ക്ഷേത്ര നഗരത്തിന്റെ ശ്രീ
text_fieldsഗുരുവായൂര്‍: കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍... ക്ഷേത്ര നഗരിക്ക് അങ്ങിനെയൊന്ന് ഇപ്പോള്‍ ചിന്തിക്കാനേ കഴിയില്ല. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന നൂറ് കണത്തിന് സ്തീകള്‍ ഇന്ന് അഭിമാനപൂർവം തങ്ങളുടെ തൊഴിലുകളില്‍ തിളങ്ങി, സ്വന്തം കാലില്‍ നില്‍ക്കുന്നത് കുടുംബശ്രീ പകര്‍ന്ന ആത്മവിശ്വാസത്തിലും കരുത്തിലുമാണ്.
ദേശീയ നഗര ഉപജീവന മിഷനുമായി (എന്‍.യു.എല്‍.എം) ഒത്തുചേര്‍ന്നതോടെ ഗുരുവായൂര്‍ നഗരസഭയുടെ സര്‍വമേഖലകളിലും കുടുംബശ്രീ സജീവ സാന്നിധ്യമായി. എന്‍.യു.എല്‍.എമ്മിന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സിയാണ് കുടുംബശ്രീ.
അഭ്യസ്തവിദ്യര്‍ക്കും പല കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നവര്ക്കുമെല്ലം അത്താണിയായി മാറാന്‍ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പറഞ്ഞു. എന്‍.യു.എല്‍.എമ്മുമായി ചേര്‍ന്ന് നടത്തിയ പരിശീലന പരിപാടികള്‍ കേവലം സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങാതെ നിത്യജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ചവിട്ടുപടികളായി മാറുകയായിരുന്നു.
ഗുരുവായൂരിന്റെ സാഹചര്യങ്ങള്‍ക്ക് ഒത്തിണങ്ങിയ പദ്ധതികള്‍ ആവിഷ്കരിക്കാനായത് ഏറെ ഗുണം ചെയ്തെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷൈലജ സുധന് പറഞ്ഞു. ഹൗസ് കീപ്പിങ് ആന്‍ഡ് ക്ലീനിങില്‍ നല്കിയ പരിശീലനം ഇതിന് തെളിവാണ്. പരിശീലനം നേടിയ 200 പേരില്‍ പകുതിയില്‍ അധികം പേരും ഇന്ന് ഈ മേഖലയില്‍ സ്ഥിരവരുമാനമുള്ളവരായി മാറി.
നേരത്തെ മറ്റൊരു തൊഴിലിലും ഇല്ലാതിരുന്നവര്‍ക്കാണ് കുടുംബശ്രീ വഴികാട്ടിയായി മാറിയത്. നഗരസഭ നടത്തുന്ന സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ 78 പേര്‍ക്ക് ജോലി ലഭിച്ചു.
ഇതില്‍ മികച്ച താമസ സൗകര്യങ്ങള്‍ നല്കുന്ന പടിഞ്ഞാറെ നടയിലെ അമിനിറ്റി സെന്ററും ഉള്‍പ്പെടും. കിഴക്കെ നടയിലെ ഫെസിലിറ്റേഷന്‍ സെന്ററും കുടുംബശ്രീ തന്നെയാണ് നടത്താന്‍ പോകുന്നത്. പടിഞ്ഞാറെ നടയിലെ ജനകീയ ഹോട്ടല്‍ 17 പേര്‍ക്കുള്ള തൊഴിലിടമായി മാറി. പത്തോളം പേര് മമ്മിയൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്നുണ്ട്.
അപ്പാര്‍ട്ട്മെന്റ് ക്ലീനിങ്, ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിലും കുടുംബശ്രീയുടെ പരിശീലനം ലഭിച്ചവര്‍ വ്യാപൃതരാണ്. തികഞ്ഞ പ്രഫഷണല്‍ മികവോടെയാണ് ഇവരുടെ സേവനം. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അക്കൗണ്ടിങ് കോഴ്സുകളില്‍ പരിശീലനം നേടിയ 98 ശതമാനം പേര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചതായി എന്‍.യു.എല്‍.എം സിറ്റി മിഷന് മാനേജര്‍ വി.എസ്. ദീപ പറഞ്ഞു.
30 പേര് വീതമുള്ള 16 ബാച്ചുകളാണ് പരിശീലനം നേടിയത്. ഇതിനെ പുറമെ ഗുരുവായൂരിന്റെ സാധ്യത പരിഗണിച്ച് കുപ്പിയിലെ കുടിവെള്ള യൂനിറ്റ് തുടങ്ങിയ സംരംഭങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. യന്ത്രസഹായത്തോടെയുള്ള ശുചീകരണ പദ്ധതികള്‍ക്കും തുടക്കമിട്ടുണ്ട്.
നഗരസഭ പരിധിയില്‍ രണ്ട് സി.ഡി.എസുകളാണുള്ളത്. അമ്പിളി ഉണ്ണികൃഷ്ണന് അധ്യക്ഷയായ ഗുരുവായൂര്‍ സി.ഡി.എസും മോളി മാമ്പിള്ളി അധ്യക്ഷയായ പൂക്കോട് സി.ഡി.എസും. ജിഫി ജോയ് ആണ് മെംബര്‍ സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.