പുരുഷ ജീവനക്കാരുടെ കൂട്ട അവധി; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മാർച്ച് ഏഴ് വനിതദിനമായി
text_fieldsകാഞ്ഞങ്ങാട്: വിവിധ കാരണങ്ങളാൽ ആൺ ജീവനക്കാർ അവധിയായതോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് മാർച്ച് ഏഴ് വനിത ദിനമായി. സ്റ്റേഷനിൽ 17 ജീവനക്കാരാണുള്ളത്. മെഡിക്കൽ അവധിയും മറ്റു പ്രശ്നങ്ങളും കാരണം യാദൃച്ഛികമായി എട്ട് പുരുഷ ജീവനക്കാർ അവധിയായപ്പോൾ ഒമ്പത് വനിതകളുടെ കൈകളിലായി സ്റ്റേഷൻ ഭരണം.
അവർ ഒരു പ്രതിസന്ധിയുമില്ലാതെ റെയിൽവേ സ്റ്റേഷൻകാര്യം ചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ഒമ്പതുവരെ വനിതകൾ നീണ്ട പാളങ്ങളുടെ അധികാരികളായി. കൊമേഴ്സ്യൽ സൂപ്പർ വൈസർ എ.എ. മോളി, റിസർവേഷൻ സൂപ്പർവൈസർമാരായ ഗീത ഗോവിന്ദൻ, എസ്. ബിന്ദു, ടിക്കറ്റ് ഇൻസ്പെക്ടർ കമലാക്ഷി, ഹെൽത്ത് ഇൻസ്പെക്ടർ ലക്ഷ്മിദേവി, സ്റ്റേഷൻ മാസ്റ്റർ ബി.ജി. ആശ, പോയന്റ്സ്മാൻമാരായ എം. ലളിത, അപർണ, സ്വകാര്യ ടിക്കറ്റ് കൗണ്ടറിലെ സീന വില്യംസ് എന്നിവരാണ് സ്റ്റേഷൻ നിയന്ത്രിച്ചത്.
പുരുഷ ജീവനക്കാരായ ദീപക്, രമിത്, ബാബുരാജ്, രാജ്കുമാർമിശ്ര, രാംകിലാഡ മീണ, രാഹുൽ, സജിത്, പത്മനാഭൻ തുടങ്ങിയവരാണ് അവധിയിൽ പോയത്. 11 മണിയോടെ ഡ്യൂട്ടി അവസാനിക്കേണ്ട കൊമേഴ്സ്യൽ സൂപ്പർവൈസർ എസ്. ബിന്ദുവിന് അടുത്ത ഡ്യൂട്ടിക്ക് എത്തേണ്ടയാൾ അവധി അറിയിച്ചതോടെ ജോലി തുടരേണ്ട അവസ്ഥയുണ്ടാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.