പോർക്കുളത്തെത്തിയാൽ ‘മാംഗല്യം തന്തുനാനേന...’
text_fieldsകുന്നംകുളം: അനുയോജ്യരെ കണ്ടെത്താൻ കുന്നംകുളത്തിനടുത്ത് പോർക്കുളത്ത് തുടക്കമിട്ട ‘കുടുംബശ്രീ മാട്രിമണി’ ഏഴ് വർഷം പിന്നിടുമ്പോൾ ആയിരത്തോളം പേർക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുത്തതിന്റെ അഭിമാനത്തിലാണ്. ജില്ലയിലെ പോർക്കുളം പഞ്ചായത്തിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കിയത്.
പിന്നാലെ കാസർകോഡ്, ഇടുക്കി, എറണാകുളം ജില്ലകളിലും കുടുംബശ്രീ മാട്രിമണി തുടങ്ങിയെങ്കിലും അത്ര സജീവമായില്ല. എന്നാൽ, പോർക്കുളത്തെ സ്ഥാപനം വിശ്വാസ്യതയാർജിച്ച് മുന്നേറി. നിരവധി പേർക്ക് തൊഴിലും നൽകി. അഞ്ച് പേരാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.
വരനെ തേടുന്ന യുവതികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. എന്നാൽ, യുവാക്കളിൽനിന്ന് ഫീസ് ഈടാക്കും. ബിരുദധാരികൾക്ക് 1000, ബിരുദാനന്തര ബിരുദം നേടിയവർക്ക് 1500, മറ്റുള്ളവർക്ക് 500 രൂപ എന്നിങ്ങനെയാണ് ഫീസ്. രജിസ്റ്റർ ചെയ്യുന്നവർക്ക് വെബ് സെറ്റിൽ പരിശോധിക്കാൻ അവസരമുണ്ട്.
പങ്കാളിയാകാൻ തേടുന്നയാളുടെ മുഴുവൻ വിവരവും ഇതിലൂടെ ശേഖരിക്കാം. ക്രിമിനൽ, തട്ടിപ്പ് കേസുകളിൽ പ്രതിയാണോയെന്നതുൾപ്പെടെ സ്ഥാപനം പരിശോധിക്കും. വിവാഹം നിശ്ചയിച്ചാൽ യുവാക്കൾ 20,000 രൂപ സ്ഥാപനത്തിന് നൽകണം.
ജില്ലയിലെ എല്ലാ പഞ്ചായത്തിലും കോഓഡിനേറ്ററെ നിയോഗിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനകാലത്ത് അത്തരം പ്രവർത്തനം നിലച്ചു. എന്നാലും, മാട്രിമണി യൂനിറ്റിന് മാസം ഒരു ലക്ഷത്തിൽ കുറയാതെ വരുമാനമുണ്ടെന്ന് ചുമതല വഹിക്കുന്ന പി.എസ്. സിന്ധു പറയുന്നു.
സ്ഥാപനം ആരംഭിക്കുമ്പോൾ സ്വാഭാവികമായും വന്നുചേരുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയാറാകാത്തതാണ് ഇത്തരം സംരംഭങ്ങൾ എല്ലാ പഞ്ചായത്തിലും നടപ്പാക്കാൻ കഴിയാത്തതിന്റെ കാരണമെന്ന അഭിപ്രായവും അവർക്കുണ്ട്. വനിതകൾക്ക് നല്ലൊരു തൊഴിൽ സംരംഭം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.