പെണ്‍ തേരിലെ ബിനാലെ
text_fieldsമൂന്നുമാസം നീളുന്ന ബിനാലെയുടെ മൂന്നാം പതിപ്പിനുള്ള തയാറെടുപ്പ് അവസാനഘട്ടത്തിലാണ്. കേരള ബിനാലെ ഫൗണ്ടേഷന്‍െറ ഭരണപരവും സര്‍ഗപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഒരു വനിതയാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍െറ തലപ്പത്തെ പുതിയ മലയാളി മുഖവും പ്രഥമ സി.ഇ.ഒയുമായ മഞ്ജു സാറ രാജന്‍. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലെ അനുഭവസമ്പത്തുമായാണ് മഞ്ജുവിന്‍െറ ബിനാലെയിലേക്കുള്ള വരവ്. ഹോങ്കോങ്ങില്‍ ടൈം മാഗസിന്‍െറ റിപ്പോര്‍ട്ടറായാണ് തുടക്കം. 2004ല്‍ മുംബൈയിലെത്തി ദി ഇന്ത്യന്‍ എക്സ്പ്രസില്‍ ചേര്‍ന്നു. പിന്നീട് മിന്‍റ് വാള്‍ സ്ട്രീറ്റ് ജേണലില്‍. ഓപണ്‍ മാഗസിന്‍ ആരംഭിച്ച സംഘത്തിലും മഞ്ജു ഉണ്ടായിരുന്നു. ഫാഷന്‍ മാഗസിനായ വോഗിന്‍െറ ഇന്ത്യന്‍ പതിപ്പില്‍ ഫീച്ചേഴ്സ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റിന്‍െറ സ്ഥാപക എഡിറ്ററായിരുന്നു. തുടര്‍ന്നാണ് പുതിയ ചുമതലയുമായി സ്വന്തം നാട്ടിലെത്തിയത്. ബിനാലയെക്കുറിച്ചും ബിനാലയെക്കുറിച്ച വിമര്‍ശനങ്ങളെപ്പറ്റിയുമെല്ലാം മഞ്ജു സാറ രാജന്‍ സംസാരിക്കുന്നു.
എന്താണ് ബിനാലെ? ഈ ബിനാലെയുടെ തീം വിവരിക്കാമോ?
ആര്‍ട്ടിസ്റ്റുകളെയും അഭിനേതാക്കളെയും എഴുത്തുകാരെയും കവികളെയും കണ്ടംപററി ആര്‍ട്ടിസ്റ്റുകളായി വിലയിരുത്തപ്പെടാത്തവരെപ്പോലും കണ്ടംപററി ആര്‍ട്ടിനുവേണ്ടി ഒരുമിച്ച് കൊണ്ടുവരുകയാണ് ബിനാലെ ചെയ്യുന്നത്. ഇത്തവണ forming in the pupil of an eye എന്ന ആശയവുമായാണ് ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ബിനാലെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിനെ തീം എന്ന് ഞാന്‍ പറയില്ല . അത് ക്യുററ്റോറിയല്‍ കാഴ്ചപ്പാടാണ്. നമ്മള്‍ ലോകത്തെ അറിയുന്നത് അനുഭവങ്ങളിലൂടെയും അറിവിലൂടെയുമാണ്. പുതിയ ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയാണിവിടെ.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍െറ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ ദൗത്യം?
ഇതുവരെ ബിനാലെക്ക് സി.ഇ.ഒ ഉണ്ടായിട്ടില്ല. ബിനാലെയുടെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍, മാര്‍ക്കറ്റിങ്, സ്പോണ്‍സര്‍ഷിപ് എന്നിവയുടെയെല്ലാം മേല്‍നോട്ടം വഹിക്കുന്നതിനിടെയാണ് പുതിയ പദവിയിലെത്തിയത്. കേരള ബിനാലെ ഫൗണ്ടേഷന്‍െറ (കെ.ബി.എഫ്) പ്രധാന കര്‍മമേഖല എജുക്കേഷന്‍ ആന്‍ഡ് ഒൗട്ട് റീച്ച് പ്രോഗ്രാംസ് ആണ്. സ്റ്റുഡന്‍റ്സ് ബിനാലെ, സംവാദങ്ങള്‍, ഫിലിം പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പദ്ധതികളെല്ലാമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇവന്‍റാണ് എക്സിബിഷന്‍. ഇവയെല്ലാം ഉള്‍പ്പെടുന്ന കെ.ബി.എഫിന്‍െറ പരിപാടികളുടെ എല്ലാ മേഖലകളിലെയും മേല്‍നോട്ടമാണ് എന്‍െറ ചുമതല. സി.ഇ.ഒ ആയി നോമിനേറ്റ് ചെയ്യപ്പെട്ടിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അതിനാല്‍ 2016 ബിനാലെ എക്സിബിഷന് വേണ്ടി വിശദമായി പ്ലാന്‍ ചെയ്യാന്‍ സമയം ലഭിച്ചിട്ടില്ല. ഓരോദിവസവും പുതിയ വെല്ലുവിളികളും പരീക്ഷണങ്ങളും അഭിമുഖീകരിച്ച് അവ പരിഹരിച്ച് ബിനാലെ മൂന്നാം പതിപ്പ് യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിക്കുകയാണ്.
