മറിയാമ്മ കേക്ക് മുറിച്ചു, 116ന്റെ നിറവിലും
text_fieldsകരുവാരകുണ്ട്: അഞ്ചാം തലമുറയിലെ 17 പേരമക്കളെ കൺനിറയെ കണ്ട് കേക്ക് മുറിച്ച് മധുരം നുണഞ്ഞ് മറിയാമ്മ 117ലേക്ക്. പുളിയക്കോട് പരേതനായ പാപ്പാലിൽ ഉതുപ്പിന്റെ ഭാര്യ മറിയാമ്മ എറണാകുളം കടമറ്റം ഇടവക അംഗമായിരുന്നു. മൂവാറ്റുപുഴ റാക്കാട് പള്ളിയിലെ മാമോദീസ രജിസ്റ്റർ പ്രകാരം 1908 ആഗസ്റ്റ് 31 ആണ് ജന്മദിനം. 1932ലാണ് വിവാഹം. 1946 ആഗസ്റ്റിൽ ഭർത്താവ് ഉതുപ്പിനോടൊപ്പം പുളിയക്കോട്ടേക്ക് കുടിയേറുമ്പോൾ പ്രായം 38.
കാടിനോടും കാട്ടുമൃഗങ്ങളോടും എതിരിട്ട് വർഷങ്ങളോളം കാർഷികജീവിതം നയിച്ചു. ഇതിനിടെ ആറ് ആണും എട്ട് പെണ്ണുമായി 14 മക്കളും പിറന്നു. ഇവരിൽ 87 തികഞ്ഞ മൂത്തമകൾ സാറാമ്മ അടക്കം അഞ്ചുപേർ ഇപ്പോൾ ജീവിച്ചിരിക്കുന്നു. മക്കളും പേരമക്കളും അവരുടെ മക്കളുമായി 127 പേരുടെ അമ്മച്ചിയാണ് മറിയാമ്മ. 1975ലാണ് ഭർത്താവ് ഉതുപ്പ് മരിച്ചത്.
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, കാഴ്ചക്കുറവ്, ഓർമക്കുറവ് എന്നീ വാർധക്യസഹജ, ജീവിതശൈലീ രോഗങ്ങളൊന്നും മറിയാമ്മക്കില്ല. അൽപം കേൾവിക്കുറവുണ്ട്. ആഹാര കാര്യത്തിൽ ചെറുപ്പം മുതലേ പുലർത്തിപ്പോന്ന കടുത്ത നിഷ്ഠകളാണ് ഇവർക്ക് തുണയായത്.
സ്വാതന്ത്ര്യസമരകാലത്ത് ജാഥ നയിച്ച ഭർത്താവിന്റെ കഥകളും പഴയകാല കൃഷിപ്പാട്ടുകളും പഴഞ്ചൊല്ലുകളും താരാട്ടുപാട്ടുകളും ഓർമയിൽനിന്നെടുത്ത് പേരമക്കൾക്ക് പാടിയും പറഞ്ഞും കൊടുക്കും ഇവർ. ജാതിമതഭേദമന്യേ സർവരെയും സ്നേഹിച്ചതിന് ദൈവം നൽകുന്ന സമ്മാനമാണ് ഈ ആയുസ്സെന്ന് മറിയാമ്മ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.