ഈ അമ്മ അനുഭവിച്ച വേദന വിവരണാതീതം...
text_fieldsമേപ്പയൂർ: മകനെ കാണാതാവുക, രണ്ടാഴ്ചക്ക് ശേഷം മരിച്ചെന്നറിയുക, വീട്ടുവളപ്പിൽ സംസ്കാരം നടത്തുക, ആഴ്ചകൾക്ക് ശേഷം മരിച്ചത് അവനല്ലെന്ന് തെളിയുക... ഇങ്ങനെ ഒരമ്മയും അനുഭവിക്കാത്ത വേദനയാണ് മേപ്പയൂർ കൂനംവള്ളിക്കാവിലെ വടക്കേടത്ത്കണ്ടി ശ്രീലത ഏഴ് മാസം കൊണ്ട് അനുഭവിച്ച് തീർത്തത്.
മകൻ ദീപക്കിനെ (32) ഗോവയിൽ കണ്ടെത്തിയെന്ന വിവരം കുറച്ചൊന്നുമല്ല ഈ അമ്മയെ സന്തോഷിപ്പിക്കുന്നത്. മകൾ വിവാഹിതയാവുകയും ഭർത്താവ് ബാലകൃഷ്ണൻ നാലുവർഷം മുമ്പ് മരിക്കുകയും ചെയ്തതോടെ ദീപക്കിന് വേണ്ടിയായിരുന്നു ഇവരുടെ ജീവിതം.
2022 ജൂൺ ഏഴിന് വിദേശത്തേക്ക് പോകാനുള്ള രേഖകൾ ശരിയാക്കാൻ എറണാകുളത്തേക്ക് പോയ ശേഷം ദീപക്കിനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. തുടർന്നാണ് ശ്രീലത ജൂൺ 19ന് മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനിടെ ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ട മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.
മകൻ മരിച്ചെന്ന് കരുതി കണ്ണീരൊഴുക്കിയ ദിനരാത്രങ്ങളായിരുന്നു പിന്നീട് ഈ അമ്മക്കുണ്ടായിരുന്നത്. ആഗസ്റ്റ് അഞ്ചിന് വന്ന ഡി.എൻ.എ പരിശോധന ഫലത്തിലാണ് സംസ്കരിച്ച മൃതദേഹം ദീപക്കിന്റേതല്ലെന്ന് മനസ്സിലായത്. ഇത് ഈ അമ്മക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകിയത്.
അങ്ങനെയാണവർ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തത്. ഇതേതുടർന്ന് ദീപക്കിന്റെ തിരോധാനം അന്വേഷിക്കാനായി ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസന്റെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ഡി.ഐ.ജി ചുമതലപ്പെടുത്തുകയായിരുന്നു.
ഈ സംഘത്തിന്റെ അന്വേഷണമാണ് ദീപക്കിനെ വീണ്ടും ഈ അമ്മക്കരികിലേക്ക് എത്തിച്ചത്. പയ്യോളി രജിസ്ട്രാർ ഓഫിസിൽനിന്ന് വിരമിച്ച ഈ അമ്മ അനുഭവിച്ചുതീർത്ത വേദനക്ക് പകരംവെക്കാൻ ഒന്നിനും കഴിയില്ല.
ദീപക്കിനെ ഇന്ന് നാട്ടിലെത്തിക്കും
മേപ്പയൂർ: ഏഴു മാസം മുമ്പ് മേപ്പയൂരിൽനിന്ന് കാണാതായ കൂനംവള്ളിക്കാവിലെ വടക്കേടത്ത്കണ്ടി ദീപക്കിനെ (32) വ്യാഴാഴ്ച രാവിലെ വടകര ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കും. ദീപക്ക് ഗോവയിൽ ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് എസ്.ഐ പി.പി. മോഹനകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിലേക്ക് പോയിരുന്നു. മഡ്ഗോവ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ ബുധനാഴ്ച ക്രൈം ബ്രാഞ്ച് സംഘം ഏറ്റുവാങ്ങി.
ക്രൈം ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗോവ പൊലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. ഇവർ ദീപക്ക് താമസിക്കുന്ന ലോഡ്ജിലെത്തി ചോദ്യം ചെയ്തതോടെയാണ് ദീപക്കാണെന്ന് ഉറപ്പുവരുത്തിയത്. ഇയാളുടെ കൈവശം ആധാർ കാർഡ് ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി.
തിരോധാനത്തിലെ മറ്റ് ദുരൂഹതകളെ കുറിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 2022 ജൂൺ ഏഴിന് മേപ്പയൂരിലെ വീട്ടിൽനിന്ന് വിദേശത്തേക്ക് പോകാനുള്ള രേഖകൾ ശരിയാക്കാൻ എറണാകുളത്തേക്ക് പോയശേഷം ദീപക്കിനെ കുറിച്ച് ഒരുവിവരവും ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.