മാളിയേക്കല് മഹിമകളും മറിയുമ്മയും
text_fieldsഅമ്പതും നൂറും പേർ ഒരു മേൽക്കൂരക്കു താഴെ, ബന്ധത്തിന്റെ സ്നേഹച്ചൂടറിഞ്ഞും ഇഴയടുപ്പം സൂക്ഷിച്ചും സ്നേഹിച്ചും ശകാരിച്ചും പരസ്പരം ബഹുമാനം പങ്കുവെച്ചും കഴിഞ്ഞു കൂടിയിരുന്ന ഒരിടമാണിത്. വിശാലമായ പറമ്പിന്റെ ഒത്തനടുക്ക് തല ഉയർത്തി നിൽക്കുന്ന തലശ്ശേരി മാളിയേക്കൽ തറവാട്ടുവീട്ടിലെ ബന്ധുബലം എഴുതിയാൽ തീരില്ല. കാരണവർ, പിതാവ്, മാതാവ്, മുത്തശ്ശൻ, മുത്തശ്ശി, അമ്മാവൻ, അമ്മായി, എളാപ്പ, മൂത്താപ്പ, അനന്തരവന്മാർ, ഭാര്യമാർ, മക്കൾ, മക്കളുടെ മക്കൾ, പേരമക്കൾ, മറ്റു ബന്ധുക്കൾ, അകംജോലിക്കാർ, പുറംജോലിക്കാർ തുടങ്ങി അമ്പതിലും നൂറിലും അവസാനിക്കാത്ത അംഗങ്ങൾ ആഹ്ലാദത്തോടെ ജീവിച്ച കാലത്തിന്റെ സുഖമുള്ള ഒാർമകളുമായി ജീവിക്കുകയാണ് തറവാട്ടിലെ ഇന്നത്തെ മുതിർന്ന അംഗം മറിയുമ്മ. മരുമക്കത്തായ സമ്പ്രദായം നിലനിൽക്കുന്ന തറവാട്ടിൽ കാരണവരാണ് നായകൻ. കാരണവർ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിച്ച് ആഘോഷത്തോടെ കഴിഞ്ഞിരുന്ന തറവാടു വീടുകൾ വടക്കെ മലബാറിൽ ധാരാളമുണ്ടായിരുന്നു. സ്ത്രീകൾ നേതൃസ്ഥാനത്തിരുന്ന തറവാടുകളും അക്കാലത്ത് ഏറെയുണ്ടായിരുന്നു. അത്തരമൊന്നായിരുന്നു മാളിയേക്കൽ.
മാളിയേക്കലിന്റെ ആത്ത
ഒരേസമയം നൂറു മുതൽ മുന്നൂറു വരെ പേർക്ക് തണലും സംരക്ഷണവുമൊരുക്കിയ വീടാണ് 100 വർഷത്തിലേറെ പഴക്കമുള്ള തലശ്ശേരിയിലെ മാളിയേക്കൽ തറവാട്. വിറകുപുര, പത്തായപ്പുര, വലിയ അടുക്കള, ചെറിയ അടുക്കള എന്നിവ കൂടാതെ പതിനാറോളം കിടപ്പുമുറികൾ തന്നെയുണ്ടായിരുന്നു മാളിയേക്കൽ തറവാട്ടിൽ. കൂട്ടുകുടുംബ കാലത്തെ ജീവിതം ചോദിച്ചാൽ മറിയുമ്മ എന്ന തൊണ്ണൂറുകാരിയുടെ നാവിലൂടെ ഒഴുകിയെത്തും ആ വിശേഷങ്ങൾ. മറിയുമ്മയുടെ ഉമ്മയായ മാഞ്ഞുമ്മയുടെ ഉമ്മ കുഞ്ഞാച്ചുമ്മയുടെ കൈകളിലായിരുന്നു മറിയുമ്മയുടെ ബാല്യകാലത്ത് തറവാടിന്റെ ഭരണം. കുഞ്ഞാച്ചുമ്മ എന്ന അതിശക്തയായ സ്ത്രീ ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും പൂർണ സമ്മതമായിരിക്കും. ആരെയും ബുദ്ധിമുട്ടിക്കാത്തതുമായിരിക്കും ആ തീരുമാനം.
“അന്നൊക്കെ മാളിയേക്കല് മുന്നൂറിലധികം ആളുകളുണ്ടായിരുന്നു താമസിക്കാൻ. ഒരുമ്മാക്കും ഉപ്പാക്കും അതിലെ മക്കൾക്കുംകൂടി ഒരു ചായ്പ്പാണ്. ഇങ്ങനെ ഇരുപതിലധികം കുടുംബങ്ങളുണ്ടായിരുന്നു. ഒരു നേരം അഞ്ച് ഇടങ്ങഴി ചോറ് വെക്കും. എട്ട് തേങ്ങ അരച്ചാണ് കറിയുണ്ടാക്കുക. തികഞ്ഞില്ലെങ്കിൽ വീണ്ടും വെക്കും അഞ്ച് ഇടങ്ങഴി തന്നെ. എങ്കിലും ഭക്ഷണത്തിെൻറ കാര്യത്തിലോ മറ്റോ ഒരിക്കൽപോലും ഒരു പരാതിയുയർന്നത് ഇന്നേവരെ കേട്ടിട്ടില്ല. അത്രയും കരുതലായിരുന്നു ആത്താക്ക് (കുഞ്ഞാച്ചുമ്മയെ മറിയുമ്മ വിളിക്കുന്ന പേര്) എല്ലാ കാര്യത്തിലും. തറവാട്ടിലെ പശുവിനെ കറന്നാലുള്ള പാൽ മുഴുവൻ കുട്ടികൾക്ക് കുടിക്കാനുള്ളതാണ്. ചായക്കായി പാൽ പിന്നീട് പുറത്തുനിന്ന് വാങ്ങും.
