പശുവളർത്തി നേട്ടംകൊയ്ത് ലീല
text_fieldsകായംകുളം: കൊടിപിടിച്ചും പുല്ലരിഞ്ഞും തഴമ്പിച്ച കൈകളുമായി വള്ളികുന്നത്ത് എത്തി മൃഗപരിപാലനത്തിൽ നേട്ടങ്ങൾ കൊയ്യുന്ന ലീല പുരസ്കാരങ്ങളുടെ നിറവിൽ.
വള്ളികുന്നം ഇലിപ്പക്കുളം രാജധാനിയിൽ രാജപ്പെൻറ ഭാര്യ ലീലയാണ് (62) പശു പരിപാലനത്തിലൂടെ വിജയഗാഥ രചിക്കുന്നത്. 13 പശുക്കളാണ് ഇവരുടെ വീട്ടിൽ വളരുന്നത്. പാലുൽപാദനത്തിലെ മികവിൽ പട്ടികജാതി വിഭാഗത്തിലെ ജില്ലയിലെ മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് ഇത്തവണ ലീലക്കായിരുന്നു.
പ്രമുഖ സി.പി.എം നേതാവും പന്തളം മുൻ എം.എൽ.എയുമായ പി.കെ. കുമാരെൻറ ഇളയ സഹോദരിയായ ലീല കുഞ്ഞുനാളിേല പശുവളർത്തലിൽ കമ്പക്കാരിയായിരുന്നു. വീട്ടിലെ പശുക്കൾക്ക് പുല്ലരിയാനായി ഏറെ താൽപര്യത്തോടെയാണ് ചേരിക്കൽ പുഞ്ചയിലേക്ക് പിതാവിനൊപ്പം പോയിരുന്നത്. സഹോദരനൊപ്പം പാർട്ടിപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
പട്ടാളക്കാരനായ രാജപ്പെൻറ ജീവിതപങ്കാളിയായി വള്ളികുന്നത്തേക്ക് വന്നതോടെ പശുവളർത്തലിനുള്ള അവസരം നഷ്ടമായി. ഭർത്താവിനൊപ്പം െകാൽക്കത്തയിലും കണ്ണൂരിലുമായിരുന്നു. 34 വർഷം മുമ്പ് വീണ്ടും വള്ളികുന്നത്ത് താമസമായപ്പോൾ ഒരുപശുവിനെ വാങ്ങി.
പാലിന് ആവശ്യക്കാർ വർധിച്ചതോടെ പശുക്കളുടെ എണ്ണവും വർധിപ്പിച്ചു. അതിനിടെ, കാപ്പിൽ ക്ഷീരസംഘത്തിൽ അംഗമായി. ഇവിടെനിന്ന് അഞ്ച് കിടാരികളെ നൽകിയതോടെയാണ് ഫാം എന്ന തരത്തിൽ വികാസമുണ്ടാകുന്നത്.
വൈദ്യുതിയന്ത്രം ഉപയോഗിച്ച് പശുക്കളെ കറക്കുന്നതും വീട്ടുവളപ്പിലെ പുല്ല് ഉൽപാദനവും ഫാം ലാഭത്തിലാക്കാൻ സഹായിക്കുന്നതായി ലീല പറയുന്നു. ആറ് വർഷം മുമ്പാണ് 60,000 രൂപ െചലവഴിച്ച് കറവയന്ത്രം വാങ്ങിയത്. വൈദ്യുതി ഇല്ലാത്തപ്പോൾ യന്ത്രസഹായമില്ലാതെയാണ് കറക്കുന്നത്. ജഴ്സി, എച്ച്.എഫ് ഇനങ്ങളാണ് ഇവിടെയുള്ളത്. നാല് കിടാരികളുമുണ്ട്.
സർവിസിൽനിന്ന് വിരമിച്ചതോടെ രാജപ്പനും ഒപ്പംകൂടിയത് ലീലക്ക് സഹായമായി. എം.എസ്സി ഫിസിക്സ് ബിരുദധാരിയായ മകൻ രജിനും പശുപരിപാലനത്തിൽ സഹായിക്കുന്നു.
ഡി.വൈ.എഫ്.െഎ മേഖല സെക്രട്ടറി കൂടിയായ രജിന് കാർഷികവൃത്തിയോടാണ് ഏറെയിഷ്ടം. എല്ലാമാസവും ഒരേ അളവിൽ പാൽ ലഭിക്കുന്ന തരത്തിലാണ് പശുക്കളെ വളർത്തുന്നത്.
ദിവസവും 35 ലിറ്ററോളം പാൽ കാപ്പിൽ ക്ഷീരോൽപാദകസംഘത്തിന് നൽകുന്നു. 10 ലിറ്ററോളം പാൽ പരിസരവാസികൾക്കായും വിൽപന നടത്തുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിെൻറ മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് രണ്ട് തവണ ലീലക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.