അക്ഷര വെളിച്ചം വിതറി സ്ത്രീ കൂട്ടായ്മയിൽ ഒരു ലൈബ്രറി
text_fieldsസ്ത്രീകൾ മാത്രം കൈകാര്യം ചെയ്ത് നേട്ടങ്ങളുടെ നെറുകയിൽ ജില്ലയിൽ ഒരു ലൈബ്രറിയും. പെരിന്തൽമണ്ണയിലെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ലൈബ്രറിയും വായനശാലയുമാണ് ഈ രംഗത്ത് വേറിട്ട് നിൽക്കുന്നത്. 2012ൽ തുടങ്ങി ഒരുവർഷം കൊണ്ട് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടാനായി.
കഴിഞ്ഞ പത്തുവർഷം കൊണ്ട് സ്ത്രീകളുടെ ശാക്തീകരണത്തിനും പുരോഗതിക്കും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. എം. അമ്മിണി പ്രസിഡൻറും എം. സൈഫുന്നീസ സെക്രട്ടറിയുമായ എക്സിക്യൂട്ടിവ് കമ്മിറ്റിക്കാണ് ചുമതല. 5244 പുസ്തകങ്ങളുള്ള ലൈബ്രറിക്ക് നഗരസഭ സ്വന്തമായി കെട്ടിടം നിർമിച്ച് നൽകിയിട്ടുണ്ട്.
പെരിന്തൽമണ്ണ ഗവ. എൽ.പി സ്കൂളിൽ (പഞ്ചമ സ്കൂൾ) പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്താണ് ലൈബ്രറി പ്രവർത്തനം. 321 അംഗങ്ങളുള്ള ലൈബ്രറിയിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ സ്ത്രീകൾ മാത്രമാണ്. 50 അംഗങ്ങളുള്ള വനിത വേദിയും 28 പേരുള്ള യുവതികളുടെ വേദിയും 65 അംഗങ്ങളുള്ള ബാലവേദിയുമാണ് കരുത്ത്.
വായനയിൽ പിന്നിലായ സ്ത്രീകളെയും വീട്ടമ്മമാരെയും അക്ഷരലോകത്തേക്ക് അടുപ്പിക്കാനായതാണ് മികവ്. കാഴ്ച പരിമിതിയുള്ളവർക്കും വയോധികർക്കും ഓഡിയോ ലൈബ്രറി എന്ന പദ്ധതി ആലോചനയിലുണ്ടെന്ന് പ്രസിഡൻറ് പറയുന്നു. മലപ്പുറത്ത് ഇവരെ കൂടാതെ മക്കരപറമ്പ് കാച്ചിനിക്കാട് ഇത്തരത്തിൽ വനിതകളുടെ ലൈബ്രറിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.