മാജിക്കൽ കാൻവാസ്
text_fields‘വല്ലഭന് പുല്ലും ആയുധം..’ എന്നതുപോലെയാണ് ആശയ ഗാംഭീര്യവും അപാരമായ കൈയൊതുക്കവുമുള്ള ദോഹയുടെ കലാകാരി നസീമ ഷുക്കൂർ. കൈയിൽ കിട്ടുന്നതെന്തും നസീമയുടെ മുന്നിലെ കാൻവാസിൽ അത്ഭുത രചനകളായി കളം നിറയും. പഞ്ച് ചെയ്ത് എറിയുന്ന കടലാസ് തുണ്ടും, ബട്ടൺസും, മുത്തും, കല്ലും, നൂലും ഉൾപ്പെടെ എന്തും ഇവിടെ കാൻവാസിനെ മനോഹരമായ ദൃശ്യങ്ങളാക്കി മാറ്റാനുള്ള മീഡിയമാണ്. അങ്ങനെ ആറ് ലക്ഷത്തോളം ചെറു പേപ്പർ തുണ്ടുകൾ പലനിറങ്ങളിലായി ചേർന്ന് മൂന്ന് മീറ്ററിലധികം വലുപ്പമുള്ള വലിയ ക്യാൻവാസിൽ നിറഞ്ഞപ്പോൾ കാഴ്ചക്കാരന്റെ കൺമുന്നിലെത്തിയത് ജനലക്ഷങ്ങളാൽ ചുറ്റപ്പെട്ട വിശുദ്ധ കഅബയുടെയും മസ്ജിദുൽ ഹറമിന്റെയും രാത്രികാല ദൃശ്യമായിരുന്നു.
ഇത് മനുഷ്യസാധ്യമായൊരു സൃഷ്ടിയോ എന്നും പറഞ്ഞ് കാഴ്ചക്കാരൻ അൽഭുതം കൂറുമ്പോൾ ചെറു ചിരിയോടെ തൃശൂർ വാടാനപ്പള്ളി കരുവന്നൂർ സ്വദേശിനിയായ ഈ വീട്ടമ്മ മറ്റൊരു അതിശയ കാഴ്ചയിലേക്ക് നയിക്കും. അവിടെ, നീലയും കറുപ്പും വെളുപ്പും പച്ചയും നിറങ്ങളെ മുത്തുകളിൽ നിന്നാണ് അതിശയകരമായ ദൃശ്യത്തിലേക്ക് നയിക്കുന്നത്. ഒരു ചുമരിനോളം വലിപ്പത്തിൽ തൂങ്ങി നിൽക്കുന്ന മദീന മുനവ്വറയുടെ അത്ഭുതക്കാഴ്ച. മുന്നിലെ കാൻവാസിലെ കാഴ്ചയുടെ മനോഹാരിതക്കപ്പുറം അവ രചിച്ചെടുക്കാൻ ഉപയോഗിച്ച മീഡിയം കൂടിയാണ് ഈ കലാകാരിയെ വ്യത്യസ്തയാക്കുന്നത്. ഇങ്ങനെ ഒരുകൂട്ടം സൃഷ്ടികൾ തന്നെ ഇവരുടെ കൈയൊതുക്കത്തിലുടെ കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്ന സൃഷ്ടികളായി ചുമരുകൾ നിറയുന്നുണ്ട്.
ബ്ലാക്ക് ആൻഡ് വൈറ്റ് കാമറ ചിത്രത്തിൽ പതിയുന്ന തെരുവിനെ അതേ ഭംഗിയോടെ കറുപ്പും വെളുപ്പും മുത്തിൽ തീർത്ത ദൃശ്യം, പെയിന്റിങ്ങുകളിലെയും പെൻസിൽ വരകളിലെയും കാഴ്ചകളെ മുറിച്ചെടുത്ത കടലാസും, പഞ്ച് ചെയ്ത കഷ്ണങ്ങളും മുത്തുകളും ഉൾപ്പെടെ പല മീഡിയങ്ങളിലൂടെ നസീമ കാൻവാസിൽ പകർത്തുമ്പോൾ ജീവൻ തുടിക്കുന്നവയായി അവ കാഴ്ചക്കാരനോട് സംവദിക്കും.
