ലീല പാടുകയാണ്, ദുഃഖങ്ങൾ മറന്ന്
text_fieldsമൂവാറ്റുപുഴ: ജീവിത സായാഹ്നത്തിലും സർപ്പം പാട്ട് പാടി ജീവിതം കഴിക്കുകയാണ് ലീല എന്ന എഴുപത്തിമൂന്നുകാരി. മുപ്പത്തി അഞ്ചുവർഷമായി തുടരുന്ന ഈ കലാതപസ്യക്ക് വിശ്രമം നൽകാൻ ജീവിത സാഹചര്യം മൂലം ഈ വയോധികക്ക് കഴിയുന്നില്ല. അമ്പലങ്ങളിൽനിന്ന് അമ്പലങ്ങളിലേക്ക് തെൻറ വീണയുമായി യാത്രയിലാണ് ലീല. മുടവൂർ കൊളപ്പുറത്തുകുടി ലീലക്ക് പാരമ്പര്യമായി ലഭിച്ചതാണ് സർപ്പംപാട്ട് കല.
ലീലയുടെ പിതാവ് ഭാസ്കരൻ സർപ്പംപാട്ട് കലാകാരനായിരുന്നു. ലീലയുൾെപ്പടെ ഏഴുമക്കളും കലാ പാരമ്പര്യം നിലനിർത്തി. എന്നാൽ, ലീല അത് തൊഴിലായി സ്വീകരിക്കുകയായിരുന്നു. ഭർത്താവ് നേരത്തേ മരണപ്പെട്ടതിനെ തുടർന്ന് മൂന്നുമക്കളെയും വളർത്തിയത് ഇതിൽ നിന്നുലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടുമാത്രമായിരുന്നു. മൂന്നുമക്കളിൽ ഒരാൾ മാത്രമാണ് ലീലയ്ക്കൊപ്പം ഉള്ളത്.
ഇയാൾ ആകട്ടെ ഭിന്നശേഷിക്കാരനാണ്. കൂടാതെ കൈക്ക് സ്വാധീന കുറവുമുണ്ട്. പണ്ടൊക്കെ ധാരാളംപേർ അമ്പലങ്ങളിലും വീടുകളിലും സർപ്പംപാട്ട് പാടിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അമ്പലങ്ങളിൽപോലും വളരെ കുറച്ചുപേർ മാത്രമാണ് പാട്ട്പാടിക്കുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ പാടിയാൽ 500രൂപയിൽ താഴെമാത്രമാണ് വരുമാനം. ഇതിൽ യാത്രക്കൂലിയും മറ്റുചെലവുകളും കഴിച്ചാൽ 250രൂപ ലഭിക്കും. ഇത് ഇൗ പാരമ്പര്യ കലയിൽ ഏർപ്പെട്ട മുഴുവൻ പേരുടെയും സ്ഥിതിയാണ്.
കലൂർ പേരമംഗലം പ്രണവം മലയിലെ നാഗരാജ ക്ഷേത്രത്തിൽ സ്ഥിരമായി സർപ്പംപാട്ട് പാടാൻ എത്തുന്ന ലീല അഞ്ചുകുളം ദേവി ക്ഷേത്രത്തിൽ വെള്ളിയാഴ്ചകളിലും വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിൽ ഞായറാഴ്ചകളിലും, പിറവം നെച്ചൂർ മുടക്കിൽ ഉത്സവത്തിന് തുടർച്ചയായി നാല് ദിവസങ്ങളിൽ ക്ഷേത്രത്തിൽ താമസിച്ചുമാണ് സർപ്പംപാട്ട് പാടുന്നത്. സ്വന്തമായി വീടില്ലാത്ത ഇവർക്കോ മകനോ സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. 73ാം വയസ്സിലും ഒരാഗ്രഹമാണ് ലീലക്കുള്ളത് സ്വന്തമായ വീടും അതിലിരുന്ന് സർപ്പം പാട്ട് പാടണമെന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.