കോവിഡ്കാലം പകർന്ന കരുത്തിൽ മിത്രയും ജെസ്സി ഫ്രാൻസിസും
text_fieldsതൃശൂർ: കോവിഡ് കാലത്ത് പകച്ചിരിക്കാതെ രാപകൽ പണിയെടുത്ത് സർജിക്കൽ മാസ്കും കോവിഡ് കിറ്റ് ഇടാനുള്ള തുണി സഞ്ചിയും തയാറാക്കി നൽകിയ കുടുംബശ്രീ യൂനിറ്റാണ് പൊങ്ങണംകാട് ‘നിനൂസ്’ സ്റ്റിച്ചിങ് സെന്ററും അതിനു കീഴിലെ ആക്ടിവിറ്റി ഗ്രൂപ്പായ മിത്ര ഗാർമെന്റ്സും. ജില്ലയിൽ തയ്യൽ തൊഴിലായി സ്വീകരിച്ച ഏറെപേർക്ക് ആശ്രയമാണ് മാടക്കത്തറ സി.ഡി.എസിന് കീഴിലെ ഈ യൂനിറ്റ്.
ജില്ലയിലെ തുണിസഞ്ചി നിർമാണ യൂനിറ്റുകളിൽ മുന്നിലാണ് മിത്ര. ഈ സംരംഭത്തിന് സാരഥ്യം വഹിക്കുന്നത് പൊങ്ങണംകാട് തെക്കേക്കര ജെസ്സി ഫ്രാൻസിസാണ്. അക്കരപുറത്ത് രണ്ട് ജീവനക്കാരെ വെച്ച് കടമുറി തുടങ്ങിയ ജെസ്സി കോവിഡ് സമയത്ത് ഒരുപറ്റം വീട്ടമ്മമാർക്ക് തൊഴിൽ നൽകി കൈത്താങ്ങായിരുന്നു. കുടുംബശ്രീക്ക് കീഴിൽ തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നേടിയ അവർ 2015ലാണ് കുടുംബശ്രീയുടെ ഭാഗമായത്.
2016ഓടെ തുണിസഞ്ചി നിർമാണത്തിൽ പരിശീലനം ലഭിച്ച കുറച്ചുപേർ ചേർന്ന് ആക്ടിവിറ്റി ഗ്രൂപ്പ് തുടങ്ങി. പരിചയക്കാരിൽനിന്ന് ഓർഡറെടുത്ത് പ്രവർത്തനം സജീവമാകുംമുമ്പേ 2018ൽ പ്രളയം വില്ലനായി. കൂനിൽമേൽ കുരുവെന്നപോലെ പിന്നാലെ കോവിഡ് വ്യാപനവും. ഒരാഴ്ചകൊണ്ട് തീരുമെന്ന് കരുതിയ ലോക്ഡൗൺ മാസങ്ങളോളം തുടർന്നപ്പോഴാണ് മാസ്ക് നിർമാണത്തിന് ഇറങ്ങിയത്.
ഡൽഹിയിൽനിന്ന് തുണിയെത്തിച്ച് സർജിക്കൽ മാസ്കുണ്ടാക്കി മെഡിക്കൽ സ്റ്റോറുകളിലും സൂപ്പർമാക്കറ്റുകളിലും വിറ്റുതുടങ്ങി. ആവശ്യക്കാർ ഏറിയതോടെ സ്റ്റിച്ചിങ് സജീവമാക്കി. ഗ്രൂപ്പിന്റെ പേരിൽ മൂന്നര ലക്ഷം മാസ്കുകൾ കോട്ടയത്ത് എത്തിച്ച് വിതരണം ചെയ്തു.
കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതോടെ തുണിസഞ്ചി നിർമാണം ഏറ്റെടുക്കാൻ സമ്മതം ചോദിച്ച് ജില്ല കുടുംബശ്രീ മിഷനെ സമീപിച്ചു. നീനൂസ് സ്റ്റിച്ചിങ് സെന്ററിന്റെ പേരിൽ ജി.എസ്.ടി നേടി. ജില്ലയിലെ കുടുംബശ്രീക്ക് കീഴിൽ തുണി സഞ്ചി നിർമാണം നടത്തുന്ന യൂനിറ്റുകളുടെ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി ആവശ്യം ആവർത്തിച്ചു.
ഒടുവിൽ ജെസ്സിയുടെ നേതൃത്വത്തിൽ തൃശൂർ, ചാവക്കാട് താലൂക്കുകളിലേക്കുള്ള കിറ്റ് സഞ്ചി നിർമാണം ഏറ്റെടുത്തു. രണ്ട് താലൂക്കുകളിലായി 50ഓളം കുടുംബശ്രീ യൂനിറ്റുണ്ടായിരുന്നു. പ്രവൃത്തി പൂർത്തിയാക്കാനാകുമോ എന്ന് അധികൃതർക്ക് സംശയം ഉണ്ടായിരുന്നെങ്കിലും ജെസ്സി തെല്ലും പതറിയില്ല.
ഇരുപതോളം പേർ രാപകൽ ജോലി ചെയ്തു. തുന്നൽ അറിയാവുന്ന ഭിന്നശേഷക്കാരുടെയും വിധവകളുടെയും വീടുകളിലെത്തിച്ച് ജോലി പൂർത്തിയാക്കി. നിന്നുതിരിയാൻ സമയം ഉണ്ടായിരുന്നില്ലെന്ന് ജെസ്സി പറയുന്നു.
രണ്ട് വർഷം മുമ്പ് ജെസ്സി തന്റെ വീടിന് മുകളിലേക്ക് സ്റ്റിച്ചിങ് സെന്ററും മിത്ര ഗാർമെന്റ്സ് പ്രവർത്തനങ്ങളും മാറ്റി. കഴിഞ്ഞ ആഗസ്റ്റ് 15ന് ജില്ലയിൽ തുണി കൊണ്ടുള്ള ദേശീയ പതാക തയ്ക്കാൻ അനുവാദം ലഭിച്ചത് ജെസ്സിയുടെ യൂനിറ്റിനായിരുന്നു. കലക്ടറേറ്റ് മുതൽ അംഗൻവാടികൾക്ക് വരെ പതാക തയ്ച്ച് നൽകി.
പത്തുപേർ ആഗസ്റ്റ് ഒന്നുമുതൽ രണ്ടാാഴ്ച ജെസ്സിയുടെ സ്റ്റിച്ചിങ് സെന്ററിൽ രാത്രി ഒമ്പതര വരെ ദേശീയപതാക അടിച്ചുനൽകാൻ പരിശ്രമിച്ചു. ഓർഡറുകളുടെ ആധിക്യം കാരണം രാവിലെ മുതൽ നീണ്ട നിരയായിരുന്നു. ഇപ്പോൾ സൂപ്പർമാർക്കറ്റുകളുടെയും വലിയ വ്യാപാര കേന്ദ്രങ്ങളുടെയും ആശുപത്രികളുടെതും ഉൾപ്പെടെ തുണിസഞ്ചിയുടെ ഓർഡറുകൾ എത്തുന്നുണ്ട്.
തുണിസഞ്ചിയിൽ ഒറ്റനിറം സ്ക്രീൻ പ്രിൻറിങും ചെയ്തുവരുന്നു. പാവപ്പെട്ട ഒരുപാട് പേർക്ക് തൊഴിൽ നൽകാൻ സാധിച്ച ചാരിതാഥ്യത്തിലാണ് ജെസ്സിയും മിത്ര ഗാർമെന്റ്സ് ആക്ടിവിറ്റി ഗ്രൂപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.