ജീവിതശൈലി രോഗങ്ങളെ തടയാം, ‘വിദ്യ’യുടെ പടികയറി
text_fieldsകൊട്ടിയം: ജീവിതശൈലി രോഗങ്ങളെ പടിയടക്കുവാനുള്ള വിദ്യകളറിയാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ‘വിദ്യ’യുടെ പടി കയറിവരാം. നെടുമ്പന പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡായ പഴങ്ങാലം സൗത്തിലെ പാവന കുടുംബശ്രീയിലെ സെക്രട്ടറിയായ വിദ്യ എന്ന വീട്ടമ്മയുടെ നിശ്ചയദാഢ്യവും ‘ആരോഗ്യ’ സൗന്ദര്യബോധവും വഴിതുറന്നത് ഒരു ഗ്രാമത്തിലെ വനിതാ കൂട്ടായ്മക്കും അവരുടെ പുതു ജീവിതത്തിനുമാണ്.
ചാത്തന്നൂർ ഞവരുർ ഗവ.എൽ.പി.എസിലെ അധ്യാപികയും പാവന കുടുംബശ്രീ യൂനിറ്റിലെ അംഗവുമായ വിദ്യയുടെ മനസ്സിൽ കുടുംബശ്രീയുടെ പേരിൽ ഒരു ബ്യൂട്ടി പാർലർ തുടങ്ങിയാലെന്തെന്ന ആശയം ഉദിച്ചത്. ഈആശയം അംഗങ്ങളായ 12 പേരുമായി പങ്കുവെച്ചു.
പിന്നാലെ വിദ്യയുടെ മേൽനോട്ടത്തിൽ സുഗത, ഷീബ, രാധമ്മ, സൗമ്യ എന്നിവർ ചേർന്ന് കുരീപ്പള്ളി ജങ്ഷനിൽ വനിതകൾക്കായുള്ള ഒരു ബ്യൂട്ടി പാർലർ ആരംഭിച്ചു. ഇതോടെ സ്കൂളിലെ ജോലി ഉപേക്ഷിച്ച് വിദ്യ ബ്യൂട്ടീഷ്യൻ കോഴ്സും ജിം ട്രെയിനർ കോഴ്സും പാസായി. ബ്യൂട്ടി പാർലർ പച്ചപിടിച്ചു തുടങ്ങിയതോടെയാണ് സ്ത്രീകൾക്കായി ഒരു ആരോഗ്യ പരിശീലന കേന്ദ്രം (ലേഡീസ് ഫിറ്റ്നസ് സെൻറർ, ജിം) ആരംഭിച്ചാലെന്താണെന്ന ആലോചനയുണ്ടായത്.
പഞ്ചായത്ത് അധികൃതരുടെ അനുവാദത്തോടെ ബാങ്ക് വായ്പയെടുത്ത് 12 ലക്ഷം രൂപ മുടക്കി കുരീപ്പള്ളിയിൽ ബ്യൂട്ടി പാർലറിനോട് ചേർന്ന് 2020ൽ ലേഡീസ് ഫിറ്റ്നസ് സെന്ററും ആരംഭിച്ചു. ജീവിത ശൈലി രോഗങ്ങൾ മാറ്റുന്നതിനായുള്ള വ്യായാമങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്.
12 മുതൽ 70 വരെ പ്രായമുള്ള സ്ത്രീകളും പെൺകുട്ടികളുമാണ് ജിമ്മിലെത്തുന്നത്. ദിവസവും 30 മുതൽ 35 പേർ വരെ പല സമയങ്ങളിലായി എത്താറുണ്ട്. സ്ഥാപനം തുടങ്ങി രണ്ട് മാസമായപ്പോഴാണ് കോവിഡ് വന്നത്. ഒമ്പത് മാസത്തോളം സ്ഥാപനം അടച്ചിടേണ്ടി വന്നു.
ബാങ്ക് വായ്പയുടെ തിരിച്ചടവും മുടങ്ങി. കോവിഡ് കാലത്ത് തുന്നൽ ജോലികൾ ചെയ്താണ് മുന്നോട്ടുപോയത്. ഫിറ്റ്നസ് സെന്റർ തുടങ്ങാൻ സ്ത്രീകൾ മുന്നോട്ടു വരാതിരുന്ന കാലത്താണ് നെടുമ്പന ഇടപ്പനയം മേത്തൻ വിള പടിഞ്ഞാറ്റതിൽ വിദ്യ കൂട്ടുകാരികളുടെ സഹകരണത്തോടെ ജിം തുടങ്ങി വിജയക്കൊടി പാറിച്ചത്.
പ്രവാസിയായ ഭർത്താവ് അരവിന്ദാക്ഷൻ പിള്ളയുടെയും രണ്ട് മക്കളുടെയും പൂർണ പിന്തുണയും ഇവരുടെ സ്ഥാപനത്തിന്റെ ഉയർച്ചക്ക് കാരണമായി. 2022ൽ ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭമെന്ന അവാർഡും ഇവർക്കാണ് ലഭിച്ചത്. 55000 രൂപ പ്രതിമാസം ഇവർക്ക് ലഭിക്കുന്നുണ്ട്. ഇത് വായ്പ അടക്കാനാണ് ഉപയോഗിക്കുന്നത്. ജില്ലയിൽ വനിതകൾക്കായി വനിതകൾ നടത്തുന്ന ഒരു ഫിറ്റ്നെസ് സെൻറർ ഇതു മാത്രമാണ്.
ഇവിടെയെത്തുന്നവർ ഇവിടുത്തെ സേവനം മറ്റുള്ളവരോട് പറയുന്നതിനാലാണ് പരസ്യങ്ങളില്ലാതെ ഇവിടെ നിരവധി പേർ എത്തുന്നത്. ബ്യൂട്ടിപാർലറുകളുടെ മത്സരം നടക്കുന്ന ഇക്കാലത്ത് ഇടപെടലും പെരുമാറ്റവും, ജോലിയിലെ ആത്മാർത്ഥതയുമാണ് ഇവരെ ജനമനസ്സുകളിൽ ഇടം പിടിക്കാൻ സഹായകമായത്. സൗമ്യ പ്രസിഡന്റും, വിദ്യ സെക്രട്ടറിയുമാണ് പാപനാ കുടുംബശ്രീ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.