കോട്ടയത്തെ ഇ-ജില്ലയാക്കി ബീന സിറിൽ പടിയിറങ്ങുന്നു
text_fieldsകോട്ടയം: ജില്ലയുടെ ഇ-ഗവേണൻസ് രംഗത്തെ കുതിപ്പിന് ചുക്കാൻപിടിച്ച ജില്ല ഇൻഫോർമാറ്റിക്സ് ഓഫിസർ ബീന സിറിൽ പൊടിപാറ 36 വർഷത്തെ സേവനത്തിനുശേഷം ഈമാസം വിരമിക്കുന്നു. 1986ൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രിക്കൽ വിഭാഗത്തിൽ ബി.ടെക് നേടിയ ബീന 1988 മാർച്ചിലാണ് സയന്റിഫിക് ഓഫിസറായി കേന്ദ്ര സർക്കാറിന്റെ ഇലക്ട്രോണിക്സ് ആൻഡ് വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിനു കീഴിൽ നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറ്ററിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തായിരുന്നു ആദ്യ നിയമനം.
1992 മുതൽ 31 വർഷം ജില്ല ഇൻഫോർമാറ്റിക്സ് ഓഫിസറായി സേവനമനുഷ്ഠിച്ചു. സയന്റിസ്റ്റ്- എഫ് പദവിയിലിരിക്കെയാണ് വിരമിക്കൽ. 2019ലെ ദേശീയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പുരസ്കാരവും സംസ്ഥാന ഇ-ഗവേണൻസ് പുരസ്കാരവും കോട്ടയം നേടിയതിനു പിന്നിലെ ചാലകശക്തിയായിരുന്നു ബീന. ഇ-ജില്ലയാക്കി കോട്ടയത്തെ മാറ്റാനുള്ള സുപ്രധാന പദ്ധതികൾക്ക് ചുക്കാൻപിടിച്ചത് ബീന നേതൃത്വം നൽകുന്ന നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി).
വില്ലേജ് ഓഫിസ് ഭൂരേഖകളുടെ കമ്പ്യൂട്ടറൈസേഷൻ പൂർത്തീകരിച്ച ആദ്യ ജില്ലയെന്ന നേട്ടവും നേടി. ജനങ്ങൾക്ക് വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാക്കാൻ തയാറാക്കിയ ‘കോട്ടയം ടൂറിസം’, ‘ഓഫിസ് ഫൈൻഡർ’ മൊബൈൽ ആപ്ലിക്കേഷനുകളും ഡെങ്കി പ്രതിരോധപ്രവർത്തനത്തിനും വോട്ടർപട്ടികയിൽ പേരുചേർക്കൽ പ്രോത്സാഹിപ്പിക്കാനുമായുള്ള ‘കോട്ടയം ചലഞ്ച്’ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് രൂപംനൽകിയതും ബീനയുടെ നേതൃത്വത്തിലുള എൻ.ഐ.സി ടീമാണ്.
1992 മുതൽ വിവിധ സർക്കാർ വകുപ്പുകളുടെ ഓഫിസുകളിലെ കമ്പ്യൂട്ടറൈസേഷനു നേതൃത്വം നൽകി. ജില്ലയുടെ ഭിന്നശേഷി സൗഹൃദ വെബ്സൈറ്റിന് രൂപംനൽകി. മികച്ച വെബ്സൈറ്റിന് മൊബൈൽ സംരംഭക വിഭാഗത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന ദേശീയ ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ പുരസ്കാരത്തിന് വെബ്സൈറ്റ് അർഹമായി. മുട്ടമ്പലത്താണ് താമസം. മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകനായ സിറിൽ ജി. പൊടിപാറയാണ് ഭർത്താവ്. ഗീതം സർവകലാശാലയിൽ അസിസ്റ്റന്റ് ഡയറക്ടറായ ജിയോയും ബിരുദാനന്തര വിദ്യാർഥിയായ ജിബുവുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.