വിധിയെ തോല്പിച്ച് മഞ്ജു കർമപഥത്തില്‍
text_fieldsഇരിങ്ങാലക്കുട: അപകടത്തില്‍ നട്ടെല്ല് തളര്‍ന്ന് രണ്ടുവര്‍ഷത്തോളം കിടപ്പിലായിരുന്ന മഞ്ജു തിരികെ ജോലിയിലേക്ക്. 2020 ജൂണില്‍ ഇരിങ്ങാലക്കുട ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ചുവന്ന കാര്‍, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മഞ്ജുവിനെയും ഭര്‍ത്താവിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോധരഹിതരായ ഇരുവരെയും ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയിൽ മഞ്ജുവിന് നട്ടെല്ലിന് പരിക്കേറ്റതായി സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട കനറാ ബാങ്കിലെ പ്യൂണായിരുന്നു മഞ്ജു. കിടപ്പിലായതോടെ മഞ്ജുവിനും ശുശ്രൂഷിക്കാന്‍ നിന്ന ഭര്‍ത്താവിനും ജോലിക്ക് പോകാനായില്ല. തുടര്‍ന്ന് വീട് വെക്കാന്‍ സ്വരുക്കൂട്ടിയ പണംകൊണ്ടായി ജീവിതവും ചികിത്സയും. ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷപോലുമില്ലാത്ത മാനസികാവസ്ഥയിലായിരുന്നു മഞ്ജുവും കുടുംബവും.
വിവിധ സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുശേഷം ഇരിങ്ങാലക്കുട നിപ്മറിലെത്തിയത് വഴിത്തിരിവായി. അവിടെ ഡോ. സിന്ധു വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടെങ്കിലും പഴയ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്നോ വീണ്ടും ജോലി ചെയ്യാന്‍ സാധിക്കുമെന്നോയുള്ള ആത്മവിശ്വാസം തീരെയില്ലായിരുന്നു. ഈ സമയത്താണ് ഭിന്നശേഷി മേഖലയില്‍ സന്നദ്ധ സേവനം നടത്തുന്ന ഫൗണ്ടേഷന് ഫോര്‍ ഇന്റർനാഷനൽ റീഹാബിലിറ്റേഷന്‍ റിസര്‍ച് ആന്‍ഡ് എംപവര്‍മെന്റ് (ഫയര്‍) മഞ്ജുവിന്റെ അവസ്ഥയറിയുന്നത്.
നിയോമോഷന്റെ സഹകരണത്തോടെ ജോലിക്ക് പോകാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് മോട്ടോര്‍ സ്കൂട്ടര്‍ സൗജന്യമായി ഫയര്‍ മഞ്ജുവിന് നൽകി. ഈ അവസ്ഥയിലും ജോലിക്ക് പോകാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നത് ഫയര്‍ പ്രവര്‍ത്തകരാണെന്ന് മഞ്ജു പറയുന്നു. സ്കൂട്ടര്‍ കിട്ടിയെങ്കിലും റാമ്പില്ലാത്തതിനാല്‍ ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതോടെ കോണത്തുകുന്ന് ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി നല്കി.
നട്ടെല്ല് തളര്‍ന്നിട്ടും വിധിയെ തോല്‍പ്പിച്ച മഞ്ജുവിന്റെ ഏറ്റവും വലിയ ലക്ഷ്യം ഒരുവീടാണ്. വീടിനു സ്വരുക്കൂട്ടിയ പണമാണ് അപകടം അപഹരിച്ചത്. ഇതു തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മഞ്ജു. കൊടുങ്ങല്ലൂര്‍ എല്‍ത്തുരുത്ത് കാട്ടുപറമ്പില്‍ മനോജാണ് ഭര്‍ത്താവ്. അഭിനവ്, സ്വാതി എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.