ഫാദിയയുടെ കൈകളിൽ വിരിയുന്ന അത്ഭുതങ്ങൾ
text_fieldsഅബ്സ്ട്രാക്ട് പെയിന്‍റിങ്ങിലും അതിലുപരി കാലിഗ്രാഫിയിലുമുള്ള അനായാസ കൈവഴക്കം കൊണ്ട് ലോകത്തിന്‍റെ ഇതര ഭാഗങ്ങളിൽ നിന്നും ധാരാളം സൗഹൃദവും സമ്പാദ്യവും നേടിയെടുക്കുകയാണ് മലപ്പുറം തിരൂരിലെ കലാകാരി ഫാദിയ സമദ്. അക്രിലിക്, വാട്ടർ കളറിങ്, ഗ്ലാസ് പെയിന്‍റിങ് തുടങ്ങി വ്യത്യസ്ത ചിത്രവിദ്യകളിൽ ഇഷ്ടം വളർത്തിയ ബാല്യമായിരുന്നു ഫാദിയയുടേത്. പക്ഷേ, ആ ഇഷ്ടം കലക്രമേണ കാലിഗ്രാഫിയിലേക്ക് അലിഞ്ഞുചേർന്നു. നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെ എട്ടാം തരത്തിൽ പഠിക്കുന്ന കുഞ്ഞു ഫാദിയ അറബി ഭാഷയിൽ കാലിഗ്രാഫിയിൽ വിരൽ അനക്കി തുടങ്ങി.
യു.എ.ഇയിലെ സ്കൂൾ പഠനത്തിനുശേഷം ബിരുദം കരസ്ഥമാക്കാൻ ഇന്ത്യയിൽ എത്തിയ ഫാദിയ കാലിഗ്രാഫിയിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിച്ചു. സ്വതന്ത്ര ആർട്ടിക്കിളുകളുടെയും ബ്ലോഗ്സിന്‍റെയും സഹായത്താൽ ഭേദപ്പെട്ട കാലിഗ്രാഫി ആശയങ്ങൾ വശത്താക്കാൻ തുനിഞ്ഞു. ഇഷ്ടപ്പെട്ട ആളുകളുടെ പേരുകൾ െവച്ചായിരുന്നു ആദ്യകാല പൂർവ പഠന പരീക്ഷണങ്ങൾ. അങ്ങനെ കപ്പിൾ കാലിഗ്രാഫിയിൽ ഫാദിയ ചുവട് വെച്ച് തുടങ്ങി. വിവാഹിതരാകുന്ന തന്‍റെ സുഹൃത്തുക്കൾക്ക് വേണ്ടി ഇരു നാമങ്ങളും ചേർത്ത് ആദ്യമായി കാലിഗ്രാഫി ഫ്രെയിം സമ്മാനിച്ചു. കൈ നിർമ്മിതികളായ ധാരാളം ആശംസ കാർഡുകളും ഇതിനോടൊപ്പം ഫാദിയ തയ്യാറാക്കി.
പതിയെ പരിശുദ്ധ ഖുർആനിലെ വചനങ്ങളിലേക്ക് അവ കൂടുതൽ വളർന്നു. ഫാദിയക്ക് കൂടുതൽ നിർദ്ദേശങ്ങൾ കൊടുത്ത് നിഴലുപോലെ ഉമ്മയും ഉപ്പയും സഹോദരനും കൂടെ നിന്നു. വിവാഹം കഴിഞ്ഞ് പങ്കാളി ഫഹദും ഫാദിയയുടെ സങ്കല്പത്തിനൊത്ത് കൂടെ നിന്നു. വളരുംതോറും കാർഡുകളിൽ നിന്നും ഫ്രെയിമുകളിൽ നിന്നും വലിയ ക്യാൻവാസിലേക്ക് ഫാദിയ തന്‍റെ പേനയിലെ മഷി കുടഞ്ഞു.
ഇന്ത്യ, യു.എ.ഇ, ഓസ്ട്രേലിയ, യു.കെ, കാനഡ, ഖത്തർ, ഒമാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും ഫാദിയയുടെ കരവിരുതിനെത്തേടി ആളുകളെത്തി. അറബികൾക്കിടയിൽനിന്നും ഫാദിയക്ക് സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഉപഭോക്താക്കളെത്തി. കപ്പിൾ ലോഗോ, ഗിഫ്റ്റ് ഹാംബേഴ്സ്, കസ്റ്റമൈസ്ഡ് ഗിഫ്റ്റ്സ്, സ്ക്രാപ്പ് ബുക്ക്, ഫോൺ കേസ് കാലിഗ്രാഫി, വെഡിങ് ബോഡ്, ബേബി ബോർഡ്, ലൈവ് കാലിഗ്രഫി തുടങ്ങി എണ്ണമറ്റ ഇനങ്ങളിൽ ഫാദിയ കൈയൊപ്പ് ചാർത്തി.തന്‍റെ മാന്ത്രിക വിരലുകളാൽ വേറിട്ട കാലിഗ്രഫി വിസ്മയങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയിലാണ് ഫാദിയ സമദ്. ഭർത്താവ് ഫഹദിനൊപ്പം അബൂദബിയിലാണ് ഫാദിയ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.