'മരംകേറി'സുമംഗല അഥവാ സകലകലാവല്ലഭ
text_fieldsമരംകേറി'യെന്ന് പലരും പരിഹസിച്ചെങ്കിലും കൂസാക്കാതെ സമ്മാനം കിട്ടിയ വെട്ടുകത്തിയുമായി സുമംഗല തെങ്ങുകയറുകയാണ്. പാലമേൽ ഉളവുക്കാട് കുറ്റിയിൽ പടിഞ്ഞാറെപ്പുരയിൽ സുമംഗലയാണ് തെങ്ങുകയറ്റത്തിൽ കാട്ടിയ മികവിന് സമ്മാനമായി ലഭിച്ച വെട്ടുകത്തിയുമായി തെങ്ങുകയറുന്നത്. 2013ൽ തൃശൂർ നാളികേര വികസന കേന്ദ്രത്തിൽ തെങ്ങുകയറ്റ പരിശീലനത്തിന് ആളെ വിളിച്ചപ്പോൾ ഭർത്താവ് കുഞ്ഞുമോൻ ഭാര്യയുടെ പേരും സ്വന്തം പേരിനൊപ്പം നൽകിയിരുന്നു.
പരിശീലനത്തിന് ചെല്ലാൻ അറിയിപ്പ് കിട്ടിയപ്പോഴാണ് സുമംഗല ഇക്കാര്യം അറിയുന്നത്. കായംകുളത്ത് പരിശീലനത്തിനെത്തിയ 28 പേരിൽ ദമ്പതികൾ ഇവർ മാത്രമായിരുന്നു. ആറ് ദിവസമായിരുന്നു പരിശീലനം. വിജയകരമായ പരിശീലനത്തിനുശേഷം തെങ്ങുകയറ്റ മത്സരവും നടന്നു. രണ്ടുമിനിറ്റിൽ നാല് തെങ്ങ് കയറുന്നതായിരുന്നു മത്സരം. മത്സരത്തിൽ ഒന്നാമതെത്തി വിജയിയായ സുമംഗലക്ക് പരിശീലകനായിരുന്ന വയനാട് സ്വദേശി തോമസ് സമ്മാനത്തുകയോടൊപ്പം ഒരു വെട്ടുകത്തിയും നൽകി. അന്ന് അംഗീകാരമായി ലഭിച്ച വെട്ടുകത്തിയുമായാണ് ഇന്നും സുമംഗല തെങ്ങ് കയറുന്നത്. കുടുംബശ്രീ സ്ത്രീ ശാക്തീകരണ (എം.കെ.എസ്.പി) പദ്ധതിയിൽ സംസ്ഥാനത്തെ തെങ്ങുകയറ്റ പരിശീലകരിൽ 20 പേരിൽ ഒരാളും ജില്ലയിലെ പരിശീലകയുമാണിപ്പോൾ.
കൊല്ലം മുഖത്തലയിൽ 10 വനിതകൾക്ക് തെങ്ങുകയറ്റ പരിശീലനവും സുമംഗല നൽകിയിരുന്നു. 2013ൽ മലപ്പുറത്ത് കുടുംബശ്രീ നടത്തിയ തെങ്ങുകയറ്റ മത്സരത്തിൽ സുമംഗല അവാർഡ് നേടി. തെങ്ങുകയറിയും യന്ത്രം എത്തിച്ചും സഹായിച്ചിരുന്ന ഭർത്താവ് കുഞ്ഞുമോൻ ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് വിശ്രമത്തിലായതിനാൽ എല്ലാം സ്വന്തമായാണ് ഇപ്പോൾ ചെയ്യുന്നത്. സമർഥയായ ഡ്രൈവർ കൂടിയായ സുമംഗല കാർ, ട്രാവലർ തുടങ്ങിയവ ഓടിച്ചിരുന്നു.
നാട്ടിൽ എയർപോർട്ട് യാത്രകൾ ഉൾപ്പെടെ സവാരികളുടെ സാരഥിയായി കഴിയവേയാണ് തെങ്ങുകയറ്റത്തിലേക്ക് തിരിഞ്ഞത്. ഓണാട്ടുകര കാർഷിക വികസന വിജ്ഞാന കേന്ദ്രം അംഗമായ സുമംഗല ട്രാക്ടർ ലൈസൻസും സ്വന്തമാക്കി. വിജ്ഞാന കേന്ദ്രത്തിൽ ട്രാക്ടർ, ബ്രഷ് കട്ടർ എന്നിവയുടെ ചുമതലയാണ്. തൃശൂർ മൈത്രിയിൽനിന്ന് മഴവെള്ളം ശുദ്ധീകരിച്ച് കിണറ്റിലെത്തിക്കുന്ന 'മഴപ്പൊലിമ'യിലും ഞാറുനടീൽ, കളനാശിനി യന്ത്രം എന്നിവ പ്രവർത്തിപ്പിക്കുന്നതിലും പരിശീലനം നേടിയ സുമംഗല ഉളവുക്കാട് തനിമ വെജിറ്റബിൾ കട്ട് യൂനിറ്റ് സെക്രട്ടറിയാണ്. പച്ചക്കറി മുറിച്ച് പാക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന യൂനിറ്റാണിത്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ യൂനിറ്റിന്റെ പ്രവർത്തനം താൽക്കലികമായി നിർത്തിവെച്ചെങ്കിലും പ്രകൃതിദത്തമായ പാത്രം ഉപയോഗിച്ച് ഉടൻ പുനരാരംഭിക്കാനാണ് ശ്രമം. തെങ്ങുകയറി കിട്ടുന്ന പണം തന്നെയാണ് പ്രധാന വരുമാനമെന്ന് സുമംഗല പറയുന്നു.
ഒരുദിവസം 20 മുതൽ 30 വരെ തെങ്ങിൽ കയറാറുണ്ടെന്നും ഇപ്പോൾ തൊഴിലുറപ്പിന് പോകുന്നതിനാൽ രാവിലെയും വൈകീട്ടുമാണ് തെങ്ങ് കയറാൻ പോകുന്നതെന്നും സുമംഗല പറയുന്നു. ഉത്സവ സീസണിൽ പെട്ടി ഓട്ടോയിൽ മിൽമ ഐസ്ക്രീം വിപണനവുമുണ്ട്. ഓലഷെഡ്ഢിൽനിന്ന് സുമംഗലയുടെ കുടുംബം അടച്ചുറപ്പുള്ള പുതിയ വീട്ടിലേക്ക് മാറിയിട്ട് ഒരു വർഷത്തിലധികമായിട്ടില്ല.
കോഴിക്കോട് നവോദയ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ മകൾ അശ്വതി ജില്ല സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കേരള നിയമസഭയിൽ നടന്ന ബാല അസംബ്ലിയിൽ പങ്കെടുക്കാൻ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അശ്വതിയായിരുന്നു കൃഷിമന്ത്രി. ചിത്രരചനയോട് താൽപ്പര്യമുള്ള മകൻ അദ്വൈത് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.