കൊച്ചിന്‍ മുസ് രിസ് ബിനാലയെ മറ്റു ബിനാലെകളുമായി എങ്ങനെ താരതമ്യം ചെയ്യുന്നു?
നമ്മുടെ നാട്ടില്‍ നടക്കുന്ന ബിനാലയെ മറ്റു രാജ്യങ്ങളില്‍ നടക്കുന്ന ബിനാലെകളുമായി താരതമ്യം ചെയ്യാനാകില്ല. വെനീസ്, സിംഗപ്പൂര്‍ ബിനാലെകളെല്ലാം ഭദ്രമായ എയര്‍കണ്ടീഷനിങ്, ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിന്തുണ തുടങ്ങിയവയിലൂടെയാണ് നടത്തുന്നത്. ഞങ്ങള്‍ക്ക് അത്തരം സങ്കേതികവിദ്യകളൊന്നും ഒരുക്കാന്‍ കഴിയില്ല. പക്ഷേ, ഇവിടെ നമുക്ക് വലിയ ഒരു ചരിത്രം മുന്നിലുണ്ട്. ഫോര്‍ട്ട്കൊച്ചിയിലെ നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രൗഢമായ കെട്ടിടങ്ങള്‍. ആസ്പിന്‍വാള്‍, ഡേവിഡ് വാള്‍, പാണ്ടികശാലകള്‍, പഴയ തെരുവുകള്‍... ഇത് വളരെ വ്യത്യസ്തമായ ഒരു സ്ഥലമാണ്. ഇത്രയധികം മതങ്ങള്‍, ഭാഷകള്‍, മറ്റു വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥലം. ഈ അന്തരീക്ഷങ്ങളൊക്കെയാണ് നമ്മുടെ ബിനാലെയുടെ പ്രത്യേകത. ഈ ഫ്ളോവര്‍ വേറെവിടെയും കിട്ടില്ല. ഹവാന ബിനാലെയുമായി ഏറെക്കുറെ താരതമ്യം ചെയ്യാം. പക്ഷേ, ഇവിടെയുള്ള ജനപിന്തുണയൊന്നും മറ്റു ബിനാലെകള്‍ക്ക് കിട്ടുന്നുണ്ടാവില്ല.
എന്നാല്‍, കഴിഞ്ഞ ബിനാലെകള്‍ ജനകീയമായിരുന്നില്ലെന്നും കേരളത്തിലെ സാധാരണ ആര്‍ട്ടിസ്റ്റുകള്‍ക്ക് അപ്രാപ്യമാണെന്നുമുള്ള വിര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ബിനാലെ മൂന്നാം പതിപ്പിലത്തെുമ്പോള്‍ ഇത്തരം വിര്‍ശനങ്ങള്‍ മറികടക്കാനാകുമോ?
വ്യത്യസ്തമായി എന്ത് ചെയ്യുമ്പോഴും നെഗറ്റിവ് ആയും പോസറ്റിവ് ആയും അഭിപ്രായങ്ങള്‍ ഉണ്ടാകും. ഉപദേശകസമിതിയാണ് ക്യുറേറ്ററെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ക്യുറേറ്റര്‍, സ്വന്തം രീതിയിലും ഉള്‍ക്കാഴ്ചയിലും മുഴുവന്‍ സ്വാതന്ത്ര്യത്തോടെ ഫൗണ്ടേഷന്‍െറപോലും ഇടപെടലില്ലാതെ തന്‍െറ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചുള്ള ആര്‍ട്ടിസ്റ്റുകളെ ക്ഷണിച്ച് ബിനാലെ എക്സിബിഷന്‍ ഡിസൈന്‍ ചെയ്യുന്നു. കേരളത്തില്‍നിന്ന് എല്ലായിപ്പോഴും കലാകാരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണയും നിരവധി മലയാളികള്‍ പങ്കെടുത്തു. ഇത്തവണ സദാനന്ദന്‍ മാഷ്, ബാലഭാസ്കരന്‍, ആനന്ദ് തുടങ്ങി ഒമ്പത് കേരള ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നു. ഞാന്‍ പറഞ്ഞുവന്നത്, ക്യുറേറ്റര്‍ സ്വന്തം ആശയം അനുസരിച്ച് ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുകയാണ്. അല്ലാതെ പ്രാധിനിധ്യം ഉണ്ടാക്കാനോ മറ്റെന്തെങ്കിലും ഉദ്ദേശ്യമോ വെച്ചല്ല പങ്കാളിത്തം നിശ്ചയിക്കുന്നത്.
