ജീവിതത്തിന്‍റെ ചന്തമുള്ള 'ചന്ത'പ്പെണ്ണുങ്ങൾ...
text_fieldsമോനേ, പറ്റുവെങ്കില് ഇൗ മാർക്കറ്റിലിരുന്ന് മരിക്കണമെന്നാണ് അമ്മച്ചീട ആഗ്രഹം. ഇവിടത്തെ ഒച്ച കേക്കാതെ എങ്ങനാ കിടക്കാൻ പറ്റുന്നത്. എങ്ങനാ ഉറങ്ങാൻ പറ്റുന്നത്. പത്ത് വയസ്സില് വന്ന് കേറീതാണ്. കൊല്ലം അറുപത് കഴിഞ്ഞ്. ഇവിടുത്തെ മഞ്ഞും വെയിലും മഴയും പൊടിയും കൊണ്ട് ഒണ്ടാക്കിയ ജീവിതമേ നമ്മക്കുള്ളൂ. അത് ഇവിടത്തന്ന ഒടുങ്ങിയാ അത്തറേം സന്തോഷം. പിന്ന ചന്തപ്പെണ്ണുങ്ങളെന്ന് വിളിച്ച് കളിയാക്കുന്നോര് വിളിച്ചോെട്ട. അതിനെന്താ, ഞങ്ങ ചന്തെപ്പണ്ണുങ്ങള് തന്നാ. നല്ല അന്തസ്സുള്ള ഒന്നാന്തരം ചന്തപ്പെണ്ണുങ്ങള്. നിങ്ങള് പറയുന്ന കോലത്തിലും അർഥത്തിലും അല്ലെന്നുമാത്രം. ജീവിതത്തിെൻറ കനത്തെക്കുറിച്ച് പറയുന്നോര്ക്ക് എന്തറിയാം. ഇൗ ചന്തേലെ വെയിലേറ്റ്, ഇൗ ചന്തേലെ ചൂടേറ്റ്, ഇൗ ചന്തേലെ പൊടിയേറ്റ് ഞങ്ങ ഉണ്ടാക്കിയെടുത്തതാ ഞങ്ങടെ ജീവിതം. ഞങ്ങടെ കുടുംബം. ഞങ്ങടെ എല്ലാം. ഞങ്ങക്ക് നിവർന്നുനിക്കാനേ നെട്ടല്ല് തന്നത് ഇൗ ചന്തയാ. അതും ചേർത്തുള്ള തെറി ഞങ്ങക്കൊര് അലങ്കാരായിേട്ട തോന്നൂ. വിളിക്കുന്നോര് വിളിച്ചോെട്ടന്നേ...''
സ്വർണമ്മ 60 വർഷത്തിെൻറ കണക്കുകളും നിലപാടുകളും നിരത്തി. നീണ്ട 60 വർഷങ്ങൾ. നിശ്ചയമായും അത് കുറഞ്ഞൊരു കാലയളവല്ല. അതൊരാളുടെ ആയുസ്സിെൻറ ഏറ്റവും ഏറിയ പങ്കാണ്. അ കാലമത്രയും ആണിടങ്ങളെന്ന് നമ്മൾ കരുതി വിശ്വസിച്ചുറപ്പിച്ചുപോരുന്ന ചന്തകളിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തി നെട്ടല്ല് നിവർത്തിയിരുന്ന പെണ്ണുങ്ങളുടെ പ്രതിനിധിയാണ് സ്വർണമ്മ. തിരുവനന്തപുരം, കുര്യാത്തി ത്രിവേണിനഗറിൽനിന്നാണ് സ്വർണമ്മ ചാല മാർക്കറ്റിലേക്ക് എത്തുന്നത്. അവരുടെ പത്താമത്തെ വയസ്സിൽ. അത്ര സുവർണമല്ലെങ്കിലും തെൻറ ജീവിതത്തിന് അഭിമാനത്തിെൻറയും സ്വന്തം കാലിൽ നിൽപിെൻറയും നിറങ്ങൾ പകർന്നുനൽകിയ ചാല കേമ്പാളത്തിനോട് ഇവർക്കുള്ള ആത്മബന്ധം ചെറുതൊന്നുമല്ല. രണ്ടു പെൺമക്കളും ഒരു മകനുമുണ്ട് സ്വർണമ്മക്ക്. ഭർത്താവ് നേരത്തേ മരിച്ചു. ഇപ്പോഴും സ്വയം അധ്വാനിച്ച് ജീവിക്കുന്നു.
