72ലും മറിയക്കുട്ടിക്ക് മടിയില്ല; തെങ്ങുകയറ്റം മുതൽ കയ്യാലപ്പണി വരെ
text_fieldsഅടിമാലി: പ്രായം 72 ആയെങ്കിലും മറിയക്കുട്ടി വേറെ ലെവലാണ്. തെങ്ങുകയറ്റവും കയ്യാല നിര്‍മാണവും റബര്‍ ടാപ്പിങ്ങും എന്നുവേണ്ട ഈ പ്രായത്തിലും മറിയക്കുട്ടിക്ക് വഴങ്ങാത്തതായി ഒന്നുമില്ല. ഇരുമ്പുപാലം മെഴുകുംചാല്‍ ചക്കുംകുടിയില് മറിയക്കുട്ടി വര്‍ഗീസ് കൃഷിയോടൊപ്പം പൊതുപ്രവര്‍ത്തനത്തിലും സജീവമാണെന്നറിയുമ്പോൾ ചെറുപ്പക്കാർ മൂക്കത്ത് വിരൽവെക്കും. രാവിലെ ഉറക്കമുണർന്നാൽ ആദ്യ ജോലി റബർ ടാപ്പിങ് ആണ്. പിന്നീട് കന്നുകാലികളുടെയും തുടർന്ന് ഏലം, ജാതി തുടങ്ങിയ കൃഷികളുടെയും പരിപാലനം.
ഇതിനിടെ വിവിധ ആവശ്യങ്ങളുമായി എത്തുന്ന നാട്ടുകാരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും സമയം കണ്ടെത്തുന്നു. മൂന്നേക്കര്‍ സ്ഥലമാണ് മറിയക്കുട്ടിക്കുള്ളത്. ഇതിലെ തെങ്ങുകളില്‍ കയറാന്‍ ആളെ കിട്ടാതെവന്നതോടെ തെങ്ങുകയറ്റം പരിശീലിക്കുകയും തേങ്ങയിടലും തെങ്ങ് ഒരുക്കലും സ്വന്തമായി ചെയ്ത് തുടങ്ങുകയുമായിരുന്നു.
വിവധയിനം സുഗന്ധവ്യഞ്ജന ഉൽപന്നങ്ങള്ക്ക് പുറമെ മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍, പാഷന്‍ഫ്രൂട്ട് തുടങ്ങി പഴവര്‍ഗങ്ങളും വാഴയുമെല്ലാം മറിയക്കുട്ടി കൃഷിചെയ്യുന്നു.
പറമ്പിലെ മണ്ണൊലിപ്പ് തടയാൻ സ്വന്തമായി കയ്യാല നിർമിക്കുന്ന മറിയക്കുട്ടി ചരിവുഭാഗങ്ങളില് നിലം സംരക്ഷിക്കാനും മാർഗം കണ്ടെത്തിയിട്ടുണ്ട്. അടിമാലി സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായത്. തുടര്‍ന്ന് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും പൊതുപ്രവര്‍ത്തനം തുടര്‍ന്നു. 1988ല്‍ ഭര്‍ത്താവ് മരിച്ചപ്പോൾ കൃഷിയും കാലിവളർത്തലും കൊണ്ടാണ് പ്രതിസന്ധികൾ മറികടന്നത്. വന്യമൃഗശല്യമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. മക്കളായ ജോണ്‍സണും വല്‍സലനും കൃഷി ജോലികളിൽ അമ്മയെ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.