30 വർഷത്തോളമായി ഖത്തർ പ്രവാസിയായ നസീമയുടെ സജീവമായ കലാജീവിതം 20 വർഷത്തിലധികം പിന്നിട്ടു കഴിഞ്ഞു. അതിനിടയിൽ നിരവധി പ്രദർശനങ്ങളിലൂടെ ഖത്തറിലും കേരളത്തിലുമായി ഇവർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏറ്റവും ഒടുവിലായി മേയ് ആദ്യ വാരത്തിൽ ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കതാറ കൾചറൽ വില്ലേജ് വീണ്ടും ഇവരുടെ പ്രദർശനത്തിന് വേദിയായി. ഖത്തരികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ സന്ദർശകരായെത്തിയപ്പോൾ മദീന പള്ളിയുടെ ചിത്രംകണ്ട് അതിശയത്തോടെ അവർ കലാകാരിയെ അഭിനന്ദിക്കാനെത്തും. ചിത്രത്തെ കുറിച്ചും, അവ പൂർത്തിയാക്കിയതിന്റെ രഹസ്യങ്ങളുമെല്ലാം ചോദിച്ചറിഞ്ഞാണ് ഓരോ സന്ദർശകരും മടങ്ങിപ്പോകുന്നത്.
എട്ടുമാസം വരെ എടുത്താണ് മദീന മുനവ്വറയുടെ നിർമാണം പൂർത്തിയാക്കിയതെന്ന് നസീമ ‘ഗൾഫ് മധ്യമ’ത്തോട് പറഞ്ഞു. 220,000 ത്തോളം മുത്തുകൾ പലനിറങ്ങൾ ഇടചേർന്ന് ചെയിനിൽ കോർത്തെടുത്ത് കാൻവാസിൽ ഒട്ടിച്ചുവെച്ചുകൊണ്ടായിരുന്നു ദൃശ്യം തയാറാക്കിയത്. 2015ൽ പൂർത്തിയാക്കിയ മസ്ജിദുൽ ഹറമിനെ പകർത്തിയെടുക്കാൻ രണ്ടു വർഷമെടുത്തു. പകർത്താൻ മാതൃകകളോ, കണ്ടു പരിചയമോ ഇല്ലാതെ സ്വന്തം ആശയങ്ങളിലായിരുന്നു മക്കയുടെയും മദീനയുടെയും രചനകൾ തുടങ്ങിയതെന്ന് നസീമ പറയുന്നു. മനസ്സിൽ ഏകദേശം കുറിച്ചിട്ട കാൻവാസിനൊപ്പം പേപ്പറും മുത്തുകളും ചേർത്തുവെച്ചായിരുന്നു ക്ഷമയോടെ പണികൾ പൂർത്തിയാക്കിയത്.
നേരത്തേ രാജാരവിവർമയുടെ വിശ്വപ്രസിദ്ധ ചിത്രം മുത്തുകളിൽ തീർത്തിരുന്നു. ആറു മാസംകൊണ്ട് 1.50 ലക്ഷം മുത്തുകൾ ഉപയോഗിച്ചായിരുന്നു ഈ രചന പൂർത്തിയാക്കിയത്. ചിത്രകാരിയായ മാതാവ് ഫാത്തിമ ബീവിയിൽ നിന്ന് പകർന്നുകിട്ടിയതാണ് തന്റെ കലാമികവെന്ന് നസീമ പറയുന്നു. 40 വർഷത്തോളമായി ഖത്തർ പ്രവാസിയായ ഭർത്താവ് അബ്ദുൽ ഷുക്കൂറിന്റെ നിറഞ്ഞ പിന്തുണ കൂടിയായതോടെ കാൻവാസുകളിൽ അത്ഭുതക്കാഴ്ചകൾ വിരിഞ്ഞു തുടങ്ങി. മക്കളായ ഖത്തറിൽ തന്നെ ജോലി ചെയ്യുന്നു മക്കളായ മുഹമ്മദ് ആസിഫും മുഹമ്മദ് ഹാഫിസും ഉമ്മക്ക് ഒപ്പം സജീവമായുണ്ട്.
കതാറ കൾചറൽ വില്ലേജിൽ ഇത് രണ്ടാമത്തെ പ്രദർശനമാണ്. നേരത്തേ ശൈഖ് ഫൈസൽ മ്യൂസിയത്തിലെ ഉദ്ഘാടന പ്രദർശനത്തിലും, ഫയർ സ്റ്റേഷനിലുമെല്ലാം ഇവരുടെ രചനകൾ എത്തിയിരുന്നു. കേരളത്തിൽ കൊച്ചിയിലും കോഴിക്കോടുമെല്ലാം ഇതിനകം പ്രദർശനങ്ങൾ നടത്തി കൈയടി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.