ഊരിന്റെ സ്വന്തം ഉഷ ടീച്ചര്‍
text_fieldsവെള്ളറട: ജീവിതം സാഹസമാക്കിയ വനിതയാണ് കുന്നത്തുമല ഊരിന്റെ സ്വന്തം അധ്യാപികയായ ഉഷ ടീച്ചർ. 1996ല്‍ വിദ്യാ വളന്റിയറായി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ടീച്ചര്‍ 1999 മുതല്‍ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായി ചുമതലയേറ്റു. ഇന്നും പ്രകൃതി ക്ഷോഭങ്ങളെയും മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും അക്രമങ്ങളെയും അതിജീവിച്ച് മലയും പുഴയും കടന്ന് ദിനവും കാട് കയറിയിറങ്ങുന്നു.
പഠനകാലത്ത് ചുമടെടുത്തും വെള്ളം കോരിയും അരിയിടിക്കാന്‍ പോയും പഠിക്കാന്‍ ആവശ്യമായ പണം കണ്ടെത്തി. പത്താം ക്ലാസ് മുതല്‍ സാമൂഹിക സേവനരംഗത്തേക്ക് കാൽവെച്ചു. 1985ല്‍ പി.എന്‍. പണിക്കരുടെ (കാന്‍ഫെഡ്) വയോജന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ ആദിവാസി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വലിയതുറയില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ചെറുരശ്മി സെന്റര്‍ എന്ന സംഘടനയുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സംഘടനകളില്‍ ഫീല്‍ഡ് ഓർഗനൈസറായി പ്രവര്‍ത്തിച്ചു.
അമ്പൂരി പഞ്ചായത്തിലെ സ്ത്രീകളുടെ പദവി ഉയര്‍ത്തല്‍ പ്രോജക്ടിന്റെ കോഓഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. അംഗനവാടി കേന്ദ്രീകരിച്ച 14 മഹിളാ സമാജങ്ങള്‍ രൂപവത്കരിച്ചു. സ്വയം സഹായസംഘങ്ങള്‍ രൂപവത്കരിക്കുകയും പിന്നീട് കുടുംബശ്രീയായി മാറ്റുകയും ചെയ്തു. അങ്ങനെ പഞ്ചായത്തില്‍ ആദ്യമായി കുടുംബശ്രീ രൂപവത്കരണവും ടീച്ചര്‍ നടത്തി.
പ്രീഡിഗ്രി തോറ്റെങ്കിലും ടീച്ചര്‍ ജോലിയോടൊപ്പം 40ാം വയസ്സില്‍ ഓപണ്‍ സ്‌കൂള്‍ വഴി ഹയര്‍സെക്കൻഡറി പഠനം പൂര്‍ത്തിയാക്കുകയും വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രി പഠനം നടത്തുകയും ചെയ്തു. സന്നദ്ധസംഘടനകള്‍, നെഹ്റു യുവകേന്ദ്ര, അക്ഷരകേരളം, ഡി.പി.ഇ.പി - എസ്.എസ്.എ പൊതുവിദ്യാഭ്യാസം തുടങ്ങിയവയുടെ അംഗീകാരങ്ങളും ടീച്ചറിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.