സ്വർണമ്മയെപ്പോലെ കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് പെണ്ണുങ്ങളുണ്ട്. ചന്തകളിൽ കച്ചവടത്തിനെത്തുന്ന പെണ്ണുങ്ങൾ. ശരിക്കും ചന്തകൾ ഇവരുടെ വയറ്റുപ്പിഴപ്പ് കേന്ദ്രങ്ങൾ മാത്രമല്ല, അവരുടെ രക്ഷാകർത്താവും ജീവായുസ്സിെൻറ ഭാഗവുംകൂടിയാണ്. ചെറ്റയും തറയും പുലയാടിയും ഒക്കെ തെറിയായി പറഞ്ഞുപഠിച്ച നമ്മുടെ മറ്റൊരു ആക്ഷേപവാക്കാണല്ലോ ചന്തപ്പെണ്ണുങ്ങൾ. ഒെട്ടാരു തേൻറടമുള്ള പെണ്ണുങ്ങളെ, ആത്മവിശ്വാസത്തോടെ തലയുയർത്തി ഉറച്ച സ്വരത്തിൽ സംസാരിക്കുന്ന പെണ്ണുങ്ങളെ ഒക്കെ അസഭ്യപ്പെടുത്താൻ നാം തിരഞ്ഞെടുത്ത തെറികളിൽ ഒന്നാണേല്ലാ ആ വാക്ക്. ചന്തയിൽ കച്ചവടത്തിനെത്തി ആണിനോട് ഒച്ചയുയർത്തി സംസാരിച്ച, കച്ചവടംചെയ്ത, കുടുംബം പുലർത്തിയ, അന്തസ്സോടെ തലയുയർത്തി നടന്ന പെണ്ണുങ്ങളെ ആൺകൂട്ട അഹന്തക്ക് അത്ര പിടിച്ചുകാണില്ല.
ചന്തകളിലെത്തിയ കച്ചവടക്കാരികളെ അവർ ചന്തപ്പെണ്ണുങ്ങൾ എന്ന് ആക്ഷേപിച്ചു വിളിച്ചു. ആക്ഷേപം ചൊരിഞ്ഞു ചൊരിഞ്ഞ് നാടുമുഴുവൻ പിന്നെയാ വാക്കൊരു തെറിയായി പരകായപ്പെട്ടു. ഉച്ചത്തിൽ മറുവാക്കുകൾ പറയുന്ന പെണ്ണുങ്ങളെയൊക്കെയും ആൾക്കൂട്ടം പ്രത്യേകിച്ചും ആൺകൂട്ടം ചന്തപ്പെണ്ണ് എന്നാക്ഷേപിച്ച് മൂലക്കിരുത്താൻ ശ്രമിച്ചു. അതിനിടയിൽ ജീവിതത്തിെൻറ നല്ലപാതി നമ്മുടെ ചന്തകളിൽ ചെലവഴിച്ച ഒരുകൂട്ടം പെണ്ണുങ്ങൾ ഈ തെറിവിളികളെ ഒക്കെയും മറികടന്നു. അവർ ആണുങ്ങളോട് പൊരുതിത്തന്നെ ചന്തകളിൽ അവരുടെ ഇടങ്ങൾ കണ്ടെത്തി. കച്ചവടം ചെയ്തു. ജീവിതത്തിെൻറ ചന്തംകൂട്ടി. അത്തരം കുറെ പെണ്ണുങ്ങളുടെ കഥയാണിത്. കുറെ ചന്തപ്പെണ്ണുങ്ങളുടെ കഥ...
