മേരി ശാന്തിഭവന്റെ പോറ്റമ്മ; പ്രതിഫലം സംതൃപ്തിയുടെ ചിരി
text_fieldsസ്നേഹമെന്ന പ്രതിഫലം മാത്രം പ്രതീക്ഷിച്ച് 25 വര്‍ഷമായി 160 ല്‍പരം പേര്‍ക്ക് ഭക്ഷണം ഒരുക്കുകയാണ് മേരി. പുന്നപ്ര ശാന്തിഭവന് മാനേജിങ് ട്രസ്റ്റി മാത്യു ആല്‍ബിന്റെ ഭാര്യ മേരിയാണ് ഇവിടത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം ഒരുക്കുന്നത്. പുലർച്ച അടുക്കളയിൽ കയറിയാൽ പുറത്തിറങ്ങാൻ ഉച്ച കഴിയണം. സഹായത്തിന് മറ്റുള്ളവർ ഉണ്ടെങ്കിലും മേരിയുടെ കൈപ്പുണ്യം നിർബന്ധമാണ്.
സ്ത്രീകളായ അന്തേവാസികളുടെ പരിചരണവും മേൽനോട്ടവും എല്ലാം മേരിയമ്മ നേരിട്ടുതന്നെയാണ്. ഉറ്റവർ ഉപേക്ഷിച്ചെങ്കിലും മേരിയുടെ തണലിൽ ഈ ശാന്തിതീരത്ത് ഇവർ സന്തുഷ്ടരാണ്. ശാന്തി ഭവനിലെ അന്തേവാസികളുടെ അമ്മകൂടിയാണ് മേരിയമ്മ.
1997 ജനുവരി 30 നാണ് മാത്യു ആൽബിൻ തെരുവിൽ അലയുന്നവർക്ക് അഭയകേന്ദ്രമായി പുന്നപ്രയിൽ സർവോദയ ശാന്തി ഭവൻ ആരംഭിച്ചത്. മനസ്സിന്റെ സമനിലതെറ്റി ഉറ്റവരെ ഉപേക്ഷിച്ച് തെരുവോരങ്ങളിൽ അലയുന്നവർക്ക് ആൽബിൻ ശാന്തിയുടെ കവാടമൊരുക്കി. തെരുവു മക്കളുടെ സംരക്ഷകനായി മാത്യു ആൽബിൻ മാറിയപ്പോൾ മേരി ഉറച്ച പിന്തുണ നൽകി ഭർത്താവിനൊപ്പം നിന്നു. അന്നുമുതൽ ഇവിടെ അഭയം തേടുന്നവർക്ക് പോറ്റമ്മയായി മേരി.
സ്ത്രീകളെ വൃത്തിയാക്കി പുത്തൻവസ്ത്രം ഉടുപ്പിച്ച് ശുശ്രൂഷകൾ നടത്തുന്നത് മേരിയാണ്. അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് കുഞ്ഞുമക്കൾക്കെന്നപോലെ ആഹാരം വാരിക്കൊടുക്കാനും മേരിതന്നെവേണം. വിവിധ ഭാഷകള്‍ സംസാരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമടക്കം ഉറ്റവരില്ലാത്തവരെ മാത്രമാണ് ശാന്തിഭവന് ഏറ്റെടുക്കുന്നത്.
ഇവര്‍ ഭക്ഷണം കഴിച്ചശേഷമുള്ള സംതൃപ്തിയോടുള്ള ചിരി മാത്രമാണ് മേരിയുടെ പ്രതീക്ഷ. മേരിയുടെ പ്രര്‍ത്തനങ്ങള്‍ കണ്ട് പല സംഘടനകളും അനുമോദനങ്ങളുമായെത്തിയെങ്കിലും ഇതെല്ലാം ഇവിടത്തെ അന്തേവാസികളായ മക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.