മഴയോര്മകളുടെ ആല്ബങ്ങള്
text_fieldsഡൽഹിയിലെ കെട്ടിടങ്ങൾക്കു മുകളിലൂടെ മഴ ചിതറിവീഴുമ്പോൾ മനസ്സ് തിരുവനന്തപുരം പുളിമൂട്ടിലെ വീട്ടിലേക്കും അവിടത്തെ പറമ്പിലേക്കും പറന്നുപോകും. ചേമ്പിലകളിൽ മഴവീഴുന്നതും തട്ടിത്തെറിക്കുന്നതും മുറ്റം നിറഞ്ഞൊഴുകുന്നതും ഓർമയിലേക്ക് ഓടിയെത്തും... ആ ഓർമകളെ നഷ്ടപ്പെടുത്താൻ വയ്യാത്തതുകൊണ്ടാണ് കഴിഞ്ഞ ഒമ്പതു വർഷമായി ഈ മഴയോർമകളെ ഡോ. ലക്ഷ്മി ഉണ്ണിത്താൻ കാമറകളിൽ പകർത്തുന്നത്.
2009ൽ ഒരു വാലന്റൈൻസ് ദിനത്തിൽ ഭർത്താവ് സമ്മാനമായി നൽകിയ കാനൻ കാമറയാണ് ജീവിതത്തിെൻറ ഫ്രെയിമുകളെ മാറ്റിവരച്ചത്. വലിയ ഫോട്ടോഗ്രാഫറായി പേരെടുക്കാനായിരുന്നില്ല. പകരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു നിമിഷങ്ങളെ ഒപ്പിയെടുക്കാൻ മാത്രമാണ് ലക്ഷ്മി ശ്രമിച്ചത്. നല്ല ആംഗിളുകൾ തേടി കാടും മലയും അലയാതെ മക്കളും ഭർത്താവും വീടും നാടും ചായയും കാൽപാദങ്ങളും ചെമ്പരത്തിയും ശംഖുപുഷ്പവും കാട്ടുചേമ്പിലയും മഞ്ചാടിയും കുന്നിക്കുരുവുമെല്ലാം ഫ്രെയിമുകളാക്കിയതും ഇതുകൊണ്ടാണ്.
മിണ്ടുന്ന ചിത്രങ്ങൾ
മഴയെപ്പോലെ തന്നെ ലക്ഷ്മിയുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുക ചായഗ്ലാസുകളും കാൽപാദങ്ങളുമാണ്. മേശയുടെ മുകളിൽ ചായവെച്ച് അതിെൻറ പടമെടുത്താണ് തുടങ്ങിയത്. ചായപിടിച്ച് താഴോട്ടുനോക്കുമ്പോൾ കാലുകളും കാണാം.. പലരും താഴോട്ട് നോക്കാറില്ല. അവിടെയും ഒരുപാട് കാഴ്ചകളുണ്ട്. ഒരു ഫോട്ടോഗ്രാഫർക്ക് വേണ്ടത് ക്ഷമയും താഴ്മയുമാണ്. എത്രയൊക്കെ പ്ലാൻചെയ്താലും ഹൃദയം നയിക്കുന്ന വഴിയിലൂടെ മാത്രമേ നമ്മുടെ പാദങ്ങളും സഞ്ചരിക്കൂ. അതുകൊണ്ടാണ് കാൽപാദങ്ങളും തന്റെ ഫ്രെയിമിലേക്ക് കടന്നുവന്നതെന്ന് ലക്ഷ്മി പറയുന്നു. കാമറയെക്കാളും മനസ്സിെൻറ കണ്ണാടി തുറക്കുമ്പോഴാണ് ഒരു ചിത്രം നമുക്ക് ലഭിക്കുന്നത്. അവിടെ കാമറയുടെ സാങ്കേതികവിദ്യക്ക് പരിമിതിയുണ്ട്.
അച്ഛൻ ഫോട്ടോയെടുത്ത് കൃത്യമായി ആൽബമാക്കി വെക്കാറുണ്ടായിരുന്നു എന്നല്ലാതെ ഫോട്ടോഗ്രഫിയിൽ പാരമ്പര്യവും അവകാശപ്പെടാനില്ല. അച്ഛനും അമ്മയും ഗവ. കോളജിൽ പ്രിൻസിപ്പലായി വിരമിച്ചവരാണ്. ഫോട്ടോഗ്രഫി പഠിച്ചിട്ടില്ല. യൂട്യൂബോ മറ്റോ ഉപയോഗിച്ച് പഠിക്കാനും ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപാട് മഹത്തരമാണ് ഈ പടങ്ങളെന്ന് അവകാശപ്പെടുന്നുമില്ല. കല്യാണം കഴിഞ്ഞാണ് ഡൽഹിയിൽ എത്തുന്നത്. വെറുതെയിരിക്കേണ്ട എന്നുകരുതിയാണ് ഭർത്താവ് കാമറ നൽകിയത്. ഒരു ബ്ലോഗ് തുടങ്ങുക, എഴുതുക, അതിനുവേണ്ട ഫോട്ടോകൾ എടുക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. പിന്നപ്പിന്നെ എഴുത്തിനെക്കാൾ കൂടുതൽ ഫോട്ടോയിലായി ശ്രദ്ധമുഴുവനും.
