സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സുവർണ നേട്ടം
text_fieldsറിയാദ്: പ്രഥമ സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സുവർണ നേട്ടം. ബാഡ്മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നത്‍യാണ്.
മലയാളികൾക്കും ഇന്ത്യക്കാകെ തന്നെയും അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് ഈ പെൺകുട്ടിക്ക് തുണയായത്. ഖദീജ നിസ സൗദി ദേശീയ ഗെയിസിൽ മത്സരിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത് 'ഗൾഫ് മാധ്യമ'മാണ്.
ഒക്ടോബർ 28-ന് റിയാദിൽ ആരംഭിച്ച സൗദി ദേശീയ ഗെയിസിൽ നവംബർ ഒന്ന് മുതലാണ് ബാഡ്മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്. ആദ്യം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലായിരുന്നു മത്സരം. ഇതിൽ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധനാഴ്ച വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി.
ആകാംക്ഷ മുറ്റിയ നിമിഷങ്ങൾക്കൊടുവിൽ അൽ-നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ഫൈനൽ മത്സരത്തിൽ അൽ-ഹിലാൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഹലാൽ അൽ-മുദരിയ്യയെ 21-11, 21-10 എന്ന സ്കോർ നിലയിൽ അനായാസം തകർത്തെറിഞ്ഞ് വിജയ കിരീടം ചൂടുകയായിരുന്നു.
വിജയാഹ്ലാദ ആരവങ്ങളോടെ കാണികളെ അഭിവാദ്യം ചെയ്ത ഖദീജ നിസ കളിച്ചുകയറിയത് സൗദി അറേബ്യയുടെ ചരിത്രത്തിലേക്ക് കൂടിയാണ്. 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാനതുകയാണ് മത്സരിച്ച എല്ലാ കളികളിലും എതിരാളികളെ തകർത്ത് തരിപ്പണമാക്കിയ ഖദീജ നിസ നേടിയത്.
റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്‍റേയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ്. രണ്ടര മാസത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രകൃയയിൽ സൗദിയിലേയും വിദേശത്തേയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.