പ്രായം 88: കഷ്ടതയിലും ജീവിതം തുന്നിയെടുക്കുന്നു പൊന്നമ്മ
text_fieldsപള്ളുരുത്തി: പ്രായം 88 ആയെങ്കിലും പെരുമ്പടപ്പ് ഊരളക്കശ്ശേരി നാലുകണ്ടത്തിൽ വീട്ടിൽ പൊന്നമ്മ അരവിന്ദൻ ചവിട്ടി നിർമാണം തുടരുകയാണ്. തുന്നിയെടുക്കുന്ന ചവിട്ടിയും തലയണകളും വിറ്റുകിട്ടിയാലേ ആ തുകകൊണ്ട് ആഹാരത്തിനും മരുന്നിനും വക ഒപ്പിക്കാനാകൂ. തളർച്ച വകവെക്കാതെയാണ് പൊന്നമ്മ ജീവിതം തുന്നിക്കൂട്ടുന്നത്. കോവിഡായതോടെ കച്ചവടം കുറഞ്ഞത് തിരിച്ചടിയായിട്ടുണ്ട്. രണ്ട് ആൺമക്കൾ ഉണ്ടെങ്കിലും ഒരാൾ വർഷങ്ങൾ മുമ്പ് നാടുവിട്ടു. രണ്ടാമത്തെ ആൾക്ക് അപസ്മാര ബാധയുള്ളതിനാൽ തൊഴിലെടുക്കാനാകുന്നില്ല. പൊന്നമ്മക്കും മകനും ഉപജീവനം ഈ തൊഴിലിൽനിന്നാണ്.
ഇതിനിടെ, സഹകരണ ബാങ്കിൽനിന്ന് വീട് വെക്കാൻ വായ്പയെടുത്തത് അടക്കാൻ മുടങ്ങിയതോടെ ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. വിധവ പെൻഷനും ചവിട്ടി നിർമാണത്തിൽനിന്നുള്ള വരുമാനമാണ് ആകെയുള്ളത്. ചവിട്ടി നിർമിക്കാനുള്ള പഴയ സാരികളും മറ്റും സമീപവാസികൾ നൽകുന്നത് പൊന്നമ്മക്ക് ആശ്വാസമാണ്. ഇതിനിടെ പൊന്നമ്മയുടെ വയറ്റിൽ ഒരുമുഴ രൂപപ്പെട്ടതിന് ശസ്ത്രക്രിയയും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.