സ്വയമൊരു മാജിക്കാവാം
എല്ലാവരിലും എന്തെങ്കിലുമൊക്കെ കഴിവുകളുണ്ടാകാം. ഡാൻസോ പാട്ടോ തയ്യലോ പാചകമോ ആയിക്കോട്ടേ... അതിൽ നമുക്ക് മാജിക് കാണിക്കാൻ സാധിക്കണം. ലോകത്തിനു മുന്നിൽ എന്തെങ്കിലും ചെയ്ത് കാണിക്കണം എന്ന എെൻറയുള്ളിലെ തോന്നലാണ് ചിത്രങ്ങൾ. ഇങ്ങനെയും ചിത്രങ്ങളെടുക്കാം എന്ന് എനിക്ക് മറ്റുള്ളവരോട് പറയാൻ സാധിക്കുന്നുണ്ട്. ലക്ഷ്മിയുടെ ചിത്രങ്ങളിൽ ഇരുട്ടിനാണ് കൂടുതൽ പ്രാധാന്യം. എന്നാൽ, ദൂരേക്കു നോക്കിയാൽ വെളിച്ചത്തിെൻറ വരവ് കാണാൻ സാധിക്കും. എത്രയൊക്കെ ഇരുട്ടുനിറഞ്ഞാലും ദൂരെനിന്ന് വരുന്ന പ്രകാശം പോലെയാകണം ജീവിതം എന്ന് ചിത്രങ്ങളിലൂടെ ലോകത്തോട് പറയാൻകൂടി ശ്രമിക്കുകയാണ് ഓരോ ചിത്രവും.
ഏതൊരു മലയാളിയെയും പോലെ പത്മരാജനെയും മാധവിക്കുട്ടിയെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. കേരളത്തിൽനിന്ന് എത്ര ദൂരെയായാലും ഇവയൊക്കെ നമ്മെ കാന്തംപോലെ വലിച്ചടുപ്പിക്കും. ഓരോ മഴ കാണുമ്പോഴും കായംകുളത്തെ അച്ഛെൻറ വീട്ടിലെ ചേമ്പിലകൾ ഓർമവരുന്നതും ഇതുകൊണ്ടാവാം. പഴമയെയും മഴയെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും ഇതും കാരണമായിട്ടുണ്ട്. ഗൃഹാതുരതയിൽ ഒറ്റക്ക് മുങ്ങിനിവരുന്നതിന് പകരം മക്കളെയും ഇവയെല്ലാം കാണിക്കാനും പഠിപ്പിക്കാനും ശ്രമിക്കാറുണ്ട്. മഴക്കാലത്താണ് മിക്കവർഷങ്ങളിലും നാട്ടിൽ വരുന്നത്. നാട്ടിൽ വന്നാൽ പഴയ മനകളും വീടുകളും കാഴ്ചകളും കാണാൻ മക്കളെയും കൊണ്ടുപോകും.
ഓർമയിലേക്ക് ഈ മഴക്കാലവും
ഒമ്പതു വർഷം എടുത്തു കൂട്ടിയ ചിത്രങ്ങൾക്കൊന്നും ഒരു കണക്കുമില്ല. ഈ ചിത്രങ്ങൾ എന്തുചെയ്യുമെന്ന് പലരും ചോദിച്ചു. അന്നൊന്നും തോന്നിയില്ല. അതിനിടക്കാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷാനവാസ് എന്ന സുഹൃത്ത് ഒരു പ്രദർശനം നടത്തിക്കൂടേ എന്ന് ചോദിക്കുന്നത്. അതും രണ്ടുവർഷം മുമ്പ്. ആദ്യമൊന്നും അതിൽ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് തീരുമാനിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ചിത്രങ്ങളിൽനിന്ന് ആവശ്യമുള്ള തെരഞ്ഞെടുക്കലായിരുന്നു ഏറ്റവും പ്രയാസം. ‘റിഫ്ലക്ഷൻ’ എന്ന തലക്കെട്ടിലേക്ക് 78 ചിത്രങ്ങൾ തെരഞ്ഞെടുത്തു.
ജൂൺ 23 മുതൽ 30 വരെ ആയിരുന്നു എറണാകുളം ദർബാർ ഹാളിൽ പ്രദർശനം നടത്തിയത്. ജീവിതത്തിൽ മഴക്ക് ഒരുപാട് സ്ഥാനമുള്ളതുകൊണ്ടാണോ കന്നി പ്രദർശനം ഒരു മഴക്കാലത്തു തന്നെ സംഘടിപ്പിച്ചതെന്ന് പലരും ചോദിച്ചു. കാരണം, പുറത്ത് പെയ്യുന്ന മഴക്കുളിരുമായി ദർബാർ ഹാളിലേക്ക് കയറുമ്പോൾ അവിടെയും ഓർമകളുടെ മഴയിരമ്പമാണ് ആസ്വാദകനെ എതിരേറ്റത്. നമ്മുടെ ചുറ്റും കാണുന്ന എന്നാൽ നാം പോലും ശ്രദ്ധിക്കാതെ വിട്ടുകളയുന്ന പൂക്കളും ഇലകളും കല്ലുകളും പടവുകളും ദർബാർ ഹാളിന്റെ അകത്തളങ്ങളിൽ എല്ലാവരെയും വരവേറ്റു.
ഫോട്ടോഗ്രഫിക്കു പുറത്തെ ലക്ഷ്മി
കോളജ് ഓഫ് അഗ്രികൾചർ പുണെയിൽനിന്ന് അഗ്രികൾചറിൽ ബിരുദവും കേരള അഗ്രികൾചർ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും യൂനിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസ് ബംഗളൂരുവിൽ നിന്ന് ഡോക്ടറേറ്റും നേടിയുണ്ട്. രണ്ടുമാസം മുമ്പ് സ്റ്റേറ്റ് പ്രോജക്ട് െഡവലപ്മെൻറിൽ സീനിയർ മാനേജറായി ജോലിക്കു കയറി. ഭർത്താവ് അരവിന്ദ് ഡൽഹിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഗായത്രിയും ജയ്ദേവുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.