ലിയാന ഫാത്തിമ; നീന്തൽക്കുളത്തിലെ അഭിമാനം
text_fieldsനീലേശ്വരം: ജില്ല ഒളിമ്പിക് മേള നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ഇന്ത്യൻ ഒളിമ്പിക്സിലെ സുവർണ പ്രതീക്ഷയായി മാറുകയാണ് മേൽപറമ്പിലെ ഉമ്മർ നിസാറിന്റെയും റാഹിലയുടെയും മകൾ പ്ലസ് ടു വിദ്യാർഥിനിയായ ലിയാന ഫാത്തിമ. ദുബൈയിലായിരിക്കുമ്പോൾ തന്നെ നീന്തലിനോട് വലിയ അഭിനിവേശമായിരുന്നു ലിയാനക്ക്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ടീച്ചറാണ് മാതാപിതാക്കളെ വിളിച്ച് ലിയാനക്ക് നീന്തലിൽ താൽപര്യമുണ്ടെന്ന് അറിയിക്കുന്നത്.
തുടർന്ന് നീന്തൽ പരിശീലനം ആരംഭിച്ചു. ആ വർഷം സമ്മാനം നേടി. 2012ൽ ജില്ലതല നീന്തൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതോടെയാണ് ലിയാന ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിൽ പാലക്കാട്ടെ നീന്തൽ പരിശീലകൻ ആർ. സന്തോഷ് കുമാറാണ് ലിയാനയുടെ ഗുരു. തുടർന്നങ്ങോട്ട് ജില്ലതലത്തിലും സംസ്ഥാനതലത്തിലും ചാമ്പ്യനായി. എറണാകുളം ഗ്ലോബൽ സ്കൂളിൽ സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ അഞ്ച് തവണ തുടർച്ചയായി ചാമ്പ്യൻപട്ടം നേടിയതിന്റെ റെക്കോഡ് ലിയാനയുടെ പേരിലാണ്. 2016ൽ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ 30 വർഷത്തിന് ശേഷം കേരളത്തിൽ നീന്തലിൽ സ്വർണം സമ്മാനിച്ച സുവർണതാരം കൂടിയാണ് ലിയാന. 2018ൽ സീനിയർ നാഷനൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഒരേയൊരു മെഡലും ഈ മിടുക്കിയുടെ പേരിലായിരുന്നു.
50, 100, 200 ബട്ടർഫ്ലൈ സ്റ്റെയിൽ 50,100 ഫ്രീ സ്റ്റെയിൽ എന്നീ അഞ്ചിനങ്ങളിലാണ് ലിയാന മാറ്റുരക്കുന്നത്. എറണാകുളം ജില്ലക്ക് വേണ്ടിയാണ് സാധാരണ മത്സരിക്കാറുള്ളതെങ്കിലും ദേശീയ നീന്തൽ താരം എം.ടി.പി. സൈഫുദ്ദീന്റെ നിർദേശ പ്രകാരമാണ് ഇത്തവണ കാസർകോട് ജില്ലക്കുവേണ്ടി മത്സരിക്കുന്നത്. പരിശീലകരോടൊപ്പം നാട്ടുകാരുടെയും കൂട്ടുകാരുടെയും കുടുംബത്തിന്റെയുമെല്ലാം പിന്തുണയും പ്രോത്സാഹനവും നിറയുമ്പോൾ രാജ്യത്തിനായി ഒരു ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നമാണ് ലിയാനുടെ മനസ്സുനിറയെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.