Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപിതാവിന്‍റെ കൊലയാളിയെ...

പിതാവിന്‍റെ കൊലയാളിയെ തിരഞ്ഞ് 14 വർഷം; ഒടുവിൽ ലിങ്ക്ഡ്ഇൻ വഴി നിയമത്തിന് മുന്നിലേക്ക്... പാക് പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന്‍റെ കഥ

text_fields
bookmark_border
maham amjad
cancel
camera_alt

മഹം അംജദ്. കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള ചിത്രം ഇടത്ത്

പാകിസ്താനിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് കോർപറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അഹമ്മദ് അംജദ്. 2008ൽ അംജദ് സഹപ്രവർത്തകന്‍റെ വെടിയേറ്റ് മരിക്കുമ്പോൾ മകൾ മഹം അംജദിന് പ്രായം 15. പട്ടാപ്പകൽ നിഷ്ഠൂര കൊലപാതകം നടത്തിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായില്ല. ചെറുപ്രായത്തിലേ പിതാവിനെ നഷ്ടപ്പെട്ട്, മാതാവും സഹോദരനും അടങ്ങിയ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ചുമലിലേറ്റി, ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് സഞ്ചരിക്കുമ്പോഴും മഹമിന്‍റെ ഉള്ളിൽ ഒരു കനൽ നീറുന്നുണ്ടായിരുന്നു. തന്‍റെ പിതാവിനെ കൊലപ്പെടുത്തിയയാൾ നിയമത്തിന് പിടികൊടുക്കാതെ കഴിയുകയാണെന്ന നീറ്റൽ. ഏതുവിധേനയും കൊലയാളിയെ കണ്ടെത്തി പിതാവിനോട് തനിക്ക് നീതികാട്ടണമെന്ന ആഗ്രഹം. 14 വർഷത്തെ അന്വേഷണത്തിനൊടുവിൽ മഹം അംജദ് തന്‍റെ ലക്ഷ്യത്തിലേക്കെത്തിയിരിക്കുകയാണ്.

2008 ആഗസ്റ്റ് 26നാണ് പിതാവിന് വെടിയേറ്റതെന്ന് ഇപ്പോൾ 29കാരിയായ മഹം അംജദ് പറയുന്നു. കറാച്ചിയിലായിരുന്നു കുടുംബം താമസം. എല്ലാ ദിവസത്തേയും പോലെ വൈകീട്ട് തിരിച്ചെത്താമെന്ന് പറഞ്ഞ് ഓഫിസിലേക്ക് പോയതായിരുന്നു പിതാവ് അംജദ്. 'അംജദ് സാഹിബിന് വെടിയേറ്റു' എന്ന വിവരമാണ് പിന്നീട് ലഭിച്ചത്. ശരീരത്തിൽ പത്ത് വെടിയുണ്ടകളേറ്റ് ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന പിതാവിനെയാണ് അവൾ കണ്ടത്. പ്രാർഥനകളൊന്നും ഫലംകാണാതായ നാലാമത്തെ ദിവസം അംജദ് ഈ ലോകത്തുനിന്ന് യാത്രയായി.

