മാര്‍ തേവോദോസ്യോസ് ‘തണല്‍’ പുരസ്‌കാരം ദയാബായിക്ക്
text_fieldsമസ്‌കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഏര്‍പ്പെടുത്തിയ മാര്‍ തേവോദോസ്യോസ് തണല്‍ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക്. ഇടവക നടപ്പാക്കുന്ന തണല്‍ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് പുരസ്‌കാരം.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഉത്തര ഭാരത മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദര്‍ശനവും മാനവും നല്‍കിയ കൊല്‍ക്കത്ത ഭദ്രാസനാധിപനും 29 വര്‍ഷക്കാലം ഇടവകയുടെ മെത്രാപ്പോലീത്തായുമായിരുന്ന അന്തരിച്ച ഡോ. സ്‌തേഫാനോസ് മാര്‍ തേവോദോസ്യോസ് തിരുമേനിയുടെ സ്മരണാർഥമാണ് പുരസ്‌കാരം. ഫെബ്രുവരി പത്തിന് ഇടവക സംഘടിപ്പിക്കുന്ന ‘സമര്‍പ്പണം-23’ പരിപാടിയില്‍ പുരസ്‌കാരം നല്‍കുമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.
അധഃസ്ഥിതർക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് ദയാബായി. ഗോത്രജീവിതത്തിന്റെ മുഖച്ഛായകൂടിയാണ് അവര്‍. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി മധ്യപ്രദേശിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനുമായി നടത്തിയ പോരാട്ടങ്ങളിലൂടെയും പ്രകൃതി സംരക്ഷണത്തിനും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ച് നടത്തിയ സമരപോരാട്ടങ്ങളിലൂടെയും ലോകശ്രദ്ധ നേടി. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും ദയാബായിയെ തേടിയെത്തി.
മസ്‌കത്ത് മഹാ ഇടവകയുടെ പ്രധാന ജീവകാരുണ്യ ‘തണല്‍’ പദ്ധതിയില്‍ കഴിഞ്ഞ 17 വര്‍ഷക്കാലമായി നിര്‍ധനരും നിരാലംബരുമായവര്‍ക്കായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഭവന നിർമാണം, വിവാഹ സഹായം, അർബുദ, വൃക്ക രോഗികള്‍ക്കുള്ള ചികിത്സ സഹായം, ഹൃദയ ശസ്ത്രക്രിയ സഹായം, ആതുരസേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, കേരളത്തിലുടനീളം നിരവധി ജീവകാരുണ്യ പദ്ധതികളാണ് ഇടവക നടപ്പാക്കി വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒമാനില്‍ ഇടവക രൂപവത്കൃതമായി 50 പൂര്‍ത്തിയാകുന്ന ഈ സുവര്‍ണ ജൂബിലി വര്‍ഷം ‘തണല്‍-ബൈത്തോ’ എന്ന പേരില്‍ കേരളത്തിലെ വിവിധ മേഖലകളിലുള്ള നിര്‍ധനരായവര്‍ക്ക് വീട് നിർമിച്ചുനല്‍കുന്ന പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.