തിരുവനന്തപുരം കുര്യാത്തി ത്രിവേണിനഗറിൽനിന്നുതന്നെയാണ് സുഭദ്രാമ്മയും വരുന്നത്. 90 വയസ്സുണ്ടാകും. 60 വർഷങ്ങളായി ചാല കേമ്പാളത്തിലാണ് കച്ചവടം. ചാല മാർക്കറ്റിൽ കച്ചവടം നടത്തുന്നവരുടെയും സാധനങ്ങൾ വാങ്ങാൻ വരുന്നവരുെടയും അമ്മച്ചിയാണ് സുഭദ്ര. ഭർത്താവ് കൃഷ്ണൻ വരക്കടയിലുള്ള കൊപ്ര ആട്ടുന്ന മില്ലിലെ പണിക്കാരനായിരുന്നു. കല്യാണം കഴിഞ്ഞതിനു പിന്നാലെയാണ് ചാല മാർക്കറ്റിൽ കച്ചവടത്തിനെത്തുന്നത്. പുലർച്ച ആറു മണിക്ക് കേമ്പാളത്തിൽ എത്തണം. നാലു മണിക്കെങ്കിലും എഴുന്നേൽക്കണം. എന്നാലേ സമയംതെറ്റാതെ എത്താൻ കഴിയൂ. ''ദൈവത്തെ കാണുേമ്പാലെയാണ് നമ്മുടെ മുന്നിൽ സാധനം വാങ്ങാൻ വരുന്നവരെ കാണുന്നത്. മക്കളേന്നുള്ള വിളി കേൾക്കുേമ്പാൾതന്നെ വാങ്ങാനെത്തുന്നവർക്ക് നിറഞ്ഞ സന്തോഷമാകും. ചിലർ ചോദിച്ചതിനേക്കാൾ കൂടുതൽ വിലക്ക് സാധനം വാങ്ങാറുണ്ട്. ചിലർ തിരിച്ചും'' -സുഭദ്രാമ്മ പറയുന്നു.
അന്നൊക്കെ തേങ്ങ, കാന്താരി, ഒടൻകൊല്ലി മുളക്, മുട്ട, ആത്തച്ചക്ക, മാങ്ങ എന്നിവയായിരുന്നു പെണ്ണുങ്ങൾ കച്ചവടത്തിന് കൊണ്ടുവന്നിരുന്നത്. തനി നാടൻ സാധനങ്ങൾ. ആണുങ്ങളായ വ്യാപാരികളും നന്നായി സഹായിക്കും. എല്ലാവരും മാന്യമായി പെരുമാറും. ആരും തെറിവാക്കുകളോ മോശം വർത്തമാനങ്ങളോ നടത്തിയിട്ടില്ല. അന്നന്ന് വിൽക്കാനുള്ള സാധനങ്ങൾ തലേ ദിവസമോ പുലർച്ചയോ കൂടുതലായി വാങ്ങി സൂക്ഷിക്കണം. നാട്ടുപച്ചക്കറികളാണ് വിൽപനക്കെത്തിക്കാറ്. ഇന്നുവരെ ആരിൽനിന്നും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു. ''എല്ലാരും അമ്മച്ചീന്ന് തന്നാണ് വിളിക്കണത്. നമ്മടെ മുന്നിലെത്തണവരെ ഞാൻ മക്കളേന്ന് വിളിക്കും. ഇന്നേവരെ ആരും മൊടക്ക് വന്നിട്ടില്ല. വന്നോരെ ഒട്ട് വിട്ടിട്ടുവില്ല''-സുഭദ്ര പറഞ്ഞു. പണ്ടൊക്കെ മാർക്കറ്റിൽ നിറയെ പെണ്ണുങ്ങൾ കച്ചവടത്തിനെത്തിയിരുന്നെന്നും ഇപ്പോൾ ചുരുങ്ങി ചുരുങ്ങി തങ്ങളെപ്പോലെ ഏതാനും വയോധികർ മാത്രമാണ് വരുന്നെതന്നും അവർ പറഞ്ഞു. പുതിയതായി ഒരാൾപോലും ഇവരുടെ കൂട്ടത്തിലേക്ക് അടുത്തൊന്നും ചേർന്നിട്ടില്ല.
