വിരമിക്കലിൽ വേറിട്ട കൈയൊപ്പുമായി ലത്തീഫ് മാഷ്
text_fieldsനാദാപുരം: മാർച്ചിൽ, സർവിസിലിരിക്കുന്നവർക്കുള്ള വിരമിക്കൽ മുഹൂർത്തമാണെങ്കിലും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുകയാണ് ചിത്രകലാധ്യാപകൻ. പേരോട് എം.ഐ.എം ഹൈസ്കൂളിൽനിന്ന് 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽനിന്ന് മാർച്ച് 31ന് വിരമിക്കുന്ന വി.പി. അബ്ദുല്ലത്തീഫ് തന്റെ വിരമിക്കലിന് കണ്ടെത്തിയതും ചിത്രകലപോലെ മനോഹരമായ വഴിയാണ്.
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കുള്ള ആശ്വാസത്തിന് പണം സ്വരൂപിച്ചുള്ള പ്രവർത്തനം വേറിട്ടതാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 50 ചിത്രകാരന്മാരെ സ്കൂളിൽ എത്തിക്കുകയും രണ്ടു ദിവസം ക്യാമ്പ് ചെയ്ത് ചിത്രങ്ങൾ വരക്കുകയുമായിരുന്നു.
ചിത്രങ്ങൾ വിറ്റുകിട്ടിയ രണ്ടു ലക്ഷത്തിൽപരം രൂപ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന എടച്ചേരി തണലിന് കൈമാൻ തയാറെടുക്കുകയാണ്. കൂടാതെ, മകളുടെ കല്യാണത്തിന് പന്തലിൽ വെച്ചുതന്നെ ചിത്രകല അധ്യാപകർ ചിത്രം വരക്കുകയും അത് മകൾക്ക് സ്വർണാഭരണത്തിന് പകരമായി നൽകിയും മാതൃകയായിട്ടുണ്ട്.
നാടകരംഗത്തും സജീവമായ ഇദ്ദേഹം സ്കൂളിന് സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടുന്നതിന് നേതൃത്വം വഹിച്ചു. സ്കൂളിലെ നിരവധി കുട്ടികളെ പ്രവൃത്തിപരിചയ മേളകളിൽ സംസ്ഥാന വിജയികളാക്കിയിട്ടുണ്ട്. നാദാപുരം സബ് ജില്ല പ്രവൃത്തിപരിചയമേളയുടെ കൺവീനറായി തുടർച്ചയായി ഒമ്പത് വർഷം പ്രവർത്തിച്ചു. കായക്കൊടിയിൽ 40 വർഷം മുമ്പ് ജ്യൽസ് എന്ന സാംസ്കാരിക സംഘടന രൂപവത്കരിക്കുകയും അതിന്റെ മുഖ്യസംഘാടകനായി ഇപ്പോഴും പ്രവർത്തിച്ചുവരുകയുമാണ്. കായക്കെടി എ.എം.യു.പി സൂകൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. ഭാര്യ: താഹിറ പുതിയോട്ടിൽ (വാണിമേൽ). മക്കൾ: ഹംന (സൈക്കോളജിസ്റ്റ്), വസീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.