ബിനാലെ ജനകീയമല്ല എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ചിലര്‍ വിമര്‍ശിക്കുമായിരിക്കും. പൊതുജനങ്ങളുടെ പിന്തുണ വലുതാണ്. കഴിഞ്ഞ വര്‍ഷത്തെ ജനപിന്തുണ നിങ്ങള്‍ കണ്ടിരിക്കുമല്ലോ. വന്നതെല്ലാം കലാലോകത്തെ മാത്രം ആളുകള്‍ ആയിരുന്നില്ല. 2012ല്‍ ബിനാലെ ആദ്യമായി സംഘടിപ്പിച്ചപ്പോള്‍ ബിനാലെ എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആര്‍ട്ട് എന്താണെന്ന അക്കാദമിക് ബോധ്യം ഇല്ലാത്തവര്‍ക്കു പോലും ഇന്ന് ബിനാലെ എന്ന വാക്ക് പരിചിതമായിരിക്കുന്നു. ഓരോ തവണയും പല കാര്യങ്ങള്‍ മനസ്സിലാക്കിയും പഠിച്ചും നമ്മുടെ നാടിന്‍െറ രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഇതെങ്ങനെ സാധ്യമാക്കുമെന്നെല്ലാം തിരിച്ചറിഞ്ഞാണ് പുതിയ എഡിഷനിലേക്ക് പ്രവേശിക്കുന്നത്.
വ്യക്തിപരമായി പറയട്ടെ, ഞങ്ങള്‍ക്കെല്ലാം ഇത് സ്വന്തം നാടുമായി ബന്ധമുള്ളതാണ്. നമ്മുടെ നാട്ടില്‍ ജീവിച്ച് അന്തര്‍ദേശീയ നിലവാരത്തില്‍ ഒരു ആശയവും അതിന്‍െറ വ്യാഖ്യാനും ആവിഷ്കരണവും കാണാന്‍ പറ്റുന്നതും അതില്‍ പങ്കെടുക്കാന്‍ പറ്റുന്നതും വലിയ അവസരമായാണ് കാണുന്നത്. ഇന്ത്യയില്‍ പേരെടുത്ത കണ്ടംപററി ആര്‍ട്ടിസ്റ്റുകളുടെ പട്ടികയെടുത്താന്‍ നിരവധി പേര്‍ മലയാളികളാണ്. പക്ഷേ, നമ്മുടെ നാട്ടില്‍ ഒന്നോ രണ്ടോ ഗാലറികളല്ലാതെ ഇത്തരം ആര്‍ട്ട്ഫോമുകള്‍ കാണാനും കാണിക്കാനും അവസരങ്ങളില്ലായിരുന്നു.
ഇഷ്ടമാകുമോ, മനസ്സിലാകുമോ എന്ന് അറിയാനായിട്ടുതന്നെ വരിക, കാണുക. see what you think. ഞാന്‍ ആളുകളോട് പറയാറുണ്ട് മനസ്സിലാകേണ്ട, എന്തെങ്കിലും ഒരു ഇമോഷന്‍ ഒരു റിയാക്ഷന്‍ ഒന്നോ രണ്ടോ വര്‍ക്കിനോട് തോന്നിയാല്‍ തന്നെ ധാരാളം. ആര്‍ട്ടിസ്റ്റുകള്‍ വന്ന് ആശയങ്ങള്‍ വിവരിക്കുമ്പോള്‍ അന്തിച്ചു പോകാറുണ്ട്. എങ്ങിനെയാണ് ഒരാള്‍ക്ക് ഇത്രമേല്‍ ക്രിയേറ്റീവായി ചിന്തിക്കാനാകുന്നത്?! ഒരാള്‍ക്ക് ആ ആശയം എങ്ങിനെ തോന്നി, അതെങ്ങിനെ യാഥാര്‍ഥ്യമാക്കി എന്നെല്ലാം ചിന്തിച്ച്. ഉദാഹരണത്തിന് സിറിയന്‍ അഭയാര്‍ഥി പ്രശ്നവും ലോകമൊന്നാകെ വേദനിച്ച നാലു വയസ്സുകാരന്‍െറ മരണവുമെല്ലാമാണ് രാഹുല്‍ ഗുരീത്തയുടെ സൃഷ്ടിയുടെ സത്ത.
അഭയാര്‍ഥി പ്രശ്നത്തിന്‍െറ രൂക്ഷത അദ്ദേഹം തന്‍െറ ഇന്‍സ്റ്റലേഷനിലൂടെ നമ്മെ അനുഭവിപ്പിക്കുന്ന രീതി തീര്‍ത്തും വ്യത്യസ്തമായാണ്. ഒരു ആര്‍ട്ടിസ്റ്റ് തന്‍െറ ചിന്ത എങ്ങിനെ നമുക്ക് അനുഭവിപ്പിച്ച് തന്നു, ഒരു ആശയം എങ്ങിനെ ഇന്‍സ്റ്റലേഷനാക്കി മാറ്റി എന്നൊക്കെ നമ്മുടെ നാട്ടുകാര്‍ വന്ന് കാണുമ്പോള്‍ അത് തീര്‍ച്ചയായും ഒരുള്‍ക്കാഴ്ച ഉണര്‍ത്തും. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. ഇങ്ങിനെയും ഒരു ആശയത്തെ സമീപിക്കാം, ഉള്‍കൊള്ളാം എന്ന് അവര്‍ക്ക് മനസ്സിലാക്കാം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പക്ഷേ അതിന് സമയമെടുക്കും.
രാജ്യത്തെ 55 സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന സ്റ്റുഡന്‍റ്സ് ബിനാലെയിലൂടെ എന്താണ് ലക്ഷ്യമിടുന്നത്?
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ കലാ പഠനത്തിന്‍െറ അപര്യാപ്തത നികത്തലാണ് പ്രധാന വിഷന്‍. ആര്‍ട്ട് എജുക്കേഷനില്‍ ക്യുററ്റോറിയല്‍ പഠനങ്ങള്‍ വളരെ കുറവാണ്. ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന പരിപാടിയാണ്. അമ്പത്തിയഞ്ചോളം ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നുള്ള തെരഞ്ഞെടുത്ത കലാസൃഷ്ടികള്‍ സ്റ്റുഡന്‍റ്സ് ബിനാലെയിലൂടെ പ്രദര്‍ശിപ്പിക്കും. അടുത്ത തലമുറ ആര്‍ട്ടിസ്റ്റുകള്‍ എന്താണ് ചെയ്യുന്നത്, അവരുടെ ആശയങ്ങള്‍ എത്തരത്തിലാണെന്ന് അറിയാനുള്ള വഴിയാണിത്.
മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, എറണാകുളം നഗരം എന്നിവിടങ്ങളിലെ വേദികളിലാണല്ലോ ബിനാലെ അരങ്ങേറുന്നത്. ഈ പ്രദേശവാസികളുടെ പിന്തുണ ലഭിക്കുന്നുണ്ടോ? അവരുടെ സഹകരണം ആര്‍ജിക്കാനിയിട്ടുണ്ടോ?
പ്രദേശവാസികളുടെ പിന്തുണയില്ലാതെ എങ്ങനെയാണ് ഇത്രയും വലിയ ഇവന്‍റ് നടത്താനാവുക. വളന്‍റിയേഴ്സ്, പ്രൊഡക്ഷന്‍ ഹെഡ് എല്ലാം ഈ കമ്യൂണിറ്റിയില്‍ താമസിക്കുന്ന ആളുകളാണ്. ബിനാലെയുടെ സ്വാധീനം ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളതും ഈ പ്രദേശത്തെ ആള്‍ക്കാരിലാണ്. അല്ലാതെ ഞങ്ങള്‍ ഫൗണ്ടേഷനിലെ 15 പേര്‍ക്ക് മാത്രമായി ഇവരുടെ സപ്പോര്‍ട്ടില്ലാതെ ഒന്നും ചെയ്യാനാകില്ല. നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു പരിപാടിയും നടക്കില്ല. ഇത്തവണ ലേബര്‍ യൂനിയന്‍െറ സഹകരണം വളരെ വലുതായിരുന്നു. പുതിയ സര്‍ക്കാറും വളരെ പിന്തുണ നല്‍കുന്നുണ്ട്.
നോട്ട് നിരോധനം തയാറെടുപ്പുകളെ ബാധിച്ചോ? ഫണ്ട് എങ്ങനെയാണ് ലഭിക്കുന്നത്?
ബിനാലെ തയാറെടുപ്പിനെ ഡിമോണിറ്റൈസേഷന്‍ ബാധിച്ചിട്ടില്ല. നോട്ട് നിരോധനം ഒരു വലിയ വെല്ലുവിളിയായിരുന്നു. കാരണം, ജോലിക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ ആദ്യത്തെ രണ്ടാഴ്ച ബുദ്ധിമുട്ട് നേരിട്ടു. ഞങ്ങള്‍ക്ക് വിദേശത്തുനിന്ന് ഫണ്ടുകള്‍ ഇല്ല. പുറത്തുനിന്ന് ഫണ്ടുകള്‍ സ്വീകരിക്കാന്‍ അനുമതിയില്ല. എന്നാല്‍, രാജ്യത്തിനകത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇത്തവണ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവരെല്ലാം സഹായിക്കുന്നു. ബിനാലെയുടെ സിഗ് നേചര്‍ കളര്‍ ‘ബിനാലെ വൈറ്റ്’ ഇത്തരം പങ്കാളിത്തത്തിലൂടെ വികസിപ്പിച്ചതാണ്. കേരളത്തില്‍നിന്നുള്ള സ്പോണ്‍സര്‍ഷിപ് കുറവാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ലുലുവാണ്. കൂടാതെ വ്യക്തികളും അവരുടെ ഫൗണ്ടേഷനും സഹായിക്കുന്നു.
ഒരു ടീം വര്‍ക്ക് എന്ന നിലയില്‍ കെ.ബി.എഫിലെ അനുഭവം?
പ്രാഥമികമായി ഇത് ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ്. കോര്‍പറേറ്റ് സ്ഥാപനമല്ല. അതുകൊണ്ട് ഇത്തരമൊരുകാര്യം താല്‍പര്യവും പാഷനുമില്ലെങ്കില്‍ ചെയ്യാനാകില്ല. അതുകൊണ്ട് ഇത് നടക്കണം എന്ന വികാരത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നു.
ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അനുഭവസമ്പത്തുള്ള മഞ്ജുവിന് കൊച്ചിയിലെ ക്രിയേറ്റിവ് കമ്യൂണിറ്റിയില്‍നിന്നുള്ള പ്രചോദനം?
ഇപ്പോള്‍ ഒന്നരവര്‍ഷമായി കൊച്ചിയിലുണ്ട്. കൊച്ചിയില്‍ വളരെ ക്രിയേറ്റിവ് സ്പേസ് ഉണ്ടായിരിക്കുന്നു. ഡിസൈനിങ്, ഫാഷന്‍, മ്യൂസിക് തുടങ്ങിയ മേഖലകളിലെല്ലാം ഒത്തിരി മാറ്റങ്ങള്‍ വരുന്നുണ്ട്. ഇവിടത്തെ സിനിമ മേഖലയില്‍ സംവിധായകരായും എഴുത്തുകാരായും പുതിയ തലമുറ വരുന്നു. ഗ്രാഫിക് ഡിസൈനിങ്ങില്‍ കഴിവുറ്റ സംഘങ്ങള്‍ കൊച്ചിയിലുണ്ട്. സ്വന്തം നാട്ടില്‍ താമസിച്ച് ക്രിയേറ്റിവായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് വലിയ ഭാഗ്യമാണ്. നമ്മുടെ കള്‍ചറല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് ഉള്ള സൃഷ്ടികള്‍ നടത്താന്‍ അവസരമുണ്ട് ഇപ്പോള്‍.
ബിനാലെ ഫൗണ്ടേഷനിലെത്തുന്നതിന് മുമ്പ്?
ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റില്‍ എഡിറ്ററായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ കേരളത്തിലേക്ക് മാറി.
കേരളത്തില്‍ എവിടെയാണ്? കുടുംബം?
കുടുംബം തിരുവനന്തപുരത്താണ്. ഞാന്‍ താമസിക്കുന്നത് കോട്ടയത്താണ്, കൊച്ചിയില്‍ അല്ല. എന്‍െറ മക്കള്‍ക്ക് അഞ്ചു വയസ്സ് ആയതേയുള്ളൂ. അതിനാല്‍ ദിവസേന വീട്ടില്‍ പോയി വരുന്നു. ഭര്‍ത്താവ് മുംബൈയില്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.