നിമിഷങ്ങൾക്ക് മനോഹര ഫ്രെയിം ഒരുക്കുകയാണ് ലോട്ടസ് റെജി
text_fieldsകുടുംബത്തിന് മാത്രമല്ല മറ്റുള്ളവരുടെ നിമിഷങ്ങൾക്കുകൂടി മനോഹര ഫ്രെയിം ഒരുക്കുകയാണ് ലോട്ടസ് റെജി. റാന്നി-കോഴഞ്ചേരി റോഡിൽ കീക്കഴൂർ ജങ്ഷനിൽ സ്വന്തമായി സ്റ്റുഡിയോ നടത്തുകയാണ് ഈ വീട്ടമ്മ. 2002ൽ ഉപജീവനമാർഗം തേടി റാന്നിയിലെ സ്റ്റുഡിയോയിൽ ജോലി കണ്ടെത്തുകയായിരുന്നു ഇവർ.
പിന്നീട് കോഴഞ്ചേരി, റാന്നി പെരുമ്പുഴ എന്നിവിടങ്ങളിലെ സ്റ്റുഡിയോയിലും ജോലിനോക്കി. ഇങ്ങനെ മേഖലയിൽ ഒരു പരിചയവുമില്ലായിരുന്ന ലോട്ടസ് തന്റെ നിശ്ചയദാർഢ്യംകൊണ്ട് ഫോട്ടോഗ്രഫി മേഖലയിൽ വിദഗ്ധയായി. പിന്നീട് വിഡിയോഗ്രഫിയും വശത്താക്കി.
കല്യാണ വർക്കുകളും ഏറ്റെടുത്തു ചെയ്യുന്നു. വനിതകൾ അധികം കൈവെക്കാത്ത മേഖല കണ്ടെത്തി സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ച് വരുമാനമാർഗം കണ്ടെത്തിയത് ഇവരെ വ്യത്യസ്തയാക്കുന്നത്. അൽപസ്വൽപം ചിത്രരചനയും ഈ കാലയളവിൽ വശത്താക്കി. അക്രിലിക് പെയിന്റിങ് വഴി ചിത്രങ്ങൾ തയാറാക്കുന്നു.
കോവിഡ് കാലത്ത് ലോക്ഡൗൺ സമയത്ത് പഠിച്ചതാണ് ചിത്രരചന. കൂടാതെ പൂന്തോട്ട നിർമാണവും. വിവിധയിനത്തിലുള്ള താമരകൾ നട്ടുവളർത്തി ആവശ്യക്കാർക്ക് കൊടുക്കും.
ഒരു സ്ത്രീയായതുകൊണ്ട് എന്നെക്കൊണ്ട് ഒന്നും കഴിയില്ല എന്നുകരുതി ഒരു കാര്യത്തിലും മാറിനിന്നിട്ടില്ലെന്ന് അവർ പറയുന്നു. വിജയം ഉറപ്പില്ലെങ്കിൽപോലും കഴിവിന്റെ പരമാവധി പരിശ്രമിക്കാറുണ്ട്. ഈ വനിത ദിനത്തിൽ സ്ത്രീകളോട് അതേ പറയാനുള്ളു. സ്ത്രീകൾക്ക് കഴിയാത്തത് ഒന്നുമില്ല.
എല്ലാത്തിലും എല്ലാവർക്കും നേട്ടമുണ്ടാക്കാൻ കഴിയും. മനസ്സും പരിശ്രമവും ആവശ്യമാണെന്ന് ലോട്ടസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഭർത്താവ് റെജി ഓട്ടോ ഓടിക്കുന്നു. ഏക മകൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. കീക്കഴൂരിന് സമീപം പാലച്ചുവട്ടിലാണ് താമസം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.