ആക്ഷേപിക്കുന്നവരും ചന്തപ്പെണ്ണ് എന്ന് തെറിവാക്ക് വിളിക്കുന്നവരും ഒക്കെയാണ് ശരിക്കും ആക്ഷേപിക്കപ്പെടേണ്ടവർ എന്നാണ് സുഭദ്രയുടെ പക്ഷം. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഞങ്ങൾക്ക് ഇതൊന്നും ഗൗനിക്കാൻ സമയമില്ല. വിളിക്കുന്നവര് അവിടെക്കിടന്ന് വിളിക്കെട്ട, ഒരാളും നേരിട്ട് വന്ന് ചന്തപ്പെണ്ണെന്ന് വിളിക്കാനുള്ള ധൈര്യമൊന്നും ഇതുവരെ കാണിച്ചിട്ടില്ലെന്നും അങ്ങനെ വരുേമ്പാൾ അപ്പോൾ നോക്കാമെന്നും അവർ പറയുന്നു.
നാലു മക്കളാണ് സുഭദ്രക്ക്. ഭർത്താവ് നേരത്തേ മരിച്ചു. ഒരു മകൻ ജീവിതത്തിൽനിന്നും മരണത്തിലേക്ക് ഒളിച്ചോടി. മറ്റു മൂന്നു പെൺമക്കൾ. മരണം വരെ മറ്റാരെയും ആശ്രയിക്കാതെ അറിയാവുന്ന തൊഴിൽ ചെയ്ത് ജീവിക്കണം. അതിന് ഇൗ ചന്ത തന്നേ കൂട്ടായിട്ടുണ്ടാകൂ. ആ ഉറപ്പാണ് ജീവിക്കാനുള്ള ആഗ്രഹം തരുന്നതെന്നും സുഭദ്രാമ്മ പറയുന്നു.
ചാല ചന്തയിലെതന്നെ ഏറ്റവും സീനിയറായ കച്ചവടക്കാരി ആരെന്ന് ചോദിച്ചാൽ സരസ്വതിയമ്മ എന്നു പറയേണ്ടിവരും. 96 വയസ്സ്. ഇന്നും അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കുന്നു. സ്വന്തമായി ഓല ചീകി 'തൊറപ്പാ' (ചൂൽ) ഉണ്ടാക്കി ചാല മാർക്കറ്റിൽ കൊണ്ടുവന്നു വിൽക്കുന്നു. നാലു മക്കളുണ്ടെങ്കിലും 1000 രൂപ മാസവാടകക്ക് ഒറ്റമുറി വീട്ടിലാണ് ഇപ്പോഴും താമസം. സ്വന്തം റേഷൻ കാർഡ് പോലും കൈയിലില്ല. എന്നിട്ടും ആരുടെ മുന്നിലും കൈനീട്ടാതെ, തലകുനിക്കാതെ ഇന്നും അധ്വാനിച്ച് അന്നത്തിനുള്ള വകകണ്ടെത്തുകയാണ് സരസ്വതിയമ്മ. വീട്ടിലെ പാചകവും ഒറ്റക്കുതന്നെ. ഇൗ ഉൾക്കരുത്തിെൻറ പേരുകൂടിയാണ് ചന്തപ്പെണ്ണ് എന്നത്. ഏതാനും നാളുകൾക്കുമുമ്പ് ചാല മാർക്കറ്റിലെ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ഷാജി അട്ടക്കുളങ്ങര സമൂഹമാധ്യമം വഴി സരസ്വതിയമ്മയെ പരിചയപ്പെടുത്തിയതോടെ ആയിരങ്ങളാണ് അവരെ പിന്തുണച്ച് രംഗത്തെത്തിയത്. അംബികയും ചന്ദ്രികയും ഒക്കെ ഇതുപോലെ കേമ്പാളത്തിൽ കച്ചവടം ചെയ്ത് കുടുംബം പുലർത്തുന്ന പെണ്ണുങ്ങളാണ്. നമ്മുടെ സാമൂഹിക ജീവിതത്തെയും മലയാളിയുടെ പൊതുബോധത്തെയും ഒക്കെ നമ്മളേക്കാൾ നന്നായി അടുത്തുനിന്ന് തൊട്ടറിഞ്ഞവർ. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ചന്തകളിൽ നമുക്ക് ഇതുപോലെ നിരവധി പെണ്ണുങ്ങളെ കാണാം.
