മരംമുറിയിൽ ആൺകുത്തക പൊളിച്ച് മണിയമ്മ
text_fieldsചാരുംമൂട്: ആണുങ്ങളുടെ കുത്തകയായിരുന്ന കാലത്താണ് മുപ്പത്തിനാല് വർഷം മുമ്പ് മണിയമ്മ മരംവെട്ട് തൊഴിൽ ഉപജീവനമാക്കിയത്. മുകളില്‍ കയറി മരം മുറിക്കാന്‍ പെണ്‍കരുത്തിനും കഴിയുമെന്ന് ഇവർ തെളിയിച്ചു. ചാരുംമൂട് പുതുപ്പള്ളിക്കുന്നം പുത്തൻവീട്ടിൽ തെക്കതിൽ പി.ടി. മണിയമ്മക്ക് (52) മൂര്‍ച്ചയേറിയ വെട്ടുകത്തി കൊണ്ടും കോടാലി കൊണ്ടും മാത്രമല്ല കൈവാളും കട്ടറും ഉപയോഗിച്ചും മരം മുറിക്കാന്‍ നിഷ് പ്രയാസം കഴിയും.
ജീവിത ക്ലേശങ്ങളോട് ഏറ്റുമുട്ടിയപ്പോഴാണ് മരം മുറിക്കല്‍ ജോലിയിൽ പിടിച്ചുനില്‍ക്കാനാകുമെന്ന് ഈ വീട്ടമ്മ തെളിയിച്ചത്. നാട്ടുകാര്‍ മരം വെട്ടുകാരിയെന്ന് വിളിക്കാറില്ലെങ്കിലും, ചിലർ അങ്ങനെ വിളിക്കുന്നത് അഭിമാനമാണെന്നും ജില്ലയില്‍ തന്നെ ആദ്യത്തെ വനിത മരം വെട്ടുകാരി ഒരുപക്ഷേ താനായിരിക്കുമെന്നും മണിയമ്മ പറയുന്നു. യുവത്വത്തിലേക്ക് കടക്കുംമുമ്പായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയെങ്കിലും ജീവിതസാഹചര്യങ്ങൾ തൊഴിലെടുക്കാൻ നിർബന്ധിതയാക്കി. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ജീവിക്കാനായി എന്തു തൊഴിലും ചെയ്യണമെന്ന അവസ്ഥയാണ് മരംവെട്ടിലേക്ക് തിരിയാൻ കാരണം. കൂലി കൂടുതലൽ ലഭിക്കുമെന്നതും സ്വാധീനിച്ചെന്ന് മണിയമ്മ പറയുന്നു
18ാം വയസ്സിൽ വെട്ടുകാരുടെ കൂടെ കൂടുമ്പോൾ മരങ്ങളുടെ ചുള്ളി കോതലായിരുന്നു ആദ്യം ചെയ്തിരുന്നത്. മുറിച്ചിടുന്ന മരക്കഷണങ്ങള്‍ ചുമന്ന് വാഹനത്തില്‍ എത്തിക്കുക, തടി മുറിച്ചിടാൻ കയർപിടിക്കുക തുടങ്ങിയവയും ചെയ്തു. പിന്നീട് കോടാലി, വാക്കത്തി എന്നിവ ഉപയോഗിച്ച് മരക്കമ്പുകള്‍ മുറിക്കാന്‍ പഠിച്ചു. ഇപ്പോള്‍ കൈവാളും കട്ടറും ഉപയോഗിച്ച് നിഷ് പ്രയാസം മരം വെട്ടാന്‍ കഴിയുമെന്ന് മണിയമ്മ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്ന് ആശുപത്രിയിലായതോടെ ഭർത്താവ് ഉപേക്ഷിച്ചു പോയി. പിന്നീട് ഭിന്നശേഷിക്കാരിയായ മകൾ വിഷ്ണു ദീപയെയും, മൂത്ത മകൾ വിഷ്ണുമായയെയും വളർത്തിയത് മരംവെട്ട് ജോലി ചെയ്താണ്. വിഷ്ണു മായയുടെ വിവാഹം നടത്തി. ജന്മന നടക്കാൻ കഴിയാതിരുന്ന ഭിന്നശേഷിക്കാരിയായ മകൾക്ക് വിവിധ ആശുപത്രിയിൽ ചികിത്സ നൽകി. രണ്ടു സർജറി നടത്തി.
എല്ലാം ഈ തൊഴിലിൽനിന്ന് ലഭിച്ച വരുമാനം കൊണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ ദിവസവും തൊഴിലിന് പോകും. ആണുങ്ങൾക്ക് കിട്ടുന്ന കൂലി കിട്ടുമെന്നതിനാൽ അല്ലലില്ലാതെ ജീവിക്കുന്നു. നൂറനാട് പണയിൽ വാടക വീട്ടിലാണ് താമസം.
സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ച് മകൾക്കൊപ്പം കഴിയണമെന്നാണ് പ്രധാന ആഗ്രഹം. സഹോദരി ശശികലയുടെ വീട്ടിൽ മകളെ ഏൽപ്പിച്ചിട്ടാണ് ജോലിക്ക് പോകുന്നത്. സഹോദരിയും കുടുംബവും, ബന്ധുക്കളും എല്ലാം സഹായവും നൽകി ഒപ്പമുണ്ടെന്നും മണിയമ്മ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.