മുഹമ്മദ് താക്വി ഷാ എന്നയാളായിരുന്നു അംജദ് വധക്കേസിലെ പ്രതി. അംജദ് ജോലിചെയ്യുന്ന അതേ ഇൻഷൂറൻസ് സ്ഥാപനത്തിലെ ജീവനക്കാരൻ. പട്ടാപ്പകൽ സഹപ്രവർത്തകന് നേരെ പത്ത് തവണയാണ് ഇയാൾ നിറയൊഴിച്ചത്. പിന്നീട് താക്വി ഷായെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. അന്വേഷണം എങ്ങുമെത്തിയില്ല. ഒരു വർഷത്തിന് ശേഷം താക്വി ഷാ ഒളിവിലാണെന്ന് കോടതി പ്രഖ്യാപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നിലെ സീനിയർ ഓഫിസറാണ് കൊല്ലപ്പെട്ടത്. അനുശോചനങ്ങളുടെ പ്രവാഹമുണ്ടായി. 'പിതാവ് ജീവിച്ചിരുന്നപ്പോൾ ഒരു പ്രയാസവും ഞങ്ങൾ അറിഞ്ഞിരുന്നില്ല. എല്ലാ കാര്യങ്ങളും അദ്ദേഹമായിരുന്നു ചെയ്യാറ്. മരണശേഷം എല്ലാം മാറിമറിഞ്ഞു' -മഹം പറയുന്നു. സ്ഥാപനം നൽകിയിരുന്ന വീടും കാറും പിന്നീട് ഇല്ലാതായി. മഹമിന്‍റെ മൂത്ത സഹോദരൻ ലണ്ടനിലായിരുന്നു പഠിച്ചിരുന്നത്. അവനും കൊല്ലപ്പെടുമോയെന്ന ഭയം കാരണം മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ കുടുംബം അവനെ ലണ്ടനിലേക്ക് തന്നെ തിരിച്ചയച്ചു. പിന്നീടുള്ള നിരവധി വർഷങ്ങൾ ഭീഷണികളും പരിഹാസങ്ങളും അനാവശ്യ സമീപനങ്ങളും കുടുംബം നേരിട്ടു. ഒരു നാൾ മഹമിന് വന്ന ഇ-മെയിലിൽ ഉണ്ടായിരുന്നത് അവളുടെ പിതാവ് വെടികൊണ്ട് രക്തത്തിൽ കുളിച്ച് കിടക്കുന്ന ചിത്രമായിരുന്നു. അതിലും പൊലീസ് കേസെടുത്തെങ്കിലും മറ്റൊന്നും സംഭവിച്ചില്ല.

മഹമിന്‍റെ കുടുംബം 1200 കി.മീ അകലെയുള്ള ലഹോറിലേക്ക് താമസം മാറ്റി. ദുരിതപൂർണമായ ഒരു ജീവിതമായിരുന്നു അത്. സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം കറാച്ചിയിലായിരുന്നു. എന്നാൽ, ജീവിതം മുന്നോട്ടുതന്നെ പോയി. ജീവിതത്തിൽ വിജയിക്കണമെന്ന ആഗ്രഹത്തിനൊപ്പം പിതാവിന്‍റെ കൊലയാളിയെ എന്നെങ്കിലും മുന്നിൽ കൊണ്ടുവരണമെന്ന ആഗ്രഹവും അവളുടെ ഉള്ളിൽ അണയാതെ ജ്വലിച്ചു.




പിതാവിന്‍റെ സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്ന് വലിയ അവഗണനയാണ് കുടുംബത്തിനുണ്ടായത്. പാകിസ്താനിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനം ജോലിക്കിടെ കൊല്ലപ്പെട്ട ഓഫിസറുടെ കുടുംബത്തിന് സംരക്ഷണം നൽകാൻ തയാറായില്ല. മഹമിന്‍റെ മനസിൽ പല ചോദ്യങ്ങളുമുയർന്നു. പിതാവിന് നീതി ലഭ്യമാക്കണമെന്ന ആഗ്രഹം നാൾക്കുനാൾ വർധിച്ചുവന്നു. ഇന്‍റർനെറ്റിൽ തന്‍റെ പിതാവിന്‍റെ കൊലയാളിയെ കുറിച്ച് ദിവസവും മണിക്കൂറുകൾ തിരഞ്ഞു. കൊലയാളിയെ എവിടെയെങ്കിലും കണ്ടെത്തിയാലും നിയമത്തിന്‍റെ മുന്നിൽ എങ്ങനെ തെളിയിക്കുമെന്നത് സംബന്ധിച്ച് അവൾക്ക് ധാരണയുണ്ടായിരുന്നില്ല.

അഞ്ച് വർഷം മുമ്പ് മഹം മാർക്കറ്റിങ് ജോലിയുടെ ഭാഗമായി ദുബൈയിലേക്ക് താമസം മാറി. റിയൽ എസ്റ്റേറ്റ് ബിസിനസിലും പങ്കാളിയായി. എല്ലാ തിരക്കുകൾക്കിടയിലും പിതാവിന്‍റെ കൊലയാളിയെ അവൾ തിരഞ്ഞുകൊണ്ടേയിരുന്നു.

2020ൽ, ലോകം കോവിഡ് ഭീതിയിലമർന്ന കാലത്ത്, ഒരു നാൾ പതിവ് തിരച്ചിലുകൾക്കിടെ ലിങ്ക്ഡ് ഇന്നിൽ താക്വി ഷാ എന്ന ഒരു പ്രൊഫൈൽ മഹമിന്‍റെ മുന്നിലെത്തി. അയാളുടെ സ്ഥലവും കാണിച്ചിരുന്നത് ദുബൈ എന്നായിരുന്നു.

