ഗിന്നസിന്റെ വലുപ്പവുമായി കുഞ്ഞുകഥാകാരി ലൈബ ദോഹയിൽ
text_fieldsദോഹ: എഴുത്തിന്റെയും പഠനത്തിന്റെയും തിരക്കുകൾക്ക് അവധിനൽകി ഒരുമാസത്തെ കുടുംബസന്ദർശനത്തിനായി നാട്ടിലേക്ക് പോയതായിരുന്നു ദോഹയുടെ കൊച്ചു എഴുത്തുകാരി ലൈബ അബ്ദുൽ ബാസിത്. എന്നാൽ, അവിടെ കാത്തിരുന്നത് രാവും പകലും വിശ്രമമില്ലാത്ത ദിവസങ്ങൾ. 11 വയസ്സിനിടയിൽ നോവൽ പരമ്പരയെഴുതി ഗിന്നസ് റെക്കോഡ് ബുക്സിൽ ഇടം നേടിയതിന്റെ അംഗീകാരം തേടിയെത്തുമ്പോൾ മാഹിയിലെ വീട്ടിലായിരുന്നു കുഞ്ഞു എഴുത്തുകാരി. പിന്നെ, ആദരവിന്റെയും സ്വീകരണത്തിന്റെയും സന്ദർശകരുടെയുമെല്ലാം ബഹളങ്ങൾ. മാധ്യമ വാർത്തകളും ചാനൽ അഭിമുഖങ്ങളുമായി ശ്രദ്ധേയയായ കഥാകാരിയെ തേടി ഒടുവിൽ സംസ്ഥാന മന്ത്രി എം.വി. ഗോവിന്ദനുമെത്തി.
തന്റെ നാട്ടിൽനിന്നുമൊരു കൊച്ചുമിടുക്കി എഴുതിയെഴുതി ഗിന്നസ് റെക്കോഡ് പുസ്തകത്തിന്റെ വലിയ ചരിത്രത്തിൽ ഇടംപിടിച്ചത് വാർത്തകളിലറിഞ്ഞ് മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചശേഷമായിരുന്നു പരിവാരസമേതമുള്ള വരവ്. സമ്മാനങ്ങൾ നൽകിയും അഭിനന്ദനങ്ങൾ ചൊരിഞ്ഞും അവർ മടങ്ങുമ്പോൾ തന്റെ പുസ്തകങ്ങൾ ലൈബ അവർക്ക് സമ്മാനമായി തിരികെ നൽകി. സ്വീകരണങ്ങളും ആദരവുകളുമായി ഒരുമാസത്തെ അവധി അവിസ്മരണീയമാക്കിയശേഷം, വെള്ളിയാഴ്ച ദോഹയിൽ തിരിച്ചെത്തിയിരിക്കുകയാണ് നക്ഷത്രക്കഥകൾ പറഞ്ഞ് ശ്രദ്ധേയയായ എഴുത്തുകാരി. പക്ഷേ, ഈ തിരക്കും ബഹളങ്ങളുമൊന്നും ലൈബയുടെ എഴുത്തുയാത്രയെ ബാധിച്ചിട്ടില്ല.
ആകാശവിസ്മയങ്ങൾക്കിടയിലൂടെ യാത്രചെയ്യുന്ന തന്റെ കഥാപാത്രങ്ങളായ ഒലീവിയക്കും ഒലിവറിനും മൈകിനും എവരിക്കുമൊപ്പം പുസ്തകപരമ്പരയിലെ അടുത്ത പതിപ്പിന്റെ എഴുത്തുപുരയിലാണിപ്പോൾ. നാട്ടിലായിരുന്ന പകലുകളിൽ സന്ദർശകരുടെ തിരക്കായപ്പോൾ രാത്രിയിൽ എഴുത്തിനായി നീക്കിവെച്ചു. അർധരാത്രിവരെ ഉറക്കമൊഴിഞ്ഞ് എഴുത്ത് സജീവമാക്കി. ഒപ്പം മറ്റൊരു ചെറുകഥകളുടെ സമാഹാരവും കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇവർ. ഓർഡർ ഓഫ് ദി ഗാലക്സി എന്ന നോവൽ പരമ്പരയിലെ ആദ്യ പുസ്തകമായ 'ദി വാർ ഓഫ് ദി സ്റ്റോളൻ ബോയ്' 2021 ജൂലൈയിലാണ് പുറത്തിറങ്ങിയത്. ആമസോൺ ആയിരുന്നു പ്രസാധകർ. തൊട്ടടുത്ത മാസം ഇതിന്റെ രണ്ടാം ഭാഗവും ഇക്കഴിഞ്ഞ ജൂണിൽ മൂന്നാം ഭാഗവും പുറത്തിറക്കിയതിന് പിന്നാലെയാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. ഏറ്റവും കുറഞ്ഞപ്രായത്തിൽ നോവൽ പരമ്പര പുറത്തിറക്കിയ എഴുത്തുകാരിയായാണ് ലൈബ ഗിന്നസിൽ ഇടംപിടിച്ചത്.
കേരളത്തിലെ പത്രങ്ങളിലും ചാനലുകളിലും ലൈബയുടെ നേട്ടം വാർത്തയായി. ഖത്തറിലെ അറബ് പത്രങ്ങളിലും നേട്ടങ്ങൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം നാട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ വീട്ടിൽ 'ഗിന്നസ് സർട്ടിഫിക്കറ്റുകൾ' കാത്തിരിപ്പുണ്ടായിരുന്നു. ഖത്തറിൽ ഓയിൽ മേഖലയിൽ ജോലിചെയ്യുന്ന മാഹി പെരിങ്ങാടി സ്വദേശി അബ്ദുൽ ബാസിതാണ് പിതാവ്. തസ്നിയാണ് മാതാവ്. ദോഹയിലെ ഒലീവിയ ഇന്റർനാഷനൽ സ്കൂളിൽ ആറാം ക്ലാസുകാരിയാണ് ലൈബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.