സന്തോഷച്ചിരിയുള്ള ചിത്രങ്ങൾ
text_fieldsകല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കാൻ ഇന്ന് ഒട്ടേറെ മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ടെങ്കിലും ‘ഹർഷ പാത്തു സ്റ്റൈൽ ഓഫ് മേക്കിങ്’ ഇന്ന് ട്രെൻഡാണ്
പെരുന്നാളിന് മെഹന്തിയിടാൻ ആരുണ്ടെന്ന് ചോദിക്കുമ്പോൾ, നമ്മുടെ ഹർഷയുണ്ടല്ലോ എന്നായിരിക്കും മലപ്പുറത്തെ പല ചുള്ളത്തിമാരുടെയും മറുപടി. സന്തോഷച്ചിരിയുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം സ്റ്റാറും മേക്കപ്പ് ആർട്ടിസ്റ്റും ചിത്രകാരിയുമായ ഹർഷ പാത്തുവിന്റെ റീൽസുകളെ വ്യത്യസ്തമാക്കുന്നത്. വഴിനീളെയുള്ള അപരിചിതരാണ് അവളുടെ താരങ്ങൾ. താൻ വരച്ച ചിത്രങ്ങൾ കാണിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് പ്രചോദനമെന്ന് ഹർഷ പറയുന്നു.
മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ പൊന്നത്തുവളപ്പിൽ ഹംസയുടെയും റസിയയുടെയും മൂത്ത മകളാണ് ഹർഷ. ചെറുപ്പത്തിൽതന്നെ ചിത്രകലയോട് കടുത്ത അഭിനിവേശമായിരുന്നു. അങ്ങനെ സ്വന്തം മാതാപിതാക്കളെ വരച്ചുപഠിച്ചു. കുടുംബത്തിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെങ്കിലും തന്റെ ആഗ്രഹം അവൾ മനസ്സിലൊളിപ്പിച്ചില്ല. അധ്യാപകരുടെ സഹായത്തോടെ വീണ്ടും വീണ്ടും വരച്ചു. പെയിന്റിങ്ങിലൂടെയും മെഹന്തിയിട്ടും അവൾ സ്വന്തമായി സമ്പാദിച്ചു തുടങ്ങി. പിന്നീട് ഫൈൻ ആർട്സിലെ കോഴ്സിനെ കുറിച്ചും തന്റെ അഭിനിവേശത്തിൽ ഒരു കരിയറിനുള്ള സാധ്യതയെക്കുറിച്ചും അവൾ മനസ്സിലാക്കി. അങ്ങനെ തൃശൂരിലെ ഗവ. ഫൈൻ ആർട്സ് കോളജിൽ ചേർന്നു.
തുടക്കത്തിൽ, യാത്രചെയ്യുമ്പോൾ സമയം കളയാനുള്ള മാർഗമായാണ് തന്റെ കാമറയെ അവൾ കണ്ടിരുന്നത്. താൻ വരച്ച ചിത്രങ്ങൾ കാണിച്ചുകൊടുക്കുമ്പോൾ ആളുകളുടെ മുഖത്ത് വിടരുന്ന ചെറുചിരി അവളെ കൂടുതൽ ആവേശത്തിലാക്കി. വീട്ടുജോലിക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, ഭിന്നശേഷിക്കാർ, തെരുവു കടയുടമകൾ തുടങ്ങിയ ആളുകളെ അവൾ വരച്ചുകാട്ടി. പലപ്പോഴും ഒറ്റക്ക് നടന്ന് വഴിനീളെ കാണുന്നവരെ നിരീക്ഷിക്കും. കേരളത്തിലെ വിവിധ ജില്ലകളിലൂടെ കാൻവാസ് തിരഞ്ഞ് അലഞ്ഞു നടന്നിട്ടുണ്ടെന്ന് ഹർഷ പറയുന്നു.
ബ്രൈഡൽ മേക്കോവറിലും സ്റ്റാർ
കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കാൻ ഇന്ന് ഒട്ടേറെ മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ടെങ്കിലും ‘ഹർഷ പാത്തു സ്റ്റൈൽ ഓഫ് മേക്കിങ്’ ഇന്ന് ട്രെൻഡാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധിപേരെ മണവാട്ടിമാരായി ഒരുക്കിയിട്ടുണ്ടെന്നും അതിനുശേഷം അവരിൽനിന്നൊക്കെ മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നതെന്നും ഹർഷ പറയുന്നു. ഓരോ നാട്ടിലും ആ നാടിന്റെ സാംസ്കാരിക തനിമയുള്ള രൂപത്തിലും ഡിസൈനിലുമാണ് മണവാട്ടിമാരെ അണിയിച്ചൊരുക്കുന്നത്.
നേട്ടങ്ങളുടെയും തോഴി
ഇൻസ്റ്റഗ്രാം റീൽസും വരയുമായി മുന്നോട്ടുപോകുന്നതോടൊപ്പം മ്യൂസിക് ആൽബത്തിലും ഹർഷ പ്രവർത്തിച്ചു. യൂട്യൂബിൽ റിലീസ് ചെയ്ത വേടന്റെ ‘വാാ’ എന്ന ടീമിനൊപ്പം മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചത് ഹർഷക്ക് പുതിയൊരു അനുഭവമായിരുന്നു. തൈക്കുടം ബ്രിഡ്ജിന്റെ ‘നീലി’ ആൽബത്തിലും മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. ഇതോടൊപ്പം ചില അംഗീകാരങ്ങളും ഹർഷയെ തേടിയെത്തി. ഫ്യൂച്ചർ കലാംസ് ബുക് ഓഫ് റെക്കോഡ്സ്, യൂനിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്സ്, റെഡ് എഫ്.എമ്മിന്റെ ശക്തി അവാർഡ്, രണ്ട് സോഷ്യൽ മീഡിയ അവാർഡ് എന്നിവ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.