കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി കെ ശ്രീ ബ്രാൻഡിൽ
text_fieldsകാസർകോട്: ജില്ലയിലെ രണ്ടായിരത്തോളം സംരംഭങ്ങളുടെ കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വിപണിയിലെത്തുന്നത് കെ ശ്രീ എന്ന ഒറ്റ ബ്രാൻഡിൽ. ചെറുകിട സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ ഒരു ഏകീകൃത ബ്രാൻഡിന്റെ കീഴിൽ വിറ്റഴിക്കാൻ സൗകര്യം ഒരുക്കുകയാണ് കുടുംബശ്രീ ജില്ല മിഷൻ.
ഉൽപന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉൽപന്നങ്ങളെ കെ ശ്രീ എന്ന ഒറ്റക്കുടക്കീഴിലാക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകർ വിവിധ പേരുകളിലാണ് നിലവിൽ അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചിരുന്നത്. എന്നാൽ നല്ല ആകർഷണീയമായ കവറുകൾ, ഏകീകൃത സ്വഭാവം എന്നിവ ഇല്ലാത്തതിനാൽ വിപണിലെത്തുന്നതിന് പ്രയാസം നേരിടുകയായിരുന്നു.
ഈ സാഹചര്യത്തെ മറികടന്നു വിപണിയിൽ തിളങ്ങാനാണ് കെ ശ്രീ ബ്രാൻഡിങ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 2000 സംരംഭകരുണ്ട്. നീലേശ്വരം ബ്ലോക്കിൽ നിന്ന് മീറ്റ് മസാല, ചിക്കൻ മസാല, ഫിഷ് മസാല, അച്ചാർ പൊടി, ചമ്മന്തിപ്പൊടി തുടങ്ങിയ എസ്.വി.ഇ.പി സംരംഭങ്ങളുടെ 10 ഉൽപന്നങ്ങളും പരപ്പയിൽ നിന്ന് ആർ.കെ.ഐ.ഇ.ഡി.പി സംരംഭങ്ങളുടെ 10 ഉം അടക്കം 40 ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ബ്രാൻഡ് ചെയ്യുന്നത്.
ബാഗുകൾ, ചെരിപ്പുകൾ തുടങ്ങിയവ രണ്ടാംഘട്ടത്തിലാണ് കെ ശ്രീ ബ്രാൻഡിങ് ഉൾപ്പെടുത്തുന്നത്. വിവിധ സി.ഡി.എസുകളിലായി രൂപവത്കരിച്ച മാർക്കറ്റ് കിയോസ്ക് വഴിയും നഗരങ്ങളിലെ അർബൻ കിയോസ്ക് വഴിയും ഇവ വിറ്റഴിക്കും. കൂടാതെ കുടുംബശ്രീയുടെ ഹോം ഷോപ് വിൽപനയും ഇതിനായി പ്രയോജനപ്പെടുത്തും.
കെ ശ്രീ ഉൽപന്നങ്ങൾ ഓൺലൈനായും ഉപഭോക്താക്കൾക്കു ലഭ്യമാക്കാൻ സാഹചര്യമൊരുക്കുന്നതിനുളള പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ സ്വീകാര്യത കൂടുന്ന മുറക്ക് വിദേശ കയറ്റുമതിയടക്കം കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.