ഹൈഫ അൽ മസ്മി: ദുബൈ പൊലീസിലെ മാനുഷിക മുഖം
text_fieldsദുബൈ: ആഗോള തലത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ദുബൈ പൊലീസിന്റെ മാനുഷിക മുഖമാണ് ലഫ്റ്റനന്റ് ഹൈഫ അൽ മസ്മി. അരികുവത്കരിക്കപ്പെട്ട, അധസ്ഥിതരായ ജനവിഭാഗങ്ങൾക്ക് സന്തോഷം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയും ഹൈഫയെ ബാധിക്കാറില്ല.
ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളിലെ കുട്ടികളെ കാണാനായി ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കുകയും സ്കൂളുകൾ പുനർനിർമിക്കാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്ന ഇവർ കുട്ടികൾക്ക് അറിവ് പകരാനും അവർക്ക് യൂനിഫോം, സ്കൂൾ പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലും സജീവമാണ്.
സർവകലാശാല വിദ്യാർഥികൾക്കൊപ്പം താൻസനിയയിലെ സാൻസിബാർ ദ്വീപിലേക്കായിരുന്നു മസ്മിയുടെ ആദ്യയാത്ര. അവിടത്തെ ഗ്രാമങ്ങളിലെ കുട്ടികളുടെ വിഷയങ്ങൾ പഠിക്കുകയും വിദ്യാലയങ്ങൾ പുനർനിർമിക്കാൻ സഹായിക്കുകയും ചെയ്താണ് ഈ മേഖലയിലേക്കുള്ള കടന്നുവരവ്. പിന്നീട് കെനിയയിലെ പ്രാന്തപ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇവർ സജീവമായി. മസ്മിയുടെ മേൽനോട്ടത്തിൽ ഇവിടെയും നിരവധി സ്കൂളുകളാണ് പുനർനിർമിക്കപ്പെട്ടത്.
കോവിഡ് മഹാമാരി ലോകത്തെ പിടികൂടിയപ്പോഴാണ് മസ്മിയുടെ അചഞ്ചലമായ ധൈര്യം ലോകം അറിഞ്ഞത്. 2023ൽ നേപ്പാളിലേക്ക് പോയ മസ്മിയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘം ദരിദ്ര ഗ്രാമങ്ങളിലെ കുട്ടികൾക്ക് വസ്ത്രങ്ങളും സ്കൂൾ പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു.
കുട്ടികളെ ഇംഗ്ലീഷ്, അറബിക് ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. 2014ൽ ആണ് അൽ മസ്മി ദുബൈ പൊലീസിൽ പ്രവേശിക്കുന്നത്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന്റെ റേഡിയോ, ടി.വി പ്രോഗ്രാം സെക്ഷനിലായിരുന്നു ഡ്യൂട്ടി. തൽസമയ സംപ്രേക്ഷണത്തിലൂടെ ലഭിക്കുന്ന പരാതികളെ നിരീക്ഷിക്കുകയും നേരിടുകയുമായിരുന്നു ദൗത്യം. ഹൈഫയുടെ സ്തുത്യർഹ പ്രവർത്തനത്തിലൂടെ ദുബൈ പൊലീസിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.