ഇനി പറയൂ, ചന്തപ്പെണ്ണ് എങ്ങനെയാണ് തെറിവാക്കാകുന്നത്. എങ്ങനെയാണ് ആക്ഷേപമാകുന്നത്.
ശരിക്കും ഇതൊരു ചന്തവും അഭിമാനവും തുളുമ്പുന്ന വാക്കാണ്. ചിലരുടെ ജീവിതത്തിെൻറ നദികളായിരുന്നു ചന്തകൾ. വാക്കുകൾ കടമെടുത്താൽ, മുട്ടിലിഴയുകയോ നിലത്തുരുളുകയോ ചെയ്യേണ്ടിയിരുന്ന കുറേ ഒറ്റയായ പെണ്ണുങ്ങൾക്ക് നെട്ടല്ല് കൊടുത്തത് ചന്തകളാണ്. അതിലവർ നിവർന്നുനിൽക്കുകയും സ്വാതന്ത്ര്യത്തോടെ ശ്വസിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന തോന്നൽ വയറുനിറച്ച് വാരിത്തിന്ന് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള നമുക്കിടയിലാണ് നെട്ടല്ല് നിവർത്തി ഇവർ ഇടങ്ങൾ പൊരുതി നേടിയെടുക്കുന്നത്. അവരുെട ഇടങ്ങളെയും അവരുടെ നിർഭയങ്ങളെയുമാണ് തെറികൊണ്ട് മൂടി തോൽപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ''നമ്മള് ജീവിക്കുന്നത് നമ്മടെ മാത്രം ജീവിതമല്ലേ കുഞ്ഞേ, ഇൗ പറയുന്നോര് വല്ലോം നമുക്ക് വല്ലതും വെറുതെ കൊണ്ടുത്തരുമോ. അവരവിടെക്കിടന്ന് വിളിക്കെട്ടന്നേ'' എന്ന സരസ്വതിയമ്മയുടെ വാക്കേറിലുണ്ട് നിർഭയത്തിെൻറ പാലം കടന്ന മൂർച്ചയുള്ള ശബ്ദം. ചന്തപ്പെണ്ണ് എന്ന് തന്നെ ആക്ഷേപിച്ചവരോട് അഭിനേത്രി റിമ കല്ലിങ്കൽ കൊടുത്ത മറുപടി തന്നെയാണ് ഉചിതം. അതൊരു അംഗീകാരമായി കാണുന്നെന്നും കൂടുതൽ നന്നായി തൊഴിലെടുക്കുന്നവെരന്നാണ് അതിെൻറ അർഥമെന്നും റിമ പറയുന്നു.
എല്ലാ നന്മകളെയും വളരെ വേഗത്തിൽ മറവിയിൽ തള്ളി തിന്മകളും തെറികളും മാത്രം ബാക്കിയായി സൂക്ഷിക്കുന്നവരാണ് മനുഷ്യരിൽ അധികവും. നമ്മൾ പോലുമറിയാതെ അടിമുടി സ്ത്രീവിരുദ്ധത പേറി ഒാരോ മണിക്കൂറിലും മരിച്ചുവീഴുന്ന സമൂഹമാണ് നമ്മുടേത്. ഇത് വായിച്ചുകഴിയുേമ്പാൾ ചന്തപ്പെണ്ണ് എന്ന വാക്കിലെങ്കിലുമുള്ള സ്ത്രീവിരുദ്ധതയെയും മനുഷ്യത്വ വിരുദ്ധതയെുമെങ്കിലും ഒന്ന് താളുമറിച്ചുനോക്കാൻ നമുക്കായെങ്കിൽ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.