൻ ഇറങ്ങിത്തിരിച്ചത്. സിനിമ ഗാനരചയിതാവായിരുന്ന അമ്മാവൻ എ.പി. ഗോപാലന്‍റെ പിന്തുണയാണ് കരുത്തായത്. ഇതോടെയാണ് അമ്മയും അംഗീകരിച്ചത്. ആലപ്പുഴ സദാനന്ദനായിരുന്നു ഗുരു. ഇദ്ദേഹം തയാറാക്കിയ വീണ എന്ന കഥയാണ് ആദ്യം അവതരിപ്പിച്ചത്. തുടർന്ന് വർഷംതോറും ഓരോ കഥയുമായി രംഗത്ത് വരികയായിരുന്നു. കാണികളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥ പറച്ചിലിലൂടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രശസ്തയായി. അനാചാരങ്ങൾക്കെതിരെയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയും കഥകളിലൂടെ ശബ്ദമുയർത്തി.
ശ്രീനാരായണ ഗുരുദേവൻ, എസ്.കെ. പൊറ്റക്കാടിെൻറ 'ഒരു ദേശത്തിന്‍റെ കഥ', തകഴിയുടെ ഏണിപ്പടികൾ, രാമായണം...തുടങ്ങി അമ്പതോളം കഥകൾ 8,000 ഓളം വേദികളിൽ ഇതിനോടകം അവതരിപ്പിച്ചു. ഇതിൽ ശ്രീനാരായണ ഗുരുദേവൻ എന്ന കഥ അയ്യായിരത്തോളം വേദികളിൽ അവതരിപ്പിച്ചത് റെക്കോഡാണ്. 1985 മുതൽ ഈ കഥ എല്ലാ വർഷവും തീർഥാടന കാലത്ത് ശിവഗിരിയിൽ അവതരിപ്പിക്കുന്നു.
സ്ത്രീകൾ കടന്നുചെല്ലാൻ മടിക്കുന്ന പൗരോഹിത്യ മേഖലയിലും കൈവെച്ചിട്ടുണ്ട്. ഗുരുദേവ ക്ഷേത്രങ്ങളിൽ പൂജ നടത്താൻ യോഗ്യത നേടിയ അപൂർവം സ്ത്രീകളിലൊരാളാണ് വിമല. ഇപ്പോഴും പൂജാവിധികളുടെ പഠനത്തിലാണ്. പുള്ളികണക്ക് വിമല വിവാഹത്തോടെയാണ് കായംകുളം വിമലയായി മാറുന്നത്. തബലിസ്റ്റായ ഭർത്താവ് രത്നന്‍റെയും ഗായകനായ മകൻ അശ്വനിയുടെയും പിന്തുണയാണ് ഇപ്പോഴും കാഥികയായി തുടരാൻ കരുത്ത് നൽകുന്നതെന്ന് വിമല പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ, ആയുഷ്മാൻ ഭവ എന്നീ കഥകളാണ് ഇപ്പോൾ പറയുന്നത്.
സദ്ദാം ഹുസൈന്‍റെ ജീവിത കഥ അവതരിപ്പിക്കണമെന്ന മോഹം ഉള്ളിൽ സൂക്ഷിക്കുന്ന ഇവർ ഇതിനുള്ള തയാറെടുപ്പിലാണ്.കരീലക്കുളങ്ങര അശ്വനിയിൽ താമസിക്കുന്ന ഇവർ രണ്ട് മാസം മുമ്പ് വീടിന് മുന്നിൽ വിമല ഫ്രൂട്സ് ആൻറ് വെജിറ്റബിൾസ് എന്ന സ്ഥാപനം തുടങ്ങി കച്ചവട രംഗത്തേക്ക് കൂടി തിരിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.