സഹപ്രവർത്തകൻ കൂടിയായ പിതാവിന്‍റെ കൊലയാളി മറ്റൊരു ജോലിക്ക് വേണ്ടി ലിങ്ക്ഡ് ഇന്നിൽ പ്രൊഫൈൽ സൃഷ്ടിക്കുമെന്ന് മനസിലാക്കിയാണ് മഹം തിരഞ്ഞുകൊണ്ടേയിരുന്നത്. ഒടുവിൽ അയാളെ കണ്ടെത്തിയിരിക്കുന്നു. സ്റ്റേറ്റ് ലൈഫ് ഇൻഷൂറൻസിൽ ജോലി ചെയ്തുള്ള പരിചയം താക്വി ഷായുടെ പ്രൊഫൈലിൽ കൊടുത്തിട്ടുണ്ടായിരുന്നു. ജോലിചെയ്ത കാലയളവും തന്‍റെ പിതാവിന്‍റെ കൊലപാതകവും ഒത്തുപോകുന്നതായി അവൾ കണ്ടെത്തി. പ്രൊഫൈൽ സ്ക്രീൻ ഷോട്ട് എടുത്ത് പിതാവിന്‍റെ മറ്റൊരു സഹപ്രവർത്തകന് അയച്ചുകൊടുത്ത് മഹം ഉറപ്പിച്ചു -മുന്നിലുള്ളത് കൊലയാളി തന്നെ.

അതേസമയം, എടുത്തുചാടി ഒന്നും ചെയ്യരുതെന്ന് അവൾ മനസിൽ ഉറപ്പിച്ചിരുന്നു. 14 വർഷമായി അന്വേഷണം നിലച്ച ഒരു കേസാണ്. നിയമസംവിധാനത്തെ കുറിച്ചും അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തുടർന്നുള്ള ഏതാനും മാസങ്ങൾ മഹം ഒന്നൊന്നായി തെളിവുകൾ ശേഖരിച്ചു. പിതാവിന്‍റെ പഴയ സഹപ്രവർത്തകരെ പലരെയും ബന്ധപ്പെട്ടു. ദുബൈയിലിരുന്ന് കൊണ്ട് പാകിസ്താനിൽ കാര്യങ്ങൾ നീക്കാൻ വക്കീലിനെ ചുമതലപ്പെടുത്തി.

ഏറെക്കാലം മുമ്പ് രാജ്യത്തിന് പുറത്തു നടന്ന ഒരു കുറ്റകൃത്യത്തിന് യു.എ.ഇ അധികൃതർ ഒരാളെ അറസ്റ്റ് ചെയ്യില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. രണ്ട് വർഷം താക്വി ഷായുടെ ഓൺലൈൻ ആക്ടിവിറ്റികൾ മഹം നിരീക്ഷിച്ചു. പിതാവിന്‍റെ പല സഹപ്രവർത്തകരും ഇപ്പോഴും ഷായുടെ സുഹൃത്തുക്കളാണെന്ന് ഫേസ്ബുക്കിലൂടെ അവൾ തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ അന്വേഷണം ദുർബലപ്പെടുത്താൻ പിതാവിന്‍റെ സ്ഥാപനം തന്നെ ശ്രമിച്ചതിന്‍റെ വിവരങ്ങളും അവൾക്ക് ലഭിച്ചു.

കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് മഹമിന്‍റെ പിതാവിന്‍റെ കാറിൽ ഷാ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. സ്ഥാപനത്തിലെ ഉന്നതർക്ക് ഇത് സംബന്ധിച്ച് പരാതിയും കൊടുത്തിരുന്നു. ഇതിൽ എന്തെങ്കിലും ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തുവിടാൻ മഹം സ്ഥാപനത്തോട് ആവശ്യപ്പെട്ടു. അതേസമയം തന്നെ, ഷായുടെ ഭാര്യക്കും മകനും സ്ഥാപനം ജോലി നൽകിയതും അവൾ കണ്ടെത്തി. സ്ഥാപനത്തിലെ അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ടതാണ് തന്‍റെ പിതാവിന്‍റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്ന് അവൾക്ക് മനസിലായി. അനധികൃത കമീഷൻ ലഭിച്ചിരുന്ന നിരവധി ഉദ്യോഗസ്ഥർ അംജദിന്‍റെ ശത്രുക്കളായി മാറിയിരുന്നു. അങ്ങനെ പിതാവിന്‍റെ കൊലയുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ മഹം ശേഖരിച്ചുവെച്ചു.


2022 ഒക്ടോബറിൽ താൻ കണ്ടെത്തിയ കാര്യങ്ങൾ ട്വിറ്ററിലൂടെ മഹം പുറംലോകത്തെ അറിയിച്ചു. അഴിമതിയെ കുറിച്ചും പിതാവിന്‍റെ കൊലപാതകം മൂടിവെക്കാനും അന്വേഷണം വഴിമുടക്കാനും ശ്രമിച്ചവരെക്കുറിച്ചുമെല്ലാം മഹം തുറന്നുപറഞ്ഞു. അതേസമയംതന്നെ പാകിസ്താനിൽ അഭിഭാഷകൻ കോടതിയെ സമീപിച്ച് തെളിവുകളും കൈമാറി. താക്വി ഷായെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു.

എന്നാൽ, ആ സമയത്തും ദുബൈയിൽ സ്വതന്ത്രനായി കഴിയുകയായിരുന്നു ഷാ. അയാൾ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യത വളരെയേറെയായിരുന്നു. 'ഞാൻ കണക്കുകൂട്ടിയാണ് ഓരോ അടിയും മുന്നോട്ടുവെച്ചത്. ദുർബലയായ ഒരു പെൺകുട്ടിയാണ് ഞാനെന്ന് അയാളെ കൊണ്ട് ചിന്തിപ്പിച്ചു' -മഹം പറയുന്നു. ഷായുടെ ചിത്രം വെച്ച് 'വാണ്ടഡ്' എന്നെഴുതി മഹം പ്രചരിപ്പിച്ചു. പ്രതീക്ഷിച്ചപോലെ, മഹം ദുർബലയായ ഒരു പെൺകുട്ടിയാണെന്ന് കരുതിയ താക്വി ഷാ, അവളുടെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അവളെ സ്വഭാവഹത്യ ചെയ്യാൻ തുടങ്ങി. അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അയാൾ വിഡിയോ അയച്ചു. കാത്തിരുന്ന അവസരം ഒട്ടും പാഴാക്കാതെ മഹം ഇത് കാണിച്ച് ദുബൈ പൊലീസിൽ പരാതി നൽകി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദുബൈ പൊലീസ് താക്വി ഷായെ അറസ്റ്റ് ചെയ്തു. ഇപ്പോഴും കസ്റ്റഡിയിലുള്ള അയാളെ തിരിച്ചറിയാനായി കാണാൻ ചെല്ലാൻ നിർദേശിച്ചിരിക്കുകയാണ് പൊലീസ്. എന്നാൽ, ആ കൊലയാളിയുടെ മുഖം തനിക്ക് കാണേണ്ടെന്ന് മഹം പറയുന്നു.




ഇതേസമയം, മഹമിന്‍റെ വിഡിയോ വെളിപ്പെടുത്തലുകൾ പാകിസ്താനിൽ വൈറലായിരുന്നു. അധികാരികൾക്ക് മേൽ കനത്ത സമ്മർദമുണ്ടായി. പാക് അധികൃതർ ഇന്‍റർപോളിനെ സമീപിച്ച് താക്വി ഷാക്ക് വേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

'പിതാവിന്‍റെ മരണശേഷം മാതാവ് തീർത്തും വിഷാദത്തിലായിരുന്നു. അതിൽ നിന്ന് ഇതുവരെയും മോചനമായിട്ടില്ല. ഒരു കുഞ്ഞിനെയെന്ന പോലെ മാതാവിനെ ഞങ്ങൾ പരിചരിക്കുകയാണ്. കഴിഞ്ഞ കാലം ഒട്ടും എളുപ്പമായിരുന്നില്ല. ഇപ്പോൾ ഞാൻ നീതി ആവശ്യപ്പെടുകയാണ്. പിതാവിന്‍റെ കൊലയാളിയെ പാകിസ്താനിലെത്തിച്ച് നിയമത്തിന്‍റെ മുന്നിൽ നിർത്തണം' - മഹം അംജദ് എന്ന 29കാരി പറഞ്ഞുനിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesMaham AmjadMuhammad Ahmed Amjad
News Summary - LinkedIn helped a woman find her father's murderer 14 years later
Next Story