പാട്ടുതാരങ്ങളായി പൂജയും വൈഷ്ണവിയും
text_fieldsദോഹ: സംഗീത ആസ്വാദകർക്കും മലയാളി സമൂഹത്തിനും പുതിയ രണ്ടു പാട്ടുകാരെയാണ് വെള്ളിയാഴ്ച നടന്ന ‘ഗൾഫ് മാധ്യമം-മൈക്രോ ചെക്ക്’മെലോഡിയസ് മെമ്മറീസ് സമ്മാനിച്ചത്. സ്റ്റീഫൻ ദേവസ്സിയും കണ്ണൂർ ഷെരീഫും അഫ്സലും ഉൾപ്പെടെ പ്രമുഖ ഗായകർ അണിനിരന്ന വേദിയിൽ അവർക്കൊപ്പം പാടാനും ആയിരങ്ങൾ നിറഞ്ഞ സദസ്സിന്റെ നിറഞ്ഞ കൈയടി നേടാനും അവസരം ലഭിച്ച പൂജ സന്തോഷും വൈഷ്ണവി സുരേഷും ഇപ്പോഴും ആ ത്രില്ലിലാണ്.
സദസ്സിനെ ആവേശത്തിലാഴ്ത്തിയ ആദ്യ ഗാനത്തിൽ തുടങ്ങി നാലര മണിക്കൂറിലേറെ നീണ്ട പരിപാടിയിലുടനീളം സ്റ്റേജിൽ സാന്നിധ്യമായവർ. പരിപാടിയുടെ ഭാഗമായി ഗൾഫ് മാധ്യമവും റേഡിയോ മലയാളം 98.6ഉം സംയുക്തമായി സംഘടിപ്പിച്ച ‘സിങ്ങിങ് സ്റ്റാർ ജൂനിയർ’മത്സരത്തിൽ നൂറോളം പേരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഖത്തറിലെ ഈ രണ്ടു കൊച്ചുമിടുക്കികൾ.
ദോഹയിലെ ബിർല പബ്ലിക്ക് സ്കൂൾ വിദ്യാർഥികളായ ഇരുവരും അടുത്ത കൂട്ടുകാരുമാണ്. പൂജ ഒന്നാം സ്ഥാനവും വൈഷ്ണവി രണ്ടാം സ്ഥാനവും നേടി. ആലപ്പുഴ കായംകുളം സ്വദേശി വൈഷ്ണവി ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. കുഞ്ഞുപ്രായത്തിൽ തന്നെ സംഗീതം അഭ്യസിക്കുന്ന വൈഷ്ണവി ദോഹയിലെ സ്കിൽസ് ഡെവലപ്മെന്റ് സ്കൂളിലാണ് പരിശീലിക്കുന്നത്. ഖത്തറിലെ വേദികളിൽ അവതാരക വേഷങ്ങളിൽ സുപരിചിതയായ ജയശ്രീ സുരേഷ് കുമാറിന്റെ മകളാണ്. കൃഷ്ണപിള്ള സുരേഷ് കുമാറാണ് അച്ഛൻ.
കൊച്ചി സ്വദേശി പൂജ സന്തോഷ് ഒമ്പതാം ക്ലാസുകാരിയാണ്. ഖത്തർ എനർജിയിൽ എൻജിനീയറായ സന്തോഷും ദീപ പിള്ളയുമാണ് മാതാപിതാക്കൾ. സ്വപ്നത്തിൽപോലും കാണാത്തൊരു അനുഭവമായിരുന്നു ‘മെലോഡിയസ് മെമ്മറീസ്’സമ്മാനിച്ചതെന്ന് പൂജയും വൈഷ്ണവിയും പറയുന്നു. സ്റ്റീഫൻ ദേവസ്സി ചേട്ടൻ, കണ്ണൂർ ഷെരീഫ്ക്ക, അഫ്സൽക്ക എന്നിവരെ അരികിൽനിന്ന് കാണാനും പരിചയപ്പെടാനുമായി. അവർക്കൊപ്പം പാടാനും സെൽഫിയെടുക്കാനും കഴിഞ്ഞു..’-ഇരുവരും പറയുന്നു.
അമ്മയുടെ സുഹൃത്ത് പറഞ്ഞാണ് ‘സിങ്ങിങ് സ്റ്റാർ ജൂനിയർ’മത്സരത്തെക്കുറിച്ച് പൂജ അറിഞ്ഞത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പാട്ടുപാടി വിഡിയോ അയച്ചു. ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടശേഷം ഓഡിഷന് വിളിച്ചു. പ്രമുഖ ഗായകർ ഉൾപ്പെടുന്ന വിധികർത്താക്കൾക്കുമുന്നിൽ പാടി യോഗ്യത നേടാനായി. വെള്ളിയാഴ്ച രാത്രി നടന്ന മെഗാ പരിപാടിയിൽ വലിയ സദസ്സിനും പ്രശസ്ത ഗായകർക്കും ഓർക്കസ്ട്രക്കുമൊപ്പം പാടാൻ കഴിഞ്ഞത് അപൂർവ അനുഭവമായി. വിജയികളെ പ്രഖ്യാപിച്ച് സമ്മാനം ഏറ്റുവാങ്ങിയതിനു പിന്നാലെ ഒരു പാട്ടുപാടി നിർത്തിയ ഇരുവരോടും വീണ്ടും പാടാൻ കാണികൾ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.