ആകാശത്തീവണ്ടിയിലെ പെണ് പൈലറ്റുമാര്
text_fieldsഓട്ടോഡ്രൈവറായിരുന്ന അച്ഛെൻറ മുന്നിലിരുന്ന് ചെറുപ്രായത്തിൽ ഓട്ടോ ഓടിച്ചിട്ടുണ്ട് ഗോപിക. അതുകൊണ്ടുതന്നെ വാഹനങ്ങളും ഡ്രൈവിങ്ങും മനസ്സിലെ ഇഷ്ടങ്ങളായിരുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് റെയിൽവേ പരീക്ഷക്ക് പോയപ്പോൾ മുംബൈ മെട്രോ കണ്ടു. ആ ട്രെയിൻ ഓടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു. ‘‘അയ്യോ... ഒരു പെൺകൊച്ച് ആ വലിയ വണ്ടി ഓടിച്ചോണ്ട് പോണ കണ്ടാ...’’ എന്ന് അദ്ഭുതപ്പെട്ടുനിന്നവൾ ഇന്ന് കേരളത്തിെൻറ അഭിമാന പദ്ധതി കൊച്ചി മെട്രോയിലെ ഏഴ് മലയാളി വനിത ലോകോ പൈലറ്റുമാരിൽ ഒരാളാണ്. ഇതുവരെ സന്തോഷിെൻറ മകളാണ് എന്ന് അറിഞ്ഞിരുന്ന നാട്ടിൽ ഇപ്പോൾ ഗോപികയുടെ അച്ഛനാണ് എന്ന് മാറിയിരിക്കുന്നു. ‘‘അച്ഛൻ എന്നെക്കുറിച്ച് അഭിമാനത്തോടെ പറയുന്നു. എെൻറ ജീവിതത്തിലെ വലിയ കാര്യമാണിത്’’ ^കൊല്ലം പുന്തലത്താഴത്തുകാരി ഗോപിക സന്തോഷ് പറയുന്നു. 39 ലോകോ പൈലറ്റുമാർക്കിടയിലെ ഈ പെൺകൂട്ടത്തിൽ ഓരോരുത്തർക്കും അവരുടെ ജീവിതം മാറിയ കഥയുണ്ട് പറയാൻ.
കൂട്ടത്തിൽ അഞ്ജു ഹർഷനും നിധിയും വന്ദനയും കെ.എം.ആർ.എല്ലിൽ എത്തുന്നതിനുമുമ്പ് മെട്രോ ട്രെയിനിൽ കയറിയിട്ടുപോലുമുണ്ടായിരുന്നില്ല. ‘‘വീട്ടുകാർക്കെല്ലാം ആദ്യം ടെൻഷനായിരുന്നു. ട്രെയിൻ ഓടിക്കണം, അതും മുകളിലൂടെ എന്നായിരുന്നു അവരുടെ ആശങ്ക. വളരെ അഡ്വാൻസ്ഡ് ടെക്നോളജിയാണെന്നും സുരക്ഷിതത്വമുണ്ടെന്നെല്ലാം ബോധ്യപ്പെടുത്താനായപ്പോൾ അവർക്ക് ആശ്വാസമായി’’ -തിരുവനന്തപുരം അമ്പലത്തറ സ്വദേശിനി അഞ്ജു ഹർഷൻ പറയുന്നു.
ബി.ടെക് പൂർത്തിയാക്കിയവരാണ് ഏഴുപേരും. ജോലി അന്വേഷിക്കുന്നതിനിടയിലും മറ്റുമാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ ഒഴിവ് അറിയുന്നതും അപേക്ഷിക്കുന്നതും. ഓൺലൈൻ ടെസ്റ്റായിരുന്നു ആദ്യം. വിജയിച്ചവരെ സൈകോമെട്രിക് ടെസ്റ്റിന് ക്ഷണിച്ചു. ബുദ്ധിവൈഭവം, ഓർമശക്തി, വേഗം, മനോബലം എല്ലാം അളക്കുന്ന കടമ്പ കടന്നപ്പോൾ മെഡിക്കൽ ടെസ്റ്റ്. അതും വിജയകരമായി പൂർത്തിയായതോടെ സ്റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഓപറേറ്റർ തസ്തികയിൽ കെ.എം.ആർ.എല്ലിൽ ജോയിൻ ചെയ്തു. ശേഷം ബംഗളൂരുവിൽ മൂന്നുമാസത്തെ പരിശീലനം.
‘‘കോളജിൽനിന്ന് ഞങ്ങൾ സുഹൃത്തുക്കൾ പത്തുപേർ ചുമ്മാ ഓൺലൈൻ ടെസ്റ്റ് എഴുതുകയായിരുന്നു. പാസായപ്പോൾ സൈകോമെട്രിക് ടെസ്റ്റിനായി നന്നായി തയാറെടുത്ത് പങ്കെടുത്തു -തൃശൂർ, അന്തിക്കാട് സ്വദേശിനി നിധി കെ.ജി പറഞ്ഞു. ‘‘ഒരു ട്രിപ്പിൽ പരമാവധി 975 പേരുണ്ടാകും. അവരുടെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ്, അതാണ് ഏറ്റവും വലിയ ഉത്തരവാദിത്തം. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കേണ്ടത് നമ്മളാണ്. പൈലറ്റ് കാബിനിൽ ഓക്സിലറി സീറ്റുണ്ടെങ്കിലും വല്ലപ്പോഴുമേ മറ്റാരെങ്കിലും ഉണ്ടാകൂ. ഇൻസ്പെക്ഷനെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ ട്രെയ്നികളൊക്കെയേ ആ സീറ്റിലുണ്ടാകൂ. യാത്രക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പാസഞ്ചർ എമർജൻസി ഇൻറർകോം സംവിധാനത്തിലൂടെ നമ്മളോടാണ് ആശയവിനിമയം നടത്തുക’’ -നിധി വിവരിച്ചു.
ഈ ‘മെട്രോ ഗേൾസി’നെ കൂടാതെ കൊച്ചി മെട്രോയിൽ ഭൂരിഭാഗം വിഭാഗങ്ങളിലും സ്ത്രീകളാണ് സേവനം ചെയ്യുന്നത്. കുടുംബശ്രീയുമായി ചേർന്നാണ് രാജ്യത്തെ ഏറ്റവും സ്ത്രീ സൗഹൃദ മെട്രോയെന്ന ഖ്യാതി കെ.എം.ആർ.എൽ നേടിയത്. കസ്റ്റമർ റിലേഷൻ, സെക്യൂരിറ്റി മുതൽ കാറ്ററിങ് വരെ വിഭാഗങ്ങളിൽ 500ൽപരം കുടുംബശ്രീ വനിതകളാണ് നിയമിക്കപ്പെട്ടത്. ലിംഗസമത്വം വെറുംവാക്കിൽ ഒതുക്കാതെ ആദ്യഘട്ടമെന്നോണം 23 ട്രാൻസ്ജെൻഡറുകൾക്ക് ജോലി നൽകി. ഇതോടെ ഭിന്നലിംഗക്കാർക്ക് ജോലി നൽകിയ രാജ്യത്തെ ആദ്യ സർക്കാർ കമ്പനിയായി കെ.എം.ആർ.എൽ മാറി. കേരളത്തിെൻറ ഗതാഗത ചരിത്രം പുതിയൊരധ്യായത്തിന് വഴിമാറിയപ്പോൾ കൊച്ചി മെട്രോയുടെ ആദ്യ വനിത ട്രെയിൻ ഓപറേറ്റർമാരായ ഈ പെൺകുട്ടികളും തങ്ങളുടെ പേര് ആ ചരിത്രത്തോടൊപ്പം ചേർത്തുവെക്കുകയാണ്.
"ഞങ്ങള് വൈകിയോടില്ല...'
ട്രെയിൻ കൃത്യസമയത്ത് എത്തിയാൽ റെയിൽവേക്ക് ഇതെന്തുപറ്റി എന്ന് അന്വേഷിക്കുന്നവരാണ് നാം. വൈകിയോടൽ പതിവായ ഇന്ത്യൻ റെയിൽവേയിൽ കൃത്യസമയത്ത് വണ്ടി എത്തിയാൽ യാത്രക്കാർക്ക് അദ്ഭുതമാണ്. കെ.എസ്.ആർ.ടി.സിയാണെങ്കിലും തഥൈവ. എന്നാൽ, മലയാളിക്ക് മെട്രോ ട്രെയിൻ ഉറപ്പുനൽകുന്നത് കണിശമായ കൃത്യതയാണ്. 30 സെക്കൻഡ് താമസിച്ചാൽപോലും വളരെ ഗുരുതരമായ കാര്യമായാണ് വിലയിരുത്തപ്പെടുകയെന്ന് ഇവർ പറയുന്നു. ഏഴ് മിടുക്കികളും 1000 കിലോമീറ്ററിലധികം പരിശീലന ഓട്ടം പൂർത്തിയാക്കിക്കഴിഞ്ഞു. എട്ടുമണിക്കൂറാണ് ജോലി. വളരെ ശ്രദ്ധ ആവശ്യമുള്ളതിനാൽ വിശ്രമവേളകളുണ്ട്. സ്റ്റിയറിങ് അല്ല, ലിവറിൽ പിടിച്ചാണ് നിയന്ത്രണം. മുന്നിലേക്കും പിന്നിലേക്കും പുഷ് ചെയ്താണ് മോട്ടോറിങ്ങും ബ്രേക്കിങ്ങും. നിശ്ചിത സെക്കൻഡിനുള്ളിൽ ലിവർ പ്രസ് ചെയ്തില്ലെങ്കിൽ ഓപറേറ്റർക്ക് അപകടം സംഭവിച്ചെന്ന് മനസ്സിലാക്കി ട്രെയിൻ യാന്ത്രികമായി യാത്ര നിർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.