ഇരുട്ടിയാൽ തറവാട്ടിൽ വെട്ടം വരുത്താൻ നാല് ലിറ്റർ മണ്ണെണ്ണ കത്തിക്കണം. എല്ലായിടത്തും ആത്താന്റെ കണ്ണെത്തും. ആഹാരം കഴിക്കുന്നതിൽ മാത്രമല്ല, അസുഖം വന്ന് കിടന്നാലും ആ കരസ്പർശമെത്തും. അക്കാലത്ത് മാളിയേക്കല് ധാരാളം ജോലിക്കാരുണ്ടായിരുന്നു, അവരോടൊക്കെ വല്ലാത്തൊരു അനുകമ്പയായിരുന്നു മൂപ്പത്തിക്ക്. ആഹാരത്തിന്റെ കാര്യത്തിലും അവർക്കായിരുന്നു മുൻഗണന. കൃത്യസമയത്ത് ആഹാരം, ശേഷം പണിയെന്ന പോളിസി അന്നേ ആത്ത നടപ്പിലാക്കിയിരുന്നു. തറവാട്ടിലെ ഗർഭിണികൾക്കാണ് ആത്താന്റെ അളവില്ലാത്ത സ്നേഹം നുകരാനാവുക. ഗർഭകാലം മുതൽ പ്രസവം വരെയും പിന്നീട് 40 ദിവസം വരെയും താങ്ങും തണലുമായി ആത്ത കൂടെതന്നെയുണ്ടാവും. പ്രസവം കഴിഞ്ഞാൽ കുഞ്ഞിനുള്ള അരഞ്ഞാണം ആത്തയുടെ വകയായിരിക്കും. പിന്നീട് വീട്ടുകാർതന്നെ ഓരോരുത്തരായി കുട്ടിയെ കാണാൻ വരുമ്പോൾ സമ്മാനമായി നൽകുന്ന കുട്ടിക്കുപ്പായങ്ങൾ ഒരു വലിയ പെട്ടിയിൽ നിറക്കാനുള്ളതുണ്ടാകും.
ആർക്കും ആത്തയുടെ അടുക്കൽ എന്തു പരാതിയും പരിഭവവും പറയാമെന്നതാണ് മറ്റൊരു കാര്യം. തമ്മിലുള്ള പിണക്കമാണേലും സാമ്പത്തിക പ്രശ്നമാണേലും മറ്റെെന്തങ്കിലുമാണേലും അപ്പോൾതന്നെ പരിഹാരമുണ്ടാകും. അക്കാലത്ത് നമ്മുടെ പ്രദേശത്തുതന്നെ മോശമല്ലാത്ത സാമ്പത്തികസ്ഥിതിയുള്ള തറവാടായിരുന്നു മാളിയേക്കൽ. അതുകൊണ്ടുതന്നെ പൊന്നും പണവും വായ്പ വാങ്ങാൻ പ്രദേശത്തുള്ളവരെല്ലാം എത്തുകയും മാളിയേക്കലിലാണ്. വിവാഹം നിശ്ചയിച്ച പെൺകുട്ടികളുടെ ആശ്രയം പിന്നീട് ആത്തയായിരുന്നു, പുതുപെണ്ണ് കല്യാണത്തിനും പിന്നീടുള്ള വിരുന്ന് സത്കാരങ്ങളിലൊക്കെ അണിയുന്നത് ആത്തയുടെ പക്കലുള്ള സ്വർണപ്പെട്ടിയിലെ ആഭരണങ്ങളാണ്. ഇൗ പൊന്നിന്റെ പെട്ടി തറവാട്ടിൽ വല്ലപ്പോഴുമേ ഉണ്ടാവുകയുള്ളൂ എന്നതാണ് മറ്റൊരു കാര്യം, ഏതെങ്കിലും പെൺകുട്ടിയുടെ കാതിലോ കഴുത്തിലോ അണിഞ്ഞ് തിരികെയെത്തിച്ച ശേഷം അടുത്ത വീട്ടുകാർ വന്നുകൊണ്ടുപോകുന്നതായിരുന്നു പതിവ്.
എന്നാൽ, പൊൻപൊട്ടി തിരികെ കൊണ്ടുവരുമ്പോഴും കൊണ്ടു പോകുമ്പോഴും ഒരിക്കൽപോലും ആത്ത അത് തുറന്നുനോക്കി ഉറപ്പുവരുത്താൻ ശ്രമിച്ചിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം. മുന്നൂറോളം പേർ ആഘോഷത്തോടെ കഴിഞ്ഞ മാളിയേക്കലിൽ നാല് കുടുംബങ്ങളിലായി 22 പേരാണിപ്പോൾ താമസം. കുഞ്ഞാച്ചുമ്മയുടെ ആറാമത്തെ തലുമറയാണ് ഇപ്പോഴത്തെ അന്തേവാസികൾ. മറിയുമ്മയും മക്കളോടൊപ്പം തറവാടിന് അരികിൽ പുതിയ വീടെടുത്ത് താമസം മാറ്റി. കൂട്ടുകുടുംബത്തിന്റെ ബഹളമയമൊന്നുമില്ലെങ്കിലും പഴയ പ്രതാപത്തോടെ ഇന്നും തലയുയർത്തി നിൽക്കുകയാണ് മാളിയേക്കൽ തറവാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.