ഷീ ടെക്കിലെ പെണ്ണുങ്ങളെ കണ്ട്ക്കാ...
text_fieldsകണ്ണൂർ: മൊബൈൽ ഫോൺ റിപ്പയറിങ്, സർവിസിങ് മേഖലയിൽ കഴിവ് തെളിയിച്ച് വനിതകൾ. മയ്യിൽ ടൗണിൽ ആരംഭിച്ച ഷീടെക്ക് സ്ഥാപനത്തിലൂടെ അഞ്ച് വനിതകളാണ് മൊബൈൽ ഫോൺ വിദഗ്ധരായത്. മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ യുവതികൾക്കായി നടപ്പാക്കിയ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലനമാണ് കുടുംബശ്രീ അനുബന്ധ ഗ്രൂപ് അംഗങ്ങളായ മുല്ലക്കൊടിയിലെ വി. രമ്യ, പി.വി. ഷിജിന, എ.പി. ജസീറ, കെ. റീത്ത, മയ്യിലിലെ എം.കെ. ഷൈജ എന്നിവർക്ക് സംരംഭം തുടങ്ങാൻ പ്രേരണയായത്.
കഴിഞ്ഞ മാർച്ചിലാണ് യുവതികൾക്ക് പുതിയ സംരംഭമേഖലകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ റിപ്പയറിങ് പരിശീലനം നൽകിയത്. ഒരു മാസത്തെ പരിശീലനത്തിൽ പഞ്ചായത്ത് പരിധിയിലുള്ള അനുബന്ധ ഗ്രൂപ് അംഗങ്ങളായ 18 യുവതികൾ പരിശീലനം നേടി. കുടുംബശ്രീയിൽ ഉൾപ്പെടാത്ത 18നും 40നും ഇടയിൽ പ്രായമുള്ള ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള തൊഴിൽരഹിതരായ സ്ത്രീകളാണ് ഗ്രൂപ്പിലുള്ളത്.
ദേശീയ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ, ഹാർഡ് വെയർ, ചിപ്പ് ലെവൽ എന്നിവയിൽ പരിശീലനം നൽകി. സ്മാർട്ട് ഫോണുകൾ, ടാബുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയുടെ കേടുപാടുകളും ഇവർ പരിഹരിക്കും. പരിശീലനം അവസാനിക്കുമ്പോൾ തന്നെ റിപ്പയറിങ് ഉപകരണങ്ങൾ വാങ്ങി സംരംഭങ്ങൾ തുടങ്ങാനുള്ള തയാറെടുപ്പുകൾ നടത്തി. ഇവരെ കൂടാതെ പരിശീലനം ലഭിച്ച സംഘത്തിലെ ബിന്ദു, ജിജി, ജിബിഷ, നിത്യ എന്നിവർ തായംപൊയിൽ കേന്ദ്രീകരിച്ചും റിപ്പയറിങ് നടത്തുന്നുണ്ട്.
പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ലഭിച്ച പൂർണ പിന്തുണയാണ് ആത്മവിശ്വാസത്തോടെ ഈ തൊഴിൽ സംരംഭം തുടങ്ങാൻ ഇടയാക്കിയതെന്നും സ്ത്രീകൾ ഇത്തരം മേഖലകളിലേക്ക് വരുന്നതിൽ നാട്ടുകാരും നല്ല പ്രോത്സാഹനമാണ് നൽകുന്നതെന്നും ഇവർ പറയുന്നു. വിവിധ തരം മൊബൈൽ ഫോണുകൾ അടക്കം വിൽപന നടത്തി സംരംഭം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ബിസ്മില്ല കോംപ്ലക്സിലെ ഒന്നാം നിലയിലെ ഷോപ്പിൽ മൊബൈൽ റിപ്പയറിങ്, സർവിസിങ്, മൊബൈൽ റീചാർജിങ് എന്നിവക്ക് പുറമെ മൊബൈൽ അനുബന്ധ വസ്തുക്കളും വിൽപനക്കുണ്ട്. സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപയോളമാണ് ഇവർക്ക് ചെലവായത്. ഇതിൽ റിപ്പയറിങ് സാമഗ്രികൾക്കായി 10,000 രൂപ ചെലവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.