വെല്ലുവിളികൾക്കപ്പുറം സ്നേഹം വിളമ്പി ലേഖ
text_fieldsകൊല്ലങ്കോട്: നാഡീസംബന്ധമായ രോഗത്താൽ വലയുമ്പോഴും പക്ഷേ, തന്റെ കുട്ടിക്കൂട്ടത്തെ കണ്ടാൽ ലേഖ അതൊക്കെ മറക്കും. മനസിൽ സ്നേഹം തുളുമ്പും, സ്നേഹം വിളമ്പും. കുട്ടിക്കാലം മുതൽ രോഗത്താൽ പ്രയാസമനുഭവിക്കുന്നയാളാണ് കൊല്ലങ്കോട് അരുവന്നൂർ പറമ്പ് അരിക്കത്തു ശ്രീലകത്തിൻ എം.ലേഖ (34).
പലപ്പോഴും ശരീരം ചലിപ്പിക്കുന്നത് പോലും അത്രമേൽ വേദന നിറഞ്ഞ പ്രവൃത്തിയാണ്. എങ്കിലും അതിനെല്ലാം അപ്പുറം ഓട്ടിസം ബാധിച്ച 17 കുഞ്ഞുങ്ങൾക്ക് ലേഖ അമ്മയും കൂട്ടുകാരിയുമാണ്. ഭർത്താവ് ജി. സുധീഷും മാതാപിതാക്കളും പിന്തുണയുമായെത്തിയതോടെയാണ് ഓട്ടിസം ബാധിച്ച കുരുന്നുകൾക്ക് കഥ പറയുന്ന അമ്മയായും കളിപ്പിക്കുന്ന കൂട്ടുകാരിയായും ലേഖ മാറിയത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പരിചരിച്ച് സ്നേഹിക്കുമ്പോൾ തന്റെ രോഗത്തിന്റെ കാഠിന്യവും മറക്കുമെന്ന് ലേഖ പറയുന്നു.
രോഗികൾക്കു പുറമെ അവരിൽ അനാഥരായവരും കിടപ്പിലായവരും മാതാപിതാക്കൾ ഉപേക്ഷിച്ചവരും അടക്കം നിരവധി കുട്ടികൾ ഇന്ന് അവരുടെ സ്നേഹം നുകരുന്നുണ്ട്. സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന ലേഖ രോഗം കലശലായതോടെ അവധിയിലാണ്. കൊല്ലങ്കോട് മഹാകവി പി. സ്മാരക ഗ്രന്ഥശാല ഹാളിലേക്ക് ലേഖയെ കാണാൻ കുരുന്നുകളുമായി അമ്മമാർ എത്തുന്നത് പതിവാണ്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒന്നിച്ചിരിക്കാനും പരസ്പരം സൗഹൃദം പങ്കിടാനും വേദിയൊരുക്കുന്നത് കൂടുതൽ സന്തോഷം നൽകുന്നതായി ലേഖയും കുട്ടികളുടെ രക്ഷിതാക്കളും പറയുന്നു. പ്രഫ.വൈരേലിൽ കരുണാകര മേനോൻ അവാർഡിലൂടെ ലേഖ നേടിയ തുക ഓട്ടിസം കുരുന്നുകൾക്കായി നൽകി. മഹാകവി പി.സ്മാരക കലാ സാംകാരിക കേന്ദ്രത്തിലെ ലൈബ്രേറിയൻ സേതുമാധവന്റെ മകളാണ് ലേഖ, അമ്മ ഇന്ദിര ദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.