സ്നേഹ സമ്പാദ്യങ്ങളുമായി കോട്ടയത്തിന്റെ കലക്ടർ പടിയിറങ്ങുകയാണ്
text_fieldsകോട്ടയം: കലക്ടറായി ഡോ. പി.കെ. ജയശ്രീ ചുമതലയേറ്റ് അധികം കഴിയുംമുമ്പാണ് പാലായിൽനിന്ന് മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച പെൺകുട്ടിയുടെ വിളി വരുന്നത്. നന്നായി ചിത്രം വരക്കുന്ന അവൾക്ക് ഇരുന്നു വരക്കാൻ കസ്റ്റമൈസ്ഡ് വീൽചെയർ നൽകുമോ എന്നായിരുന്നു ചോദ്യം. ആ സമയത്ത് അതിനു വഴിയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ അവരുടെ സി.എസ്.ആർ ഫണ്ട് ചെലവഴിക്കാൻ പ്രോജക്ട് അന്വേഷിച്ചെത്തി.
അങ്ങനെ അവർ 3.40 ലക്ഷം രൂപ ചെലവഴിച്ച് ആ കുട്ടി ആവശ്യപ്പെട്ട വീൽചെയർ വാങ്ങി നൽകി. കലക്ടറുംകൂടി ചേർന്നാണ് വീൽചെയർ കൈമാറിയത്. അന്നുമുതൽ പലപ്പോഴും ആ കുട്ടിയുടെ വിളിയെത്തും സ്നേഹാന്വേഷണങ്ങളുമായി. അധികാരക്കസേരയിലിരുന്ന് സർക്കാർ നിർദേശങ്ങൾക്കപ്പുറം നടപ്പാക്കാനായ ഈ വലിയ സന്തോഷങ്ങളാണ് ഡോ. പി.കെ. ജയശ്രീ എന്ന കലക്ടർ പടിയിറങ്ങുമ്പോൾ സമ്പാദ്യമായി കൊണ്ടുപോകുന്നത്.
പ്രളയത്തിൽ നഷ്ടപ്പെട്ട ബ്രെയ്ലി ലാപ്ടോപ് നൽകിയതും മൂക സഹോദരങ്ങൾക്ക് ടോയ്ലറ്റ് സൗകര്യം ഒരുക്കിയതുമെല്ലാം ഈ സമ്പാദ്യങ്ങളിൽ ചിലതുമാത്രമാണ്. മുപ്പത്തിയാറര വർഷത്തെ പൊതുസേവനശേഷം വിരമിക്കുന്ന കലക്ടർ ഡോ. പി.കെ. ജയശ്രീക്ക് താൻ കടന്നുവന്ന വഴികളെക്കുറിച്ച് പറയാനേറെയുണ്ട്.
കുറച്ചുകാര്യങ്ങൾ ചെയ്യാനായി
2021 ജൂലൈ 11നാണ് കോട്ടയം കലക്ടറായി ചുമതലയേറ്റത്. ഇതിനകം കാലങ്ങളായി പേരില്ലാതിരുന്ന സിവിൽ സ്റ്റേഷനുമുന്നിൽ പേരെഴുതി മനോഹര കവാടം ഒരുക്കാനായി. സർക്കാർ ഫണ്ട് ചെലവഴിക്കാതെ, വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഫണ്ടിലെ ബാക്കി തുകയാണ് ഇതിനുപയോഗിച്ചത്. നേരത്തേ സിവിൽ സ്റ്റേഷനു മുന്നിൽ വന്നുനിന്ന് ആളുകൾ ചോദിക്കുമായിരുന്നു എവിടെയാണ് സിവിൽ സ്റ്റേഷനെന്ന്.
കലക്ടറേറ്റിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടി പൂർത്തിയാക്കി. മികച്ച വെബ്സൈറ്റിനും അതിദരിദ്രരില്ലാത്ത കോട്ടയം പദ്ധതിക്കും അവാർഡ് നേടി. കാളിയമ്മൻ ക്ഷേത്രം ഒഴിപ്പിക്കൽ ഏറെ ആശങ്കയുളവാക്കിയ നിമിഷങ്ങളായിരുന്നു. പമ്പാവാലി പട്ടയം വിതരണത്തിനൊരുങ്ങുന്നതും സന്തോഷം നൽകുന്നു.
കലക്ടറേറ്റ് പൊതുജന സൗഹൃദം
താൻ കലക്ടറായ ശേഷം പരാതിയുമായി വരുന്നവരുടെ എണ്ണം കൂടിയെന്ന് ഇവിടത്തെ ജീവനക്കാർ പറയാറുണ്ട്. സ്ത്രീകളും കുട്ടികളും മടിയില്ലാതെ കടന്നുവരാറുണ്ട്.
വിവാദങ്ങൾ
ആരെയും പ്രീതിപ്പെടുത്താൻ ഒന്നു ചെയ്തിട്ടില്ല. പറ്റാത്ത കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനപ്രതിനിധികളുമായി നല്ല ബന്ധമാണുള്ളത്. ശരിയല്ലാത്ത കാര്യം ചെയ്യാൻ സമ്മർദമുണ്ടായിട്ടില്ല. കാട്ടുപോത്തിനെ വെടിവെക്കുന്നതു സംബന്ധിച്ചാണ് അടുത്തിടെ വിവാദമുണ്ടായത്.
അതിൽ എന്റെ നിലപാട് ശരിയാണെന്ന് ഉറപ്പുണ്ട്. വനംവകുപ്പിന്റെ ചുമതല വന്യജീവി സംരക്ഷണമാണ്. എന്റേത് ജനങ്ങളുടെ ജീവനു സ്വത്തിനും സുരക്ഷ നൽകുക എന്നതും. കാട്ടിൽപോയി കാട്ടുപോത്തിനെ വെടിവെക്കണമെന്നല്ല പറഞ്ഞത്. നാട്ടിലിറങ്ങിയ പോത്തിനെ വെടിവെക്കണമെന്നാണ്. നിയമങ്ങൾ തമ്മിലുള്ള സംഘർഷമാണത്. സർക്കാർതന്നെ അക്കാര്യത്തിൽ തീരുമാനമെടുക്കണം.
കുടുംബം
അമ്മ രാധാമണി തൃശൂരിലെ വീട്ടിലാണ്. എസ്.ബി.ഐ മാനേജറായിരുന്ന പി.വി. രവീന്ദ്രന് നായരാണ് ഭര്‍ത്താവ്. മക്കൾ: അപർണ (ബംഗളൂരു), ഡോ. ആരതി (കാഞ്ഞങ്ങാട് കേന്ദ്ര സര്‍വകലാശാല).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.