16 വർഷം മുമ്പ് മരിച്ചെന്ന് അധികൃതർ; ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ വർഷങ്ങളുടെ നിയമപോരാട്ടത്തിൽ മാഡലിൻ
text_fieldsജീവനോടെയുണ്ടെന്നു തെളിയിക്കാനായുളള പോരാട്ടത്തിലാണ് അമേരിക്കൻ സ്വദേശിയായ മിഷേൽ കാർത്തൻ മാഡലിൻ. 16 വർഷങ്ങളായി ഈയൊരു ലക്ഷ്യത്തിനായി മാഡലിൻ പരിശ്രമിക്കുന്നു. 2007ൽ മിഷേൽ കാർത്തൻ മാഡലിൻ മരണപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടു പോവുകയായിരുന്നു. വെബ്സ്റ്റർ സർവ്വകലാശാലയിലെ ബിസിനസ് ടെക്നോളജി വിദ്യാർഥിനിയായിരുന്ന മാഡലിൻ രാജ്യാന്തര ഇന്റേൻഷിപ്പിനായി സാമ്പത്തിക സഹായം ലഭിക്കാനായി ശ്രമിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
മരിച്ച ഒരു വ്യക്തിയുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറിന്‍റെ സ്ഥാനത്ത് മാഡലിന്റെ സോഷ്യൽ സെക്യൂരിറ്റി നമ്പറായിരുന്നു രേഖകളിൽ ഉണ്ടായിരുന്നത്. ഇതോടെ രേഖകളിൽ മാഡലിൻ മരിച്ച വ്യക്തിയായി. ഇത് മാറ്റേണ്ടത് അത്യാവശ്യമായതിനാൽ അവർ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടു. മരണപ്പെട്ടവരുടെ പട്ടികയിലേക്കു മാഡലിന്റെ പേര് ചേർത്ത് കഴിഞ്ഞു എന്നാണ് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ നിന്ന് ലഭിച്ച മറുപടി. പിന്നീട് മരിച്ചവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടാനുള്ള ശ്രമത്തിലായിരുന്നു മാഡലിൻ. ഒടുവിൽ 2019ൽ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനെതിരെ നിയമപരമായി മുന്നോട്ടു നീങ്ങി. എന്നാൽ മരണപ്പെട്ടവരുടെ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെടുകയോ പ്രശ്നം പരിഹരിക്കപ്പെടുകയോ ചെയ്തില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അഡ്മിനിസ്ട്രേഷൻ പറയുന്നത്. മരണപ്പെട്ടവരുടെ പട്ടികയിൽ ഒരു ശതമാനമേ തെറ്റായി രേഖപ്പെടുത്താൻ സാധ്യതയുള്ളൂ. ഇതിന്റെ മൂന്നിലൊന്നു മാത്രമേ തിരുത്താൻ സാധിക്കാറുമുള്ളൂ. അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ട പ്രകാരം സ്കൂൾ റിപ്പോർട്ട് കാർഡും ലൈസൻസും പാസ്പോർട്ട് അടക്കമുള്ള രേഖകളും ജീവനോടെ ഇരിക്കുന്നു എന്ന് അധികാരികളുടെ പക്കൽ നിന്നുള്ള കത്തും മാഡലിൻ സമർപ്പിച്ചു. ഇതുകൊണ്ടൊന്നും മരണപ്പട്ടികയിൽ നിന്നും പുറത്തു വരാൻ മാഡലിന് സാധിച്ചിട്ടില്ല.
2007 മുതൽ തനിക്ക് സാധാരണ ജീവിതം നയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് മാഡലിൻ പറയുന്നത്. ജോലിക്ക് പോകാനോ ലോൺ എടുക്കാനോ വാഹനം വാങ്ങാനോ വോട്ട് ചെയ്യാൻ പോലും ഇവർക്ക് അനുവാദമില്ല. ഇനി എത്രതന്നെ കാത്തിരിക്കേണ്ടി വന്നാലും പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെടാനുള്ള പരിശ്രമവുമായി മുന്നോട്ടു പോകാൻ തന്നെയാണ് മാഡലിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.