വാടിത്തളരാതെ
text_fieldsലിജി
പരിമിതികളെ കഴിവുകൊണ്ടും കഠിന പരിശ്രമംകൊണ്ടും കീഴടക്കി മുന്നേറുകയാണ് ലിജി. ഓട്ടിസം ബാധിച്ച് നടക്കാനോ നന്നായി സംസാരിക്കാനോപോലും ശേഷിയില്ലാതെ കഴിയാതിരുന്ന ലിജിക്ക് ആത്മവിശ്വാസമായിരുന്നു തുണ
വീടിന് സമീപത്തുള്ള കളിക്കളത്തിന്റെ മതിലിലിരുന്ന് മറ്റുള്ളവരുടെ ഓട്ടവും ചാട്ടവും കണ്ട് തനിക്കും അതുപോലെ ഓടണമെന്ന് അമ്മയോട് വാശിപിടിച്ചു കരഞ്ഞ, പോളിയോ ബാധിച്ച് കാലുകൾ തളർന്ന് നടക്കാൻപോലും കഴിയാത്ത പെൺകുട്ടിയെക്കുറിച്ച് പലർക്കും അറിയാനിടയില്ല. എന്നാൽ, 1960ലെ റോം ഒളിമ്പിക്സിൽ 100, 200 മീറ്ററിലും 4 x 100 മീറ്റര്‍ റിലേയിലും സ്വർണമെഡല്‍ വാരിക്കൂട്ടിയ വില്‍മ റുഡോള്‍ഫ് എന്ന പെണ്‍കുട്ടിയുടെ ചരിത്രമാണിതെന്നറിഞ്ഞപ്പോൾ ശാസ്ത്രലോകംപോലും ഞെട്ടി.
നാലാം വയസ്സില്‍ ഇന്‍ഫന്റയില്‍ പരാലിസിസ് എന്ന രോഗം ബാധിച്ച് കിടപ്പിലായ മകളെ വീട്ടിലെ ജോലി തീർക്കാനായിരുന്നു കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിനരികിൽ ഇരുത്തിയിരുന്നത്. ഒരിക്കലും നടക്കാത്ത മകളുടെ വാശിയെ കുറിച്ച് കോച്ചിനോട് പറഞ്ഞ അമ്മയോട് ഈ കുട്ടി വലിയൊരു ഓട്ടക്കാരിയാകുമെന്നായിരുന്നു കോച്ചിന്റെ മറുപടി. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് തടയിടാനെത്തിയ പോളിയോ എന്ന രോഗത്തെ ഇച്ഛാശക്തികൊണ്ട് മറികടന്ന ചരിത്രമായിരുന്നു വില്‍മ റുഡോള്‍ഫിന്റേത്. 1940ല്‍ അമേരിക്കയില്‍ ജനിച്ച വില്മയുടെ മനസ്സിൽ കായികതാരമാവുക എന്ന ആഗ്രഹം വളർന്നുവന്നു.
തളര്‍ന്ന കിടപ്പിലും വില്‍മ അത് സ്വപ്നം കണ്ടുകൊണ്ടേയിരുന്നു. പതിയെ അവള് നടക്കാനും പിന്നീട് ഗ്രൗണ്ടിലൂടെ ഓടാനും. മനശ്ശക്തികൊണ്ട് ശാരീരികാവശതകളെ മറികടന്ന് ലോക കായിക ഭൂപടത്തില്‍ തന്റെ പേര് സ്വർണലിപികളാൽ ആലേഖനം ചെയ്ത വില്‍മയെ പോലെ പലരുമുണ്ട് അറിയപ്പെടാതെ പോകുന്നവർ.
ലിജിയുടെ കഥ
എഴുതിയ ഡയറിയും കഥകളും വായിച്ചു കേട്ടാണ് തനിക്കും അതുപോലെ എഴുതണമെന്ന് ലിജിക്ക് തോന്നിയത്. ഓട്ടിസം ബാധിച്ച് നടക്കാനോ നന്നായി സംസാരിക്കാനോപോലും ശേഷിയില്ലാതെ ഒന്നാംക്ലാസിൽ പാതിവഴിയിൽ പഠനം അവസാനിപ്പിച്ച ഭിന്നശേഷിക്കാരി 23ാം വയസ്സിൽ തനിക്കും കവിതയും കഥയുമൊക്കെ എഴുതണമെന്ന് പറഞ്ഞപ്പോൾ നിരാശയും ഒപ്പം അത്ഭുതവുമായിരുന്നു ടീച്ചർമാർക്ക്.
എന്നാൽ നാലു വർഷം മുമ്പ് ‘ഞാൻ’ എന്ന കഥ ടീച്ചർക്ക് മുമ്പിൽ ലിജി അവതരിപ്പിച്ചപ്പോൾ ശാരീരിക പരിമിതികളെ തോൽപിച്ച് മനസ്സിനുള്ളിൽ അടുക്കിെവച്ചിരുന്ന കഴിവുകളുടെ വലിയൊരു വാതിൽ അവിടെ തുറക്കപ്പെടുകയായിരുന്നു. തന്റെ അമ്മ അമ്മിണി അർബുദത്തോട് മല്ലിട്ട് എട്ടാം വയസ്സിൽ തനിച്ചാക്കി പോയപ്പോൾ അച്ഛമ്മയായിരുന്നു മേപ്പാടി കുന്നമംഗലം വയലിൽ ലിജി വിജിയുടെ ഏക കൂട്ട്.
മേപ്പാടിയിലെ സെന്റ് ജോസഫ്സ് സ്കൂളിൽ ലിജിയെ ഒന്നാം ക്ലാസിൽ ചേർത്തതോടെ അമ്മ ദിവസവും രാവിലെ വീട്ടിൽനിന്നും എടുത്തു കൊണ്ടുപോയി ക്ലാസിൽ ഇരുത്തും. ഉച്ചയാവുമ്പോൾ ഭക്ഷണത്തിന് വീണ്ടും വീട്ടിലേക്ക് കൊണ്ടുവരും. വൈകുന്നേരം സ്കൂൾ വിട്ടാൽ വീട്ടിലേക്ക് തിരികെ എടുത്ത് കൊണ്ടുവരും. പക്ഷേ ഇത് അധികനാൾ നീണ്ടുനിന്നില്ല. കാൻസർ ബാധിതയായി അമ്മിണി കിടപ്പിലായതോടെ ലിജിയുടെ പഠനവും മുടങ്ങി. താമസിയാതെ അമ്മ മരിച്ചു.
അച്ഛൻ വിദേശത്തായതിനാൽ അച്ഛമ്മയും ലിജിയും മാത്രമായി പിന്നീട് വീട്ടിൽ. എട്ടു വർഷം മുമ്പ് ലിജിയെ വിട്ട് അച്ഛനും യാത്രയായതോടെ ഒന്നെഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത ഭിന്നശേഷിക്കാരിയായ ലിജിയെ കരുതലോടെ പരിചരിച്ചു കൊണ്ടിരിക്കുന്നത് 85നോടടുത്ത അച്ഛമ്മയായിരുന്നു. നാലു വർഷം മുമ്പ് ടീച്ചർക്ക് പറഞ്ഞുകൊടുത്ത കഥ ലിജിയുടെ ജീവിതം തന്നെയായിരുന്നു.
അതെല്ലാം ടീച്ചർമാർ പുസ്തകത്തിലേക്ക് പകർത്തിയെഴുതിയതോടെ കൂടുതൽ കഥകളും കവിതകളും ലിജിയുടെ ചെറിയ മനസ്സിൽ നിന്ന് പിറവിയെടുത്തു. ‘വാടിത്തളരരുതേ’ എന്നതായിരുന്നു ആദ്യ കവിത. കുറഞ്ഞ കാലത്തെ അമ്മയുടെ സ്നേഹവും തലോടലും സ്പർശിക്കാത്ത ഒരു കവിതയും കഥയും ലിജിയിൽ നിന്ന് ജനിച്ചിട്ടില്ല. പൂക്കളും പ്രകൃതിയുമൊക്കെ കഥക്കും കവിതക്കും വിഷയമാണെങ്കിലും അതിലെല്ലാം അമ്മയെന്ന സ്നേഹം കൂടിക്കലരും.
അതിൽ എല്ലാമുണ്ട്...
കേരളത്തിന്റെ നെഞ്ചുലച്ച ഉരുൾ ദുരന്തവും ലിജിയുടെ കഥയിലെ കേന്ദ്രമായി. ‘ഞാനും ഒന്നു തീരുമാനിച്ചിട്ടുണ്ട്, എന്നെ പോലെ ഉരുൾപൊട്ടലിൽ ബാക്കിയായ കുറേ അനാഥ ബാല്യങ്ങളുണ്ട്. അവർക്ക് ചെറിയ സഹായമായി നൽകാൻ എന്റെ പഴയ ഒരു ജോടി കമ്മൽ വിറ്റ് കാശ് എടുത്ത് െവച്ചിട്ടുണ്ട്. അതിൽ എന്റെ സ്നേഹവും കരുതലും പ്രാർഥനയുമെല്ലാമുണ്ട്.’ അവളെഴുതി. ഒരു കഥയോ കവിതയോ എങ്കിലും എഴുതാത്ത ദിവസങ്ങൾ ലിജിയുടെ ജീവിതത്തിൽ ഇപ്പോൾ ഇല്ല. കൈ വഴങ്ങാത്ത ലിജി ചിത്രങ്ങൾ വരക്കാനും ശ്രമം നടത്താറുണ്ട്.
ബന്ധുവിൽനിന്ന് സ്മാർട്ട് ഫോൺ കിട്ടിയതോടെ സോഷ്യൽ മീഡിയയിലും സജീവമാണിപ്പോൾ ലിജി. അടുത്തിടെയാണ് യൂട്യൂബ് ചാനലിന് തുടക്കമിട്ടത്. ‘ലിജി വയനാട്’ എന്ന യൂട്യൂബ് ചാനലിനും ഇൻസ്റ്റഗ്രാമിനും ഇന്ന് ഒട്ടേറെ ആരാധകരുണ്ട്. യൂട്യൂബിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും വിഡിയോ അപ് ലോഡ് ചെയ്യും. വിഡിയോ എടുക്കാൻ ആരെങ്കിലും സഹായിക്കും, ചിലപ്പോൾ സ്വയംതന്നെ ചെയ്യും.
കൽപറ്റ ചാരിറ്റബ്ൾ സൊസൈറ്റിയുടെ മാസാന്ത പെൻഷനും മെഡിക്കൽ സഹായവും ലഭിക്കുന്ന 75 കുട്ടികളിൽ ഒരാളാണ് ലിജി. മേപ്പാടിയിലെ പൂത്തക്കൊല്ലിയിൽ പ്രവർത്തിക്കുന്ന ലേക് ഷോർ റിഹാബിലിറ്റേഷൻ സെന്ററിൽ എല്ലാ ദിവസവും രാവിലെ കുന്നമംഗലം വയലിലെ വീട്ടിൽനിന്ന് ലിജിയും സഹപാഠികളും എത്തും. ഭിന്നശേഷിക്കാരായ 30ഓളം പേരുണ്ട് ഇവിടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.