സ്വപ്നങ്ങൾക്ക് സല്യൂട്ട്
text_fields‘സ്വപ്നങ്ങളല്ല, സ്വപ്നങ്ങളെ പിന്തുടരുന്നവരാണ് തിളങ്ങുന്നത്’. ഈ വാക്കുകൾ അന്വർഥമാക്കി ഹെന്ന നസ്റിൻ തന്റെ ജീവിതത്തെ നോക്കി സല്യൂട്ട് ചെയ്യുകയാണ്. ഭൂട്ടാൻ, യു.കെ, അർജൻറീന, ബ്രസീൽ, യു.എസ്, നേപ്പാൾ, റഷ്യ, സിംഗപ്പൂർ, വിയറ്റ്നാം, കസാഖ്സ്താൻ തുടങ്ങി 19ഓളം രാജ്യങ്ങളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണേന്ത്യയിൽനിന്നുള്ള ഏക വിദ്യാർഥി പ്രതിനിധിയാണ് ഹെന്ന നസ്റിൻ.
നാഷനൽ കാഡറ്റ് കോർപ്സിന്റെ (എൻ.സി.സി) നേതൃത്വത്തിൽ നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം ഈ വർഷം ആഗസ്റ്റ് ഒന്നുമുതൽ കസാഖ്സ്താനിലാണ് നടക്കുന്നത്. ഈ വിദ്യാർഥികൾ പിന്നീട് രാജ്യത്തിന്റെ യുവ അംബാസഡർ എന്നാണ് അറിയപ്പെടുക.
തിരഞ്ഞെടുക്കപ്പെട്ട കാഡറ്റുകൾക്ക് അതത് രാജ്യങ്ങളിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനും ദേശീയ ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ദേശീയപ്രാധാന്യമുള്ള സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കാനും അവസരമുണ്ടാകും. സെൻറ് ജോസഫ്സ് കോളജ് ദേവഗിരി ബി.എസ്.സി മാത്തമാറ്റിക്സ് മൂന്നാം വർഷം ബിരുദ വിദ്യാർഥിയായ ഹെന്ന നസ്റിൻ 30 കേരള ബറ്റാലിയൻ എൻ.സി.സി കാഡറ്റ് ആണ്.
2023ൽ ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഹെന്ന പങ്കെടുത്തിരുന്നു. അവിടെ നടന്ന എഴുത്ത് പരീക്ഷ, പരേഡ്, ഗ്രൂപ് ഡിസ്കഷൻ, ഇന്റർവ്യൂ തുടങ്ങിയ കടമ്പകൾ മറികടന്നാണ് ഇന്ത്യയെ പ്രതിനിധാനംചെയ്ത് കസാഖ്സ്താനിലേക്ക് പോകാൻ അവസരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് ഈ അവസരം ലഭിച്ച 12 വിദ്യാർഥികളിൽ ഒരാളായ ഹെന്ന അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചതിൽ ആഹ്ലാദത്തിലാണ്.
കേരള-ലക്ഷദ്വീപ് മേഖലയിൽനിന്ന് ബെസ്റ്റ് കാഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഹെന്ന, കേരള ലക്ഷദ്വീപ് മേഖലയെ പ്രതിനിധാനംചെയ്താണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്. ദേശീയതലത്തിൽ ഒരു ഗോൾഡ് മെഡലും ഒരു ബ്രോൺസ് മെഡലും കരസ്ഥമാക്കുകയും ചെയ്തു. നിലവിൽ കോഴിക്കോട് ബറ്റാലിയൻ അണ്ടർ ഓഫിസറും ബറ്റാലിയൻ സീനിയർ കാഡറ്റുമാണ്.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ പഠനകാലത്തും മികച്ച എൻ.സി.സി കാഡറ്റായിരുന്നു. ബിസോൺ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം മത്സരത്തിലും ഡിബേറ്റിലും ഒന്നാം സ്ഥാനം നേടിയ ഹെന്ന ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപകനായ സി.കെ. മുജീബിന്റെയും അരീക്കോട് കെ.എം കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ അധ്യാപികയായ കെ.കെ. സമീറയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.