കേരളത്തിന്‍റെ ഹെവി ഡ്രൈവർ ഇനി ദുബൈയിൽ
text_fieldsസ്ത്രീകൾക്കെപ്പോഴും എവിടെയും ഒരു പരിധി നിശ്ചയിക്കപ്പെടും. സമൂഹം നിഷ്ചയിക്കുന്ന ഈ പരിധിക്കപ്പുറം കുതിക്കാൻ പലർക്കും ഭയമാണ്. ഇതൊന്നും പെൺകുട്ട്യോൾക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞ് മാറ്റി നിർത്തിയ ക്യാറ്റഗറിയായിരുന്നു വലിയ വാഹനങ്ങളുടെ വളയം പിടിക്കൽ. ഇന്ന് അതും പെൺകരുത്തിലൊതുങ്ങുന്നതാണ്.
പല തൊഴിലുകളും സ്ത്രീകൾക്കാവില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തപ്പെടുമ്പോൾ വലിയ വാഹനങ്ങളെ ഉപജീവനമാർഗ്ഗമാക്കിയിരുന്ന ബറക്കത്ത് നിഷ, എന്ന പാലക്കാട്ടുകാരി യു.എ.ഇ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. ഇനി യു.എ.ഇയിലും വലിയ വാഹനങ്ങളുടെ വളയം പിടിക്കാനൊരുങ്ങുകയാണ് ഈ 26കാരി.
വാഹനങ്ങളോടുള്ള ഇഷ്ടം ചെറിയ പ്രായത്തിൽ തന്നെ ബറക്കത്തിനെ ഡ്രൈവിംഗ് സീറ്റിലേക്കെത്തിച്ചു. 14 ആം വയസ്സിലാണ് ആദ്യമായി സഹോദരന്‍റെ മോട്ടോർ സൈക്കിളിൽ പരീക്ഷണം തുടങ്ങുന്നത്. 18 വയസ്സായതോടെ കാറും ബൈക്കും ഓട്ടോയുമൊക്കെയോടിച്ച് ലൈസൻസ് നേടി. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാഹ മോചനത്തിലെത്തിച്ചെങ്കിലും ബറക്കത്ത് വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. തനിക്കറിയാവുന്ന ഡ്രൈവിംഗ് വെച്ച് ജീവിക്കാൻ തന്നെ ബറക്കത്ത് മുന്നിട്ടിറങ്ങി. 25 ആം വയസ്സിൽ ഹസാർഡ്സ് വാഹനങ്ങളോടിക്കാനുള്ള ലൈസൻസും കരസ്ഥമാക്കി ബറക്കത്ത് നിഷ.
മനക്കരുത്തും ധൈര്യവും ആവശ്യത്തിലധികം വേണ്ടുന്ന, ആണുങ്ങൾക്ക് മാത്രം സാധിക്കുന്നതെന്ന് മുദ്രകുത്തപ്പെട്ട ഹസാർഡ്സ് ഡ്രൈവിങ്ങ് ലൈസൻസ് കൈപ്പിടിയിലൊതുക്കിയതോടെ ടാങ്കർ ലോറികളും പെട്രോളിയം ചരക്കുവാഹനങ്ങളുമൊക്കെ ബറക്കത്ത് ഓടിച്ചു തുടങ്ങി. നിഷയുടെ ഹെവി ഡ്രൈവിംഗ് മോഹത്തിന് ആദ്യമൊക്കെ വീട്ടുകാർ എതിർത്തിരുന്നെങ്കിലും പിന്നീട് അതെല്ലാം പിന്തുണകളായി മാറുകയായിരുന്നു. പരേതനായ അബ്ദുൽ ഹമീദിന്‍റെയും ഹഫ്സത്തിന്‍റെയും മകളാണ് ബറക്കത്ത് നിഷ. മകൾ ആറു വയസ്സുകാരി ആയിഷ നസ്റിനെ ഉയർന്ന നിലയിലെത്തിക്കുക എന്നതാണ് ബറക്കത്തിന്‍റെ ഇപ്പോഴത്തെ ലക്ഷ്യം.
ആദ്യമായി ടോറസ് ഓടിക്കാൻ ലഭിച്ച അവസരം ബറക്കത്ത് ഓർത്തെടുക്കുന്നു. മണ്ണാർക്കാടുള്ള മൈന കൺസ്ട്രക്ഷൻസ് ഉടമ അഷ്റഫും ഡ്രൈവർ രദീപുമാണ് ആദ്യമായി ടോറസ് ഓടിക്കാൻ അവസരം നൽകിയത്. പ്രോത്സാഹനം തന്ന നിരവധിപേർ നാട്ടിലുണ്ടെന്നും യു.എ.ഇയിലേക്കെത്താനും ലൈസൻസ് കരസ്ഥമാക്കാനും ഏറെ സഹായിച്ചത് മനീഷ് മനോഹറെന്ന മിഡ് ഏഷ്യ കമ്പനിയുടമായാണെന്നും പിന്തുണ നൽകിയവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും ബറക്കത്ത് പറയുന്നു.
കേരളത്തിൽ ആദ്യ ഹസാർഡ്സ് ലൈസൻസ് കരസ്ഥമാക്കിയ വനിത ഡെലിഷ് ഡേവിസിന് ശേഷം ഹസാർഡ്സ് ലൈസൻസ് കരസ്ഥമാക്കുന്ന വനിതയാണ് ബറക്കത്ത് നിഷ. ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കർലോർ ലോറി ഡ്രൈവറായിരുന്ന ബറക്കത്ത് നിഷ വിദേശ കമ്പനിയിൽ നിന്ന് അവസരം വന്നതോടെയാണ് ദുബൈയിലെത്തുന്നത്.
യു.എ.ഇ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയതോടെ ദുബൈയിലെ മിഡ് ഏഷ്യ ബൾക്ക് പെട്രോളിയം കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാനൊരുങ്ങുകയാണ് ബറക്കത്ത്.ഇതോടെ കമ്പനിയിലെ രണ്ടാമത്തെ മലയാളി വനിത ഹെവി വെഹിക്കിൾ ഡ്രൈവറാകും ബറക്കത്ത് നിഷ. ജീവിത പ്രാരാബ്ധങ്ങൾ വെല്ലുവിളികളാകുമ്പോൾ, തോറ്റുകൊടുക്കാനൊരുങ്ങുന്നവർക്ക് മുന്നേറാനൊരു കരുത്തുറ്റ മാതൃകയാണ് ബറക്കത്ത് നിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.