രണ്ടു ദിവസം കോടതിയിൽ; മറ്റ് ദിവസങ്ങളിൽ ‘രാഗം’
text_fieldsമൈലപ്ര: വർഷങ്ങൾക്ക് മുമ്പ് സ്കൂൾ-കേരള സർവകലാശാല തലങ്ങളിലെ കലാതിലകമായിരുന്ന പെൺകുട്ടിക്ക് മാതാപിതാക്കൾ നൽകിയ പേര് നൂറുശതമാനവും ശരി തന്നെയായിരുന്നു. ‘രാഗം’ എന്ന് തന്നെ അവർ ചെല്ലമകളെ വിളിച്ചു. കലാസ്വാദകരായിരുന്ന മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്ത് വേദികൾ കീഴടക്കി. ഇപ്പോൾ ഹൈകോടതിയിൽ അഭിഭാഷകയാണ്. കലാപ്രവർത്തനത്തിലേക്ക് മടങ്ങാതിരിക്കാൻ ‘രാഗ’ത്തിന് എങ്ങനെ കഴിയാതിരിക്കും. കോടതി വ്യവഹാരങ്ങൾ ആഴ്ചയിൽ രണ്ട് ദിവസമായി ചുരുക്കി, അങ്ങനെ അവർ 10 വർഷം മുമ്പൊരു തീരുമാനമെടുത്തു. കലാഭിരുചിയുള്ള കുട്ടികളെ മികച്ച രീതിയിൽ പരിശീലനം നൽകാൻ രംഗത്തിറങ്ങി. നിരവധി ഇനങ്ങളിൽ മാറ്റുരക്കുന്ന തങ്ങളുടെ കുട്ടികളെ കാണാൻ ജില്ല കലോത്സവ വേദിയിൽ രാഗം എത്തി. 1992-93 കാലത്തെ പത്തനംതിട്ട ജില്ല സ്കൂൾ കലാതിലകത്തെ തിരിച്ചറിഞ്ഞവർ ചുരുക്കും. കലോത്സവ വേദികളും വിലയിരുത്തലും ശാസ്ത്രീയമാകേണ്ടതിനെ കുറിച്ച് സംസാരിച്ചു. ഔദ്യോഗിക തലങ്ങളിൽ അതിനുള്ള ശ്രമത്തിലാണെന്നും അവർ പറഞ്ഞു. കഥകളിയും ഭരതനാട്യവും തമ്മിലെ താരതമ്യപഠനത്തിന് കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയാണ്. കലായാത്രയിൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും തേടിയെത്തി. കലക്ടറേറ്റിന് സമീപം മോഹൻ-ശാന്തി ദമ്പതികളാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.