ചെൽസിയുടെ കൈപിടിക്കാൻ മലയാളി കുട്ടികൾ
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിലെ താരപ്പകിട്ടുള്ള ടീമാണ് ചെൽസി. അബൂമയാങ്ങും നിക്കോളാസ് കാന്റെയുമെല്ലാം ഇന്ന് അബൂദബി ആൽ നഹ്യാൻ സ്റ്റേഡിയത്തിൽ സൗഹൃദ പോരാട്ടത്തിനിറങ്ങുമ്പോൾ കൈപിടിച്ചിറങ്ങുന്നത് അഞ്ച് മലയാളി കുട്ടികളായിരിക്കും. ചെൽസിയെ ഹൃദയത്തിലേറ്റി നടക്കുന്ന യു.എ.ഇയിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സപ്പോർട്ടിങ് ഗ്രൂപ്പായ ദുബൈ ബ്ലൂസിലെ അംഗങ്ങളുടെ മക്കളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആസ്റ്റൻ വില്ലക്കെതിരെയാണ് ചെൽസിയുടെ മത്സരം.
ആറ് വയസുകാരായ ഡേവിസ് ജോർജ് ഫിലിപ്പ്, എൽവിസ് ജോർജ് ഫിലിപ്പ്, എട്ട് വയസുകാരി അൽഫിയ ആഷിഖ്, ഏഴ് വയസുകാരൻ ഹംദാൻ ആഷിൻ, ഒമ്പത് വയസുകാരി മിരെൽ ഫെർണാണ്ടസ് എന്നിവരാണ് ചെൽസി താരങ്ങൾക്കൊപ്പം കൈപിടിച്ച് മൈതാനത്തേക്കിറങ്ങുന്നത്. ചെൽസിയുടെ കട്ട ഫാൻസാണ് 'ദുബൈ ബ്ലൂസ്' അംഗങ്ങൾ. ചെൽസി തങ്ങളുടെ ഹൃദയമാണെന്ന് ഉറക്കെ പറയുന്ന അവരുടെ സ്നേഹത്തിനുള്ള ആദരമായി ചെൽസിയുടെ ഔദ്യോഗിക സപ്പോർട്ടേഴ്സ് ക്ലബ്ബെന്ന അംഗീകാരം അവർക്ക് നൽകിയിരുന്നു.
കേരളത്തിൽ ചെൽസിക്ക് ഔദ്യോഗിക ഫാൻസ് ക്ലബ്ബ് ഉണ്ടെങ്കിലും വിദേശരാജ്യത്തെ മലയാളി ഫാൻസിന് ആദ്യമായാണ് ചെൽസി ഔദ്യോഗിക പട്ടം നൽകുന്നത്. മലപ്പുറം സ്വദേശി ജാമിർ വലിയമണ്ണിലിന്റെ നേതൃത്വത്തിലാണ് ചെൽസി ഫാൻസിന്റെ കൂട്ടായ്മ രൂപപ്പെട്ടത്. ചെൽസിയുടെ വെബ്സൈറ്റിൽ ഈ ക്ലബ്ബുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളുമെല്ലാം കാണാം.
ജോലി ചെയ്യാൻ പോലും സമയം തികയാത്ത ഗൾഫ് ജീവിതത്തിനിടയിൽ ഇഷ്ട ക്ലബ്ബിന് വേണ്ടി സമയം കണ്ടെത്തുകയാണിവർ. സൗഹൃദ മത്സരം സംഘടിപ്പിച്ചും ക്വിസ്, പെസ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചും മൈതാനത്തിന് പുറത്ത് ലൈവാണ് ഈ സംഘം. ചെൽസിയുടെ പ്രധാന മത്സരങ്ങൾക്ക് സ്ക്രീൻ പ്രദർശനവുമുണ്ടാകും. യു.എ.ഇയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഫാൻസ് ക്ലബ് കൂടിയാണ് ബ്ലൂസ്. ചാലഞ്ച് കപ്പിലാണ് ചെൽസിയും ആസ്റ്റൺ വില്ലയും ഏറ്റുമുട്ടുന്നത്. വൈകുന്